ഓഗസ്റ്റ് വരെ സ്‌കൂളുകള്‍ തുറക്കാനാവാത്ത സാഹചര്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഗസ്റ്റ് വരെ സ്‌കൂളുകള്‍ തുറക്കാനാവാാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്ഥിതി അനുകൂലമല്ലെങ്കില്‍ ഓണ്‍ലൈന്‍ പഠനം തുടരും. ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടി വിജയപ്രദമായി നടപ്പാക്കാന്‍ സാധിച്ചു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കുട്ടികള്‍ക്കു ലഭ്യമാക്കി. അക്കാര്യത്തില്‍ നാടും നാട്ടുകാരും സ്ഥാപനങ്ങളും വ്യക്തികളും നല്ലനിലയില്‍ സഹായിച്ചു. ഓണ്‍ലൈന്‍ സൗകര്യം ലഭിക്കാത്ത ഏതെങ്കിലും കുട്ടികള്‍ ഇനിയുമുണ്ടെങ്കില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തിയാല്‍ അടിയന്തര പരിഹാരമുഉണ്ടാക്കും. ക്ലാസുമുറിയുടെയോ സ്‌കൂളിന്റെയോ അന്തരീക്ഷം ഓണ്‍ലൈന്‍ ക്ലാസുകളില്‍ ലഭിക്കില്ല. ഇത് ഒരു താല്‍കാലിക സംവിധാനമാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ട് ക്ലാസുകളാരംഭിക്കാന്‍ സജ്ജമായാല്‍ ഒരു നിമിഷം താമസിയാതെ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ 15 ദിവസത്തേക്ക് സ്‌കൂളുകള്‍ അടച്ചിടേണ്ടിവന്നു. ആ ദിവസങ്ങളും ഏപ്രില്‍ മെയ് മാസങ്ങളിലെ അവധി ദിവസങ്ങളുമൊഴിവാക്കിയതിനു ശേഷമുള്ള 39 ദിവസങ്ങള്‍ക്കുള്ള ഭക്ഷ്യഭദ്രതാ അലവന്‍സാണിപ്പോള്‍ കുട്ടികള്‍ക്കു നല്‍കുന്നത്. അരിയും ഒന്‍പതിന പലവ്യഞ്ജനങ്ങളും അടങ്ങുന്നതാണ് കിറ്റുകള്‍.
സ്‌കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ രക്ഷിതാക്കള്‍ വഴിയാണ് കിറ്റുകള്‍ വീട്ടിലെത്തിക്കുക. ജൂണ്‍, ജൂലൈ മാസങ്ങളിലെ കിറ്റുകളും ഇതേ രീതിയില്‍ വിതരണം ചെയ്യും. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."