മലമ്പനിക്കെതിരേ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫിസര്‍
കൊല്ലം: മഴ ശക്തിയാര്‍ജിച്ച സാഹചര്യത്തില്‍ തീരദേശ മേഖലയിലുള്ളവര്‍ മലേറിയക്കെതിരേ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷേര്‍ളി അറിയിച്ചു.
കോര്‍പറേഷന്‍ പരിധിയിലെ പള്ളിത്തോട്ടം, ആശ്രാമം, കടപ്പാക്കട, വാടി, തങ്കശ്ശേരി പ്രദേശങ്ങളില്‍ കൊതുകിന്റെ സാന്ദ്രത കൂടുതലായതിനാല്‍ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
ഒന്നിടവിട്ട ദിവസങ്ങളില്‍ ഉണ്ടാകുന്ന കടുത്ത പനി, തലവേദന, ശക്തമായ വിറയലും കുളിരോടുകൂടിയ പനിയും തുടര്‍ന്ന് വരുന്ന വിയര്‍പ്പും മലമ്പനിയുടെ രോഗലക്ഷണങ്ങളാണ്. രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താനാകും. കൃത്യ സമയത്ത് ചികിത്സ നേടിയില്ലെങ്കില്‍ മരണ കാരണമായേക്കാം. മലമ്പനിക്കുള്ള മരുന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതലുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.
കൊതുകു നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കി ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കണമെന്നും മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചു.
വീടുകളുടെ ടെറസ്, ഫ്രിഡ്ജിന്റെ താഴത്തെ ട്രേ, വാട്ടര്‍ ടാങ്ക്, ചിരട്ടകള്‍, ടയര്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം. സ്വയം ചികിത്സ ഒഴിവാക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണം. കൊതുകു നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിനൊപ്പം പൊതുജനങ്ങളും പങ്കാളികളാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."