സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിനോട് നിസ്സഹകരിച്ച് വകുപ്പുകള്‍
സ്വന്തം ലേഖകന്‍
മലപ്പുറം: മുസ്‌ലിംകളുള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വിസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകളുടെ പശ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് സഹകരിക്കാതെ വിവിധ സര്‍ക്കാര്‍, പൊതുമേഖലാ വകുപ്പുകള്‍. ഓരോ വകുപ്പിലുമുള്ള ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനായി പിന്നോക്ക വികസന കമ്മിഷന്‍ തുടങ്ങിയ പോര്‍ട്ടലിനോട് മിക്ക വകുപ്പുകളും അകലം പാലിച്ചിരിക്കുകയാണ്.
2018 ജൂലൈ 31ന് മുന്‍പായി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണമെന്നായിരുന്നു മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാരസമിതി വകുപ്പുകള്‍ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ നാമമാത്ര വകുപ്പുകള്‍ മാത്രമാണ് വിവരങ്ങള്‍ തയാറാക്കിയതെന്ന് മലപ്പറം പൈത്തിനിപ്പറമ്പ് സ്വദേശി അബൂബക്കര്‍ വിവരാവകാശപ്രകാരം നല്‍കിയ ചോദ്യത്തിന് പിന്നോക്ക വികസനവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.എന്‍ സുരേഷ്‌കുമാര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നീക്കുന്നതിനുമായാണ് ഉന്നതാധികാരസമിതി രൂപീകരിച്ചത്. എത്ര ഒഴിവുകള്‍ ഉണ്ടെന്നു വിശദീകരിക്കണമെന്നാവശ്യപ്പെട്ട് സമിതിയാണ് ഓരോ വകുപ്പിനും നിര്‍ദേശം നല്‍കിയത്. ആകെയുള്ള 93 സര്‍ക്കാര്‍ വകുപ്പുകളില്‍ 10 സ്ഥാപനങ്ങള്‍ മാത്രമാണ് ഡാറ്റാഎന്‍ഡ്രി നടപടികള്‍ പൂര്‍ത്തിയാക്കിയത്. 13 സ്ഥാപനങ്ങള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 70 സ്ഥാപനങ്ങള്‍ നടപടികള്‍ തുടങ്ങിവച്ചിട്ടുമുണ്ട്.
എന്നാല്‍, ഇക്കാര്യത്തില്‍ ആകെയുള്ള 382 അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭാരണസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതികരണമാണ് ഏറെ ദയനീയം. 218 സ്ഥാപനങ്ങള്‍ ഡാറ്റാ എന്‍ഡ്രി നടപടികള്‍ തുടങ്ങിയിട്ടു പോലമില്ല. 14 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ നോഡല്‍ ഓഫിസറെ നിയമിച്ചിട്ടുമില്ല. വിഷയത്തില്‍ ഇതുവരെ രണ്ടുതവണയാണ് ഉന്നതാധികാരസമിതി യോഗം ചേര്‍ന്നത്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് അവസാന യോഗം. ഇതിലേക്ക് എല്ലാ സ്ഥാപനങ്ങളുടെയും പ്രതിനിധികളെയും വിളിച്ചിരുന്നുവെങ്കിലും നോഡല്‍ ഓഫിസര്‍മാരെ നിയമിക്കാത്തതിനാല്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് പ്രാതിനിധ്യവും ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."