ഹാഷിംപുര കൂട്ടക്കൊല ആസൂത്രണം ചെയ്തത് ഉന്നതരെന്നു വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: 1987ല്‍ ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ 42 മുസ്‌ലിം ചെറുപ്പക്കാരെ കൂട്ടക്കൊല ചെയ്ത സംഭവം പൊലിസും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്നു വെളിപ്പെടുത്തല്‍. കൂട്ടക്കൊല നടക്കുമ്പോള്‍ ഹാഷിംപുര സ്ഥിതിചെയ്യുന്ന ഗാസിയാബാദ് പൊലിസ് സൂപ്രണ്ടായിരുന്ന വിഭൂതി നാരായണ്‍ റായ് എഴുതിയ പുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. 'ഹാഷിംപുര: 22 മെയ്' എന്ന റായിയുടെ പുസ്തകം പെന്‍ഗ്വിനാണ് പ്രസിദ്ധീകരിച്ചത്. 1987 മെയ് 22നാണ് കുപ്രസിദ്ധ പ്രൊവിഷനല്‍ ആംഡ് കോണ്‍സ്റ്റാബുലറി(പി.എ.സി) ഹാഷിംപുരയില്‍ കൂട്ടക്കൊല നടത്തിയത്.
കൂട്ടക്കൊല ആസൂത്രണം ചെയ്യാന്‍ മെയ് 21, 22 തിയതികളില്‍ മീററ്റില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നതായി ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നു. യോഗത്തില്‍ സൈന്യത്തിലെ ചില ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തില്‍ വച്ച് പങ്കെടുത്ത ആളുകളെ രണ്ടായി തിരിച്ചു. അതിലൊരു വിഭാഗം കൊല്ലേണ്ട ആളുകളെ കണ്ടെത്തണം. രണ്ടാമത്തെ വിഭാഗം കൊല നടത്തണം. മീററ്റില്‍ നിന്നും ഹാഷിംപുരയില്‍ നിന്നുമായി 600നും 700നും ഇടയില്‍ മുസ്‌ലിംകളെ പി.എ.സി വീട്ടില്‍നിന്നു പിടിച്ചിറക്കി കൊണ്ടുവരികയായിരുന്നുവെന്നും റായ് പറയുന്നു.
കൊല്ലാനായി ഇതില്‍നിന്നു 40- 45 യുവാക്കളെ തിരഞ്ഞെടുത്തു. ഇവരെ പി.എ.സിയുടെ യു.ആര്‍.യു 1493 നമ്പര്‍ ട്രക്കില്‍ കയറ്റി മക്കന്‍പൂര്‍ ഗ്രാമത്തിലുള്ള കനാലിന് അരികെ കൊണ്ടുപോയി. തുടര്‍ന്ന് ഓരോരുത്തരെ തോക്കിനിരയാക്കി കനാലില്‍ തള്ളി. കൊലയാളികള്‍ ആരെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
എന്നാല്‍ മരിക്കാതെ കിടന്നയാളാണ് എന്താണു സംഭവിച്ചതെന്നു സ്ഥലത്തെത്തിയ തന്നോട് വെളിപ്പെടുത്തിയതെന്നും പുസ്തകത്തില്‍ പറയുന്നു. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തു നടന്ന ഏറ്റവും വലിയ പൊലിസ് കൊലയാണ് ഹാഷിംപുരയിലേതെന്നും ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്നു.
സി.ഐ.ഡി അന്വേഷണം ഏറ്റെടുത്തതിന്റെ തുടക്കം മുതല്‍ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. കുറ്റപത്രം സമയത്ത് സമര്‍പ്പിച്ചില്ല. 28 വര്‍ഷത്തിനു ശേഷം തെളിവില്ലാത്തതിനാല്‍ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. അപ്പോഴേക്കും കേസിലെ മുഖ്യപ്രതി സുരേന്ദ്രപാല്‍ സിങ് മരിച്ചിരുന്നു. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ട്രക്ക് പിടിച്ചെടുക്കുകയും ആവശ്യമായ തെളിവ് ശേഖരിക്കുകയും ചെയ്തിരുന്നെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമായിരുന്നുവെന്നു വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ റായ് പറയുന്നു.
സുപ്രിംകോടതി നിര്‍ദേശ പ്രകാരം വിചാരണ ഡല്‍ഹിയിലേക്ക് മാറ്റിയതോടെയാണ് ഈ കേസിനു ജീവന്‍വച്ചത്. 2006ല്‍ 19പേരെ കുറ്റക്കാരാണെന്നു കണ്ടെത്തിയെങ്കിലും അതില്‍ ജീവിച്ചിരിക്കുന്ന 16 പേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി മാര്‍ച്ചില്‍ വിട്ടയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."