എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം കടുപ്പിക്കാം: സമൂഹവ്യാപനത്തിലേക്ക് വലിയതോതില്‍ അടുക്കുന്നു
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ നിര്‍ണ്ണായക ഘട്ടമാണ് ഇപ്പോള്‍ നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാം നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഘട്ടമാണിത്. സമൂഹവ്യാപനത്തിന്റെ വക്കിലെത്തുന്നുവെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിലേക്ക് വലിയതോതില്‍ അടുക്കുന്നു എന്ന് സംശയിക്കേണ്ട സമയമാണിത്.
ഒരു മത്സ്യമാര്‍ക്കറ്റില്‍ ഉണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവന്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് നയിച്ചു. നഗരത്തിന്റെ വിവിധ മേഖലയിലേക്ക് രോഗം എത്തിയിട്ടുണ്ടെന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത്. ആര്യനാടും സമാനമായ സാഹചര്യം നേരിടുന്നു. ഇത് തലസ്ഥാനത്ത് മാത്രമെന്ന് കരുതി മറ്റ് പ്രദേശങ്ങള്‍ ആശ്വസിക്കേണ്ടതില്ല. ചിലയിടത്ത് ഇത്തരം പ്രതിഭാസം കാണുന്നുണ്ട്. കൊച്ചിയിലും സമാന വെല്ലുവിളി നേരിടുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം കടുപ്പിക്കേണ്ട സാഹചര്യമാണ്. സംസ്ഥാനത്തിനാകെ ബാധകമായതാണ് ഇത്. ആരെങ്കിലും ഇതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നുവെന്ന് തോന്നേണ്ടതില്ല.
നിലവിലെ നിയന്ത്രണം സമൂഹത്തെ മൊത്തം കണക്കിലെടുത്ത് രക്ഷയ്ക്ക് വേണ്ടി കൊണ്ടുവന്നതാണ്. അത് കര്‍ശനമായി പാലിക്കണം. രോഗം സമൂഹവ്യാപനത്തിലെത്താന്‍ അധികം സമയം വേണ്ട. പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡിലേക്കെത്താന്‍ അധികം സമയമെടുത്തില്ല. സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കണം. രോഗം ബാധിച്ച പലരുടെയും സമ്പര്‍ക്ക പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാക്കരുത്. വലിയ ആള്‍ക്കൂട്ടം എത്തിപ്പെടുന്ന ഏത് സ്ഥലവും ഒന്നോ രണ്ടോ ആളുകള്‍ രോഗബാധിതരാണെങ്കില്‍ എല്ലാവരെയും അത് ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."