ഏഴുമാസം: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് സര്‍ക്കാര്‍ നല്‍കിയത് 16 ലക്ഷം
കമ്പനി സ്വപ്നയ്ക്കു നല്‍കിയത് മാസം ഒരു ലക്ഷത്തിലേറെ
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ കുറ്റാരോപിതയായ സ്വപ്ന സുരേഷിന്റെ സേവനത്തിനായി കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് കെ.എസ്.ഐ.ടി.ഐ.എല്‍ പ്രതിമാസം നല്‍കിയത് 2,30,000 രൂപ. ഇതില്‍ ഒരു ലക്ഷത്തിലേറെ രൂപയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ശമ്പളമായി സ്വപ്നയ്ക്ക് കൈമാറിയത്. സ്‌പേസ് പാര്‍ക്കിന്റെ പേരില്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിച്ചായിരുന്നു പത്രപരസ്യമോ അപേക്ഷ ക്ഷണിക്കലോ ഒന്നുമില്ലാതെ സ്വപ്നയെ നിയമിച്ചത്.
ഒക്ടോബര്‍ അവസാനമാണ് സ്വപ്ന ഐ.ടി വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ സ്‌പേസ് പാര്‍ക്കിലെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് അഥവാ പി.എം.യുവില്‍ എത്തുന്നത്.
സ്‌പേസ് കോണ്‍ക്ലേവ് നടത്തുന്നതിന് മാത്രമായി രൂപീകരിച്ചതാണ് ഈ പി.എം.യു. ഇതിലാണ് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തലത്തിലുള്ള ജീവനക്കാരിയായി സ്വപ്ന കയറിക്കൂടുന്നത്. അതും യു.എ.ഇ കോണ്‍സുലേറ്റില്‍നിന്ന് പുറത്തായി ഒന്നരമാസത്തിനകം.
സ്വര്‍ണക്കടത്തു കേസില്‍ പങ്കുണ്ടെന്ന വിവരം പുറത്തുവരുന്ന ദിവസം വരെ ഏഴുമാസം സ്വപ്ന സ്‌പേസ് പാര്‍ക്ക് പി.എം.യുവില്‍ ജോലി ചെയ്തു. ഇതു വരെ പതിനാറ് ലക്ഷം രൂപയാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് കെ.എസ്.ഐ.ടി.ഐ.എല്‍ നല്‍കിയത്.
ജനുവരി 31, ഫെബ്രുവരി ഒന്ന് തിയതികളിലായാണ് കോവളത്ത് സ്‌പേസ് കോണ്‍ക്ലേവ് നടന്നത്. എന്നാല്‍ ഇതുവരെയും കോണ്‍ക്ലേവിനായി രൂപീകരിച്ച പി.എം.യു പിരിച്ചുവിട്ടിട്ടില്ല, സ്വപ്ന ജോലിയില്‍ തുടരുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."