തളിര് കര്‍മ്മപദ്ധതി: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വാളികോട് ഏലാ കതിരണിയുന്നു
വെള്ളറട: കുട്ടികളുടെ നാടന്‍പ്പാട്ടിന്റെ താളത്തിനൊപ്പം എം.എല്‍.എ സി.കെ ഹരീന്ദ്രനും നാട്ടുകാരും കുട്ടികളും കൃഷിക്കാരും വാളികോട് ഏലയിലെ നെല്‍കൃഷി നടീല്‍ ഉത്സവമാക്കി. രണ്ടര ഏക്കറിലാണ് ഇവിടെ നെല്‍ക്കൃഷി ചെയ്യുന്നത്. പാറശ്ശാല നിയോജക മണ്ഡലം സമ്പൂര്‍ണ തരിശുനിര്‍മാര്‍ജന ജൈവ കാര്‍ഷിക കര്‍മപരിപാടിയുടെ ഭാഗമായാണ് ഒറ്റശേഖരമംഗലം പഞ്ചായത്തിലെ വാളികോട് ഏലായില്‍ നടീല്‍ ഉത്സവം സംഘടിപ്പിച്ചത്.
പാറശാല നിയോജക മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന സമ്പൂര്‍ണ തരിശ് നിര്‍മാര്‍ജന ജൈവകാര്‍ഷിക കര്‍മ പദ്ധതിയാണ് 'തളിര് ' തരിശ്ഭൂമി കണ്ടെത്തുക, അവിടെ കര്‍ഷകരുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ അനുയോജ്യമായ കൃഷി തീരുമാനിക്കുക. കൃഷിവകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും, സഹായത്തോടെ കൃഷിക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുക, ജനകീയ പങ്കാളിത്തത്തോടെ താഴേത്തട്ടുമുതല്‍ ഇത് നടപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
തരിശ് നിലത്തില്‍ കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 30,000 രൂപ സര്‍ക്കാരില്‍ നിന്ന് ലഭിക്കും. ഇത് കൂടാതെ നെല്‍കൃഷിയ്ക്ക് കേദാരം പദ്ധതിയിലൂടെ 37000 രൂപയും നല്‍കും. തളിര്‍ കര്‍മപദ്ധതിയുടെ ഭാഗമായി പാറശ്ശാല മണ്ഡലത്തിലെ ഒരോ പഞ്ചായത്തില്‍ നിന്നും 20 പുരുഷന്മാരും 10 സ്ത്രീകളും അടങ്ങുന്ന സംഘത്തിന് കൃഷി യന്ത്രങ്ങള്‍ ഉപയോഗിക്കാനുള്ള പരീശീലനവും നല്‍കുന്നുണ്ട്. തരിശിടങ്ങള്‍ കൃഷിയോഗ്യമാക്കുനതിന് വേണ്ടിയുള്ള യന്ത്രങ്ങളും പരിശീലനവും നല്‍കുന്നതിന് റിസര്‍ച്ച് ടെസ്റ്റിങ് ആന്‍ഡ് ട്രെയിനിങ് സെന്റര്‍ (ആര്‍.ടി.ടി.സി) ന് ചുമതല നല്‍കിയിട്ടുണ്ടെന്നും 'തളിര് ' കര്‍മ്മപദ്ധതിയുടെ ഭാഗമായി പാറശ്ശാല നിയോജകമണ്ഡലത്തിലെ മുഴുവന്‍ തരിശിടങ്ങളും കൃഷിയോഗ്യമാക്കുമെന്നും സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. വാളികോട് ഏലായില്‍ നടന്ന നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റശേഖമംഗലം പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയിസ്, പഞ്ചായത്ത് പ്രതിനിധികള്‍, ആര്യങ്കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി. വിനയചന്ദ്രന്‍, തളിര് കോഡിനേറ്റര്‍ അജിത് സിങ്, ഒറ്റശേഖരമംഗലം കൃഷി ഓഫിസര്‍ സുധീന്ദ്ര വൈ.എസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."