വള്ളം തിരയില്‍പെട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടു
കരുനാഗപ്പള്ളി: അഴീക്കല്‍ ഹാര്‍ബറില്‍നിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം തിരയില്‍പെട്ടു മറിഞ്ഞു. രണ്ട് മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശ്രായിക്കാട് തുമ്പി നിവാസില്‍ ദിനകരന് (52), മകന് നിഥിന് (25) എന്നിവരാണു രക്ഷപ്പെട്ടത്.
വള്ളം രണ്ടായി മുറിയുകയും വള്ളത്തില്‍ ഘടിപ്പിച്ചിരുന്ന എന്ജിന് തിരയില്‍പെടുകയും ചെയ്തു. ഇന്നലെ രാവിലെ ആറിനു ഹാര്‍ബറില്‍ നിന്നു പുറപ്പെട്ട തൃക്കൊടി എന്ന ഫൈബര്‍ വള്ളം ഒരു നോട്ടിക്കല്‍ മൈല്‍ പിന്നിട്ടപ്പോള്‍ കൂറ്റന്‍ തിരമാലയില്‍പെട്ടാണ് അപകടമുണ്ടായത്.
ഉടന്‍ ചെറിയഴീക്കല്‍ കൂട്ടുകാരന് എന്ന വള്ളത്തില്‍ മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന മണികണ്ഠന്, സുജിത്ത്, രഞ്ജിത്ത്, വിജയകുമാര്‍, ജയകുമാര്‍ എന്നിവരും വിവരമറിഞ്ഞെത്തിയ കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.
നിഥിന്റെ വലതുകൈക്കും ദിനകരന്റെ നട്ടെല്ലിന്റെ ഭാഗത്തുമാണു പരുക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളത്തില്‍ സൂക്ഷിച്ചിരുന്ന ഇന്‍ഷുറന്‍സ് രേഖകളും നഷ്ടപ്പെട്ടതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വലിയവള്ളങ്ങളില് നിന്നുള്ള മത്സ്യങ്ങള്‍ ഇവരുടെ വള്ളത്തില്‍ കരയ്ക്കെത്തിക്കാനായാണ് പുറപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."