മെഡിക്കല്‍ പ്രവേശനം: മെഡിസിറ്റിയിലേക്ക് കെ.എസ്.യു മാര്‍ച്ച്
കൊല്ലം: മെഡിക്കല്‍ പ്രവേശന കമ്മിഷണറുടെ പ്രവേശനം സംബന്ധിച്ച ഉത്തരവ് കാറ്റില്‍പറത്തി പ്രവേശന നടപടികളുമായി മുന്നോട്ടുപോകുന്ന മെഡിസിറ്റി മാനേജ്മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിസിറ്റിയിലേക്കു മാര്‍ച്ച് നടത്തി.
പ്രവേശന കമ്മിഷണറുടെ ഉത്തരവു പ്രകാരം അടക്കേണ്ട തുകയേക്കാള്‍ രണ്ടു ലക്ഷം രൂപ കൂടുതലായി കാണിച്ചാണു മെഡിസിറ്റിയില്‍ ഇപ്പോള്‍ നടക്കുന്ന പ്രവേശനം. ഇല്ലാത്ത അഞ്ചു വര്‍ഷത്തെ ബാങ്ക് ഗ്യാരന്റി ആവശ്യപ്പെട്ടതും ഇന്നലെ പ്രവേശനം നേടാന്‍ വന്ന വിദ്യാര്‍ഥികളെ മടക്കി അയ്ക്കാന്‍ കാരണമായി. മെഡിസിറ്റിയിലേക്കുള്ള മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് സെക്രട്ടറി ആര്.എസ് അബിന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന് അധ്യക്ഷനായി.
കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ സുഹൈല്‍ അന്‍സാരി, ആദര്‍ശ് ഭാര്ഗവന്, കെ.എസ്.യു നേതാക്കളായ സിയാദ്, എസ്.പി അതുല്‍, തൗഫീക്ക്, ആഷിം, വിഷ്ണുപ്രിയ, അമ്മു, ജയരാജ്, ബിച്ചു, സച്ചു, അര്‍ഷാദ് എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്കി.
പ്രവേശന കമ്മിഷണറുടെ ഉത്തരവ് അട്ടിമറിച്ച് മാനേജ്മെന്റ് 24.5 ലക്ഷം വരെയാണ് ആവശ്യപ്പെടുന്നത്. ഇത് മറ്റു 16 മെഡിക്കല്‍ കോളജിലും ഇല്ലാത്തതാണ്.
ഇന്നലെ രക്ഷിതാക്കളും പ്രവേശനം തേടുന്ന വിദ്യാര്‍ഥികളും വിവിധ വിദ്യാര്‍ഥി സംഘടനകളും മെഡിസിറ്റിക്ക് മുന്നില്‍ പ്രതിഷേധിച്ചു. അഡ്മിഷന് പോലും നടത്താന്‍ അനുവദിച്ചില്ല. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയനുള്‍പ്പെടെയുള്ള എട്ടു പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
ആദ്യ അലോട്ട്മെന്റിന്റെ അവസാന ദിനമായ 12ന് മാനേജ്മെന്റ് നയം തിരുത്തി കമ്മിഷണറുടെ ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ശക്തമായ സമരം തുടരുമെന്ന് കെ.എസ്.യു നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."