ഉരുള്‍പൊട്ടല്‍ ഭീതി: ഊര്‍ങ്ങാട്ടിരിയില്‍ പൊലിസിന്റെ ജാഗ്രതാ നിര്‍ദേശം
അരീക്കോട്: ശക്തമായ മഴയും ക്വാറി പ്രവര്‍ത്തനവും മൂലം മലയോര മേഖലയിലെ ജനങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം, വെറ്റിലപ്പാറ, കക്കാടംപൊയില്‍ ഭാഗങ്ങളിലും എടവണ്ണ പഞ്ചായത്തിലെ ചാത്തല്ലൂര്‍ ചോലാര്‍മല പ്രദേശങ്ങളിലും താമസിക്കുന്ന ആദിവാസികളും മലയോര കര്‍ഷക കുടുംബങ്ങളും ഏറെ ഭീതിയിലാണ് കഴിയുന്നത്. ഇവിടെ ഇന്നലെ അരീക്കോട് പൊലിസിന്റെ നേതൃത്വത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
മലവെള്ളപ്പാച്ചിലിലും മറ്റു അപകടങ്ങളിലും പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പൊലിസ് കോളനികളിലുള്ളവര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തിലേറെ ക്വാറികളാണ് ഒരു മലക്ക് ചുറ്റുമായുള്ളത്. കിണറടപ്പിലെ മുള്ളും കാട് മലയുള്‍പ്പെടെ നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലെ കൊടുമ്പുഴ ഫോറസ്റ്റ് പരിധിയില്‍പ്പെട്ട വനഭൂമി ഉള്‍പ്പെടുന്ന മലകളെ കേന്ദ്രീകരിച്ച് നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം വ്യാപകമായതോടെ ഓടക്കയത്ത് മാത്രം ഇരുപതിലേറെ തവണയാണ് ഉരുപൊട്ടല്‍ ഉണ്ടായത്. മഴ ശക്തമായതിനെ തുടര്‍ന്ന് ദുര്‍ബലമായ മലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകുമെന്ന ഭീതിയിലാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മുള്ളുംകാട് ചെക്കുന്ന് മലകള്‍ക്ക് താഴെ താമസിക്കുന്നവര്‍. ഓടക്കയം, വെറ്റിലപ്പാറ, കിണറടപ്പന്‍, പാക്കുളം, തച്ചാംപറമ്പ്, ചൂളാട്ടിപ്പാറ, പൂവത്തിക്കല്‍ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കൃഷിയും വീടും നഷ്ടമായിരുന്നു.
മാങ്കുളം, നെല്ലിയായി, ഈന്തുംപാലി, കൊടുമ്പുഴ, കുരീരി തുടങ്ങിയ ഓടക്കയത്തെ അഞ്ച് ആദിവാസി ഊരുകളിലുള്ളവര്‍ മഴയെത്തിയതോടെ വലിയ ആധിയിലാണ് കഴിയുന്നത്. ഈ കോളനികളിലെല്ലാം മുന്‍പും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. 2007 ലെ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. വെറ്റിലപ്പാറയിലെ ചൈരങ്ങാടും ദുരന്തഭീഷണിയിലാണ്. ഓടക്കയത്ത് ആദിവാസികള്‍ താമസിക്കുന്ന ഭാഗങ്ങളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണന്ന് ആദിവാസികള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."