മലമ്പ്രദേശത്തുകാരുടെ ദാഹമകറ്റിയിരുന്ന കാട്ടുചോലകള്‍ വറ്റിവരണ്ടു
വടക്കഞ്ചേരി: മലമ്പ്രദേശത്തുകാരുടെ ദാഹമകറ്റിയിരുന്ന കാട്ടുചോലകളെല്ലാം വറ്റിവരണ്ടു. ശമനമില്ലാതെ ചൂടുതുടരുന്നത് മലയോരമേഖലയിലെ ജീവിതവും ദുരിതപൂര്‍ണമാക്കുകയാണ്. പാറയിടുക്കുകളില്‍നിന്നും മലകള്‍ക്കിടയിലുള്ള ഉറവകളില്‍നിന്നും ഹോസ് വഴി എത്തിച്ചിരുന്ന വെള്ളവും കുറഞ്ഞതാണ് മലയോരവാസികളെ ദുരിതത്തിലാക്കുന്നത്. വെള്ളംവറ്റുന്ന ഉറവകളില്‍നിന്നും ഇടയ്ക്കിടെ ഹോസ്മാറ്റി പുതിയ ഉറവ കണ്ടെത്തി ഹോസ് സ്ഥാപിച്ചാണ് ദൂരസ്ഥലങ്ങളിലെ മലകളില്‍നിന്നുള്ള വെള്ളം താഴെയെത്തിക്കുന്നത്. കടുത്ത ജലക്ഷാമംമൂലം വനത്തിനുള്ളിലുള്ള തളികകല്ലിലെ ആദിവാസികുടുംബങ്ങളെല്ലാം ഇപ്പോള്‍ ഉള്‍ക്കാടുകളിലേക്ക് താമസം മാറ്റി.
ചാലക്കുടി പുഴയ്ക്ക് തുടക്കംകുറിക്കുന്ന കാരപ്പാറ പുഴയുടെ തീരങ്ങളിലാണ് കുട്ടികളുമായി ആദിവാസികള്‍ കഴിയുന്നത്. ആന, പോത്ത് ഉള്‍പ്പെടെ കാട്ടുമൃഗങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളാണ് ഇവിടെയെല്ലാം. രാത്രികാലങ്ങളില്‍ വലിയ പാറക്കൂട്ടങ്ങള്‍ക്കു ചുറ്റും തീയിട്ട് സംരക്ഷണം ഉറപ്പാക്കിയാണ് ഇവര്‍ കഴിയുന്നത്. ഇനി മഴ പെയ്ത് തളികകല്ല്, തിപ്പിലിക്കയം തോട്ടിലെല്ലാം വെള്ളമാകുംവരെ ഇവര്‍ ഉള്‍ക്കാടുകളിലാകും. തളികകല്ലിലെ 54 കുടുംബങ്ങളില്‍ ഭൂരിഭാഗം കുടുംബങ്ങളും ഉള്‍വനത്തിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."