ഓര്‍ക്കുക, ഇന്ത്യയുടെ ഭാവി നിങ്ങളുടെ കൈകളിലാണ്
ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത നിര്‍ണായക തെരഞ്ഞെടുപ്പാണിത്. ഇന്ത്യയുടെ ഭാവി നിര്‍ണയിക്കാനുള്ള തെരഞ്ഞെടുപ്പ്. ഒരര്‍ഥത്തില്‍ ഇന്ത്യയെ വീണ്ടെടുക്കാനുള്ള നിര്‍ണായക പോരാട്ടം. കന്യാകുമാരി മുതല്‍ കശ്മിര്‍ വരെയുള്ള ഇന്ത്യ വെറുമൊരു ഭൂപ്രദേശം മാത്രമല്ല, ലോകം ബഹുമാനിക്കുന്ന മഹത്തായ ആശയത്തിന്റെയും ആദര്‍ശത്തിന്റെയും സംസ്‌കാരത്തിന്റെയും നാടാണ്.
നൂറ്റാണ്ടുകളായി, തലമുറകളായി നവീകരിക്കപ്പെട്ടു രാഷ്ട്രീയ, സാമൂഹിക പരിഷ്‌കരണങ്ങളിലൂടെ വളര്‍ന്ന രാജ്യമാണ് ഇന്ത്യ. ലോകത്ത് ഇന്ത്യക്കു തുല്യമായി മറ്റൊരു രാജ്യമില്ല. ജനാധിപത്യമുള്ള, അഭിപ്രായസ്വാതന്ത്ര്യമുള്ള, ബഹുസ്വരതയുള്ള, വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ അവസരമുള്ള, വിവിധ ജാതി,വര്‍ണ,വര്‍ഗ, ആചാരവിശ്വാസങ്ങള്‍ അനുസരിച്ചു ജീവിക്കാനുള്ള സാഹചര്യമുള്ള രാജ്യമാണിത്.
ഏതു ഭരണാധികാരിക്കെതിരെയും അപ്രിയസത്യം പറയാന്‍ സ്വാതന്ത്ര്യമുള്ള രാജ്യം. വിയോജിപ്പു രേഖപ്പെടുത്താന്‍ കഴിയുന്ന രാജ്യം. ജാതിമത സമൂഹങ്ങള്‍ ഒരുമിച്ച് സഹകരിച്ചു കഴിയുന്ന രാജ്യം. മറ്റു രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന രാജ്യം.
ആ മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും ആശയങ്ങളുടെയും സംസ്‌കാരത്തിന്റെയുമെല്ലാം പ്രതീകമാണ് ഇന്ത്യന്‍ ഭരണഘടന. എല്ലാവര്‍ക്കും തുല്യനീതിയാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. ഭരണഘടനയില്‍ മൗലികാവകാശവും സമത്വവുമുണ്ട്. ഭരണഘടനയ്‌ക്കൊപ്പം കോടതി, തെരഞ്ഞെടുപ്പു കമ്മിഷന്‍ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളും ഇന്ത്യയുടെ മുതല്‍ക്കൂട്ടാണ്.
എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ആര്‍.എസ്.എസിന്റെ പ്രേരണയില്‍ മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ആശയങ്ങളും ആദര്‍ശങ്ങളും ഒന്നൊന്നായി കവര്‍ന്നെടുത്തു. ഇന്ത്യയെന്ന സംസ്‌കാരം പടിപടിയായി ഇല്ലാതാക്കി. ഇനിയൊരിക്കല്‍ക്കൂടി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അംബേദ്ക്കറുടെ ഭരണഘടന ഇന്ത്യയില്‍ ഉണ്ടാവില്ല. പകരം ആര്‍.എസ്.എസിന്റെ ഭരണഘടനയാകും ഉണ്ടാവുക. അതിനാല്‍ വീണ്ടും ബി.ജെ.പി അധികാരത്തിലെത്താതിരിക്കാനുള്ള വെല്ലുവിളി ജനങ്ങള്‍ ഏറ്റെടുക്കണം. അതിനുള്ള സുവര്‍ണാവസരമാണ് ഈ തെരഞ്ഞെടുപ്പ്.
മറ്റേതു സംസ്ഥാനത്തേക്കാളും ബുദ്ധിയുള്ള, പ്രബുദ്ധതയുള്ള ജനങ്ങള്‍ ജീവിക്കുന്ന കേരളത്തിന് ഈ തെരഞ്ഞെടുപ്പു നിര്‍ണായകമാണ്. ആരെ തെരഞ്ഞെടുക്കണമെന്നതു നിസ്സാരമായി കാണരുത്. കൈപ്പിഴ പറ്റിയാല്‍ ഭരണഘടനയും ഭരണഘടനാസ്ഥാപനങ്ങളുമുണ്ടാവില്ല. ബഹുസ്വരതയും സാമൂഹികനീതിയും ഉണ്ടാവില്ല. കേവലം രാഷ്ട്രീയത്തിന്റെ പേരില്‍ സങ്കുചിതമായി ചിന്തിക്കേണ്ട തെരഞ്ഞെടുപ്പല്ല ഇത്. എന്തു വിട്ടുവീഴ്ച ചെയ്തും ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന സര്‍ക്കാരിനെ താഴെയിറക്കണം. മതേതര ഇന്ത്യയെ വീണ്ടെടുക്കണം.
വിരലിലെണ്ണാവുന്ന കോര്‍പറേറ്റുകള്‍ക്കു മാത്രമാണു മോദി ഭരണത്തില്‍ നേട്ടമുണ്ടായത്. ഇത്രമേല്‍ ദാരിദ്ര്യവും പട്ടിണിയും അടുത്തകാലത്തൊന്നും രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചിട്ടില്ല. അസമത്വത്തിന്റെ രാജ്യമായി ഇന്ത്യ മാറി. ജന്മി,മുതലാളി നാടുവാഴികളുടെ ഭരണകാലത്തേക്കാള്‍ അസമത്വമാണ് ഇന്ന്. സമൂഹത്തിലെ എല്ലാവര്‍ക്കും ദുരിതം. നോട്ടുനിരോധനം രാജ്യത്തിന്റെ സമ്പദ്ഘടനയെയും കാര്‍ഷികരംഗത്തെയും തകര്‍ത്തു. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍, കച്ചവടം, കൈത്തൊഴില്‍ മേഖല നാശോന്മുഖമായി.
അഞ്ചുവര്‍ഷം കൊണ്ടു പത്തുകോടി ജനങ്ങള്‍ക്കു തൊഴില്‍ നല്‍കാമായിരുന്നു. ഏറ്റവുമൊടുവിലെ കണക്കനുസരിച്ചു 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണു തൊഴിലില്ലായ്മ. കര്‍ഷക ആത്മഹത്യയില്‍ സര്‍വകാല റെക്കോര്‍ഡ്. കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. തൊഴില്‍ മേഖല ഗുരുതരപ്രശ്‌നം നേരിടുന്നു. സാമുദായിക ധ്രുവീകരണമാണ് മറ്റൊരു ആപത്കരമായ കാര്യം.
ഈ സാഹചര്യത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ മുന്നോട്ടുള്ള പോക്ക് അവസാനിപ്പിച്ചേ തീരൂ. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒന്നാമത്തെ കക്ഷിയായി മാറുന്നത് അപകടകരമാണ്. കോണ്‍ഗ്രസാണ് ഒന്നാമത്തെ കക്ഷിയായി മാറേണ്ടത്. ഇതിന് വേണ്ടി രാഷ്ട്രീയം മറന്ന് കേരളത്തിലെ ജനങ്ങള്‍ വോട്ടു ചെയ്യണം. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രീപോള്‍ സഖ്യമായിരിക്കണം അധികാരത്തില്‍ എത്തേണ്ടത്.
സി.പി.എമ്മിനു മറുപടി പറയാത്തത് രാഹുലിന്റെ വലിപ്പമാണ്. അതിലൂടെ തെറ്റായ സന്ദേശമല്ല അദ്ദേഹം നല്‍കുന്നത്. രാഹുല്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതോടൊപ്പം തന്നെ യു.ഡി.എഫ് എല്ലാ സീറ്റിലും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുകൂടി കൂട്ടിവായിക്കണം. സി.പി.എം എന്തൊക്കെ പറഞ്ഞാലും വയനാട്ടില്‍ അദ്ദേഹം റെക്കോര്‍ഡ് ഭൂരിപക്ഷത്തിനു ജയിക്കും. രാഹുലിന്റെ എതിരാളികള്‍ ദുര്‍ബലരാണ്.
ബി.ജെ.പിക്ക് എതിരെ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിനേ കഴിയൂ. കോണ്‍ഗ്രസ് നയിക്കുന്ന സഖ്യത്തിനേ കഴിയൂ. കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസും സഖ്യവുമാണു ബി.ജെ.പിക്കെതിരേ മല്‍സരിക്കുന്നത്. ഇവിടെ എവിടെയെങ്കിലും സി.പി.എമ്മിന് സഖ്യമുണ്ടോ. പിണറായി സര്‍ക്കാരില്‍ ജെ.ഡി.എസിന് ഒരു മന്ത്രിയുണ്ട്. എന്നിട്ട് സി.പി.എമ്മിനു കര്‍ണാടകയില്‍ ഒരു സീറ്റ് കിട്ടിയോ. ഇതേ സര്‍ക്കാരില്‍ എന്‍.സി.പി അംഗം മുന്‍ മന്ത്രിയായിരുന്നു. എന്നിട്ട് സി.പി.എമ്മിനു മഹാരാഷ്ട്രയില്‍ സീറ്റ് കിട്ടിയോ. ജെ.ഡി.യുവിന്റെ മന്ത്രിയുണ്ട്. എന്നിട്ട് സി.പി.എമ്മിനു ബിഹാറില്‍ സീറ്റ് കിട്ടിയോ.
ബി.ജെ.പിക്കു ശക്തിയുള്ള ഏതെങ്കിലും സംസ്ഥാനത്തു സി.പി.എമ്മിനു സ്ഥാനാര്‍ഥിയുണ്ടോ. ബി.ജെ.പിക്കെതിരേ പോരാടുന്നതു കോണ്‍ഗ്രസാണോ സി.പി.എം ആണോയെന്നു ജനങ്ങള്‍ക്കു ബോധ്യമുണ്ട്. രാജ്യത്തങ്ങോളമിങ്ങോളം രാവും പകലും ഓടിനടന്നു ബി.ജെ.പിക്കെതിരേ നിര്‍ഭയനായും മോദിയെ വെല്ലുവിളിച്ചും സംസാരിക്കുകയാണു രാഹുല്‍ഗാന്ധി. ബി.ജെ.പിക്കെതിരേ പ്രസംഗിക്കാന്‍ പിണറായി എവിടെയാണു പോയത്. ഗുജറാത്തിലോ രാജസ്ഥാനിലോ എന്തിന്, കര്‍ണാടകയില്‍ പോലും പോയിട്ടില്ല. രാഹുലിനെ ഉപദേശിക്കാന്‍ സി.പി.എം വളര്‍ന്നിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ക്കു യാഥാര്‍ഥ്യമറിയാം.
കേരളത്തിലൊഴികെ ശക്തിയില്ലാത്ത, അണികളില്ലാത്ത പാര്‍ട്ടിയാണു സി.പി.എം. ത്രിപുരയില്‍ 30 വര്‍ഷം സി.പി.എം ഭരിച്ചു. എന്നിട്ട് അവിടത്തെ നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേയ്ക്കു പോയില്ലേ. ബംഗാളിലെ സി.പി.എം നേതാക്കളില്‍ പകുതിയും ബി.ജെ.പിയിലേയ്ക്കു മാറി. ബാക്കി പകുതി മറ്റൊരു പാര്‍ട്ടിയിലേയ്ക്കും. കോണ്‍ഗ്രസില്‍ നിന്നു മാത്രമല്ല, സി.പി.എമ്മില്‍ നിന്നും നേതാക്കള്‍ ബി.ജെ.പിയിലേയ്ക്കു പോയിട്ടുണ്ട്. പക്ഷേ, ഒരുകാര്യം ഓര്‍ക്കണം. ബി.ജെ.പിയില്‍ നിന്ന് ഒരുപാടു നേതാക്കള്‍ കോണ്‍ഗ്രസിലേയ്ക്കു വരുന്നുണ്ട്. അവരാരും സി.പി.എമ്മിലേയ്ക്കല്ല പോകുന്നത്.
മതേതര ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് എതിരെനില്‍ക്കുന്ന എല്ലാ മതേതര പാര്‍ട്ടികളുടെയും സഹായം തേടും. ഇടതുപക്ഷം സഹകരിക്കുമെങ്കില്‍ ആ പിന്തുണയും സ്വീകരിക്കും. കോണ്‍ഗ്രസിന് ഒരു മതേതര പാര്‍ട്ടിയോടും തൊട്ടുകൂടായ്മയില്ല. എല്ലാവരോടും ഒരേ സമീപനമാണ്.
രാഹുലിനെ ആക്ഷേപിക്കുന്ന സി.പി.എമ്മിനോട് ഹാ കഷ്ടമെന്നേ പറയാനുള്ളൂ. ബി.ജെ.പിയുടെ വാക്കുകള്‍ കടം വാങ്ങിയാണു ദേശാഭിമാനിയില്‍ രാഹുലിനെതിരേ മുഖപ്രസംഗം എഴുതിയത്. അതു ശരിയായിരുന്നോയെന്ന് അവര്‍ ആത്മപരിശോധന നടത്തട്ടെ. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നീ രണ്ടു രക്തസാക്ഷികളെ ഇന്ത്യയ്ക്കു നല്‍കിയ നെഹ്‌റുകുടുംബത്തിലെ അംഗമാണു രാഹുല്‍ഗാന്ധി. അക്കാര്യം സി.പി.എം മറന്നുപോകരുത്.
ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക സ്ഥിതി മനസിലാക്കിയാണ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം തെരഞ്ഞെടുത്തത്. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്നതു നല്ലതാണെന്ന് ഒരഭിപ്രായം തുടക്കത്തില്‍ ഉയര്‍ന്നിരുന്നു. കേരളത്തിനൊപ്പം കര്‍ണാടകയും തമിഴ്‌നാടും ഈ ആവശ്യം ഉന്നയിച്ചു. അവരുടെ ആവശ്യം കൂടി പരിഗണിച്ചാണ് വയനാട് തന്നെ തെരഞ്ഞെടുത്തത്. വയനാട്ടില്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ സി.പി.എമ്മിനും സി.പി.ഐയ്ക്കും ഗുണമുണ്ട്. രാഹുല്‍ തരംഗത്തില്‍ അവരും രക്ഷപ്പെടും.
വയനാടാണോ അമേത്തിയാണോ നിലനിര്‍ത്തേണ്ടതെന്ന് രാഹുല്‍ തീരുമാനിക്കട്ടെ. അമേത്തിയില്‍ രാഹുല്‍ വന്‍ഭൂരിപക്ഷം നേടും. തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ അതു മനസ്സിലാകും. ബി.ജെ.പി എന്തെല്ലാം ആക്ഷേപങ്ങളാണുയര്‍ത്തുന്നത്. അവരുടെ ഓരോ വിമര്‍ശനത്തിലും രാഹുല്‍ഗാന്ധി വളരുകയാണ്.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഗുണം ചെയ്യും. കാരണം, ശബരിമലയില്‍ സി.പി.എമ്മും ബി.ജെ.പിയും സ്വീകരിച്ച നയം കാപട്യമായിരുന്നു. പ്രളയാനന്തര നടപടികളില്‍ അമ്പേ പരാജയമായപ്പോള്‍ ഉയര്‍ന്ന ജനരോഷത്തില്‍ നിന്നു രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ഉണ്ടാക്കിയതായിരുന്നു ശബരിമല വിഷയം.
സവര്‍ണന്‍, അവര്‍ണന്‍ എന്നൊക്കെ ജനങ്ങളെ വേര്‍തിരിച്ചു. ബി.ജെ.പി എത്രയെത്ര അക്രമങ്ങളാണ് ശബരിമലയില്‍ നടത്തിയത്. അതിന്റെ എന്തെങ്കിലും ആവശ്യം അവര്‍ക്ക് ഉണ്ടായിരുന്നോ. മോദിയല്ലേ കേന്ദ്രം ഭരിച്ചിരുന്നത്. ആ വഴിയിലൂടെ പരിഹാരത്തിന് അവര്‍ക്ക് ശ്രമിക്കാമായിരുന്നു. സുപ്രീംകോടതിയില്‍ അഭിപ്രായം പോലും പറഞ്ഞില്ല.
പ്രളയത്തില്‍ കേരള ജനത ഒറ്റക്കെട്ടായിരുന്നു. ജാതിമതവര്‍ഗ ഭേദമില്ലാതെ സമ്പന്നരും പാവപ്പെട്ടവരും എല്ലാവരും സഹായത്തിനിറങ്ങി. വിദേശ മലയാളികള്‍ കൈ മെയ് മറന്ന് സഹായിച്ചു. പക്ഷെ, പ്രളയ കാലത്തുണ്ടായ ഐക്യം ശബരിമല വിഷയത്തിലൂടെ സര്‍ക്കാര്‍ തകര്‍ത്തു. ശബരിമലയുടെ പേരില്‍ മതില്‍കെട്ടി ആളുകളെ വേര്‍തിരിച്ചു.
എല്ലാ സുപ്രിംകോടതി വിധിയും 24 മണിക്കൂറില്‍ നടപ്പാക്കിയ സര്‍ക്കാരല്ലേ ഇത്. എത്രയോ വിധികള്‍ നടപ്പാക്കാതെ കടലാസില്‍ ഉറങ്ങുന്നു. സര്‍ക്കാരിന് വേണ്ടെങ്കില്‍ വേണ്ട, ദേവസ്വം ബോര്‍ഡിന് അപ്പീല്‍ നല്‍കാമായിരുന്നല്ലോ. അപ്പോഴെല്ലാം കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണ് നിന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് പ്രശ്‌നം പരിഹരിക്കാന്‍ അവസരം ഉണ്ടായിരുന്നു. പക്ഷെ, അവര്‍ അത് ഉപയോഗിച്ചില്ല. പകരം അക്രമവുമായി ഇറങ്ങി.
(തയാറാക്കിയത് - അന്‍സാര്‍ മുഹമ്മദ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."