ഹാജി കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അന്തരിച്ചു
ചേലേമ്പ്ര: പ്രമുഖ പണ്ഡിതനും വാഗ്മിയും ചേലേമ്പ്ര കുരുവാങ്ങോത്ത് മന്ഹജുര്‍റശാദ് ഇസ്‌ലാമിക് കോളേജ് സ്ഥാപകനുമായ അബ്ദുല്‍ ഖാദര്‍ ഹാജി (85) അന്തരിച്ചു. കോഴിക്കോട് ജില്ലാ സുന്നി യുവജന സംഘം മുന്‍ പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തിരുരങ്ങാടി താലൂക്ക് മുന്‍ വൈസ് പ്രസിഡന്റുമായ ഇദ്ദേഹം മത പണ്ഡിതനും മികച്ച സംഘാടകനുമായിരുന്നു.
മലപ്പുറം തിരൂരിനടുത്ത അരീക്കാട് മഹല്ലില്‍ 60 വര്‍ഷം ഖാളിയായിരുന്ന കക്കാട്ടേരി മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെയും താനാളൂര്‍ ബിയുട്ടി ഉമ്മയുടെയും മകനായിട്ടാണ് ജനനം. പണ്ഡിതനും ഉജ്ജ്വല മതപ്രഭാഷകനുമായിരുന്ന അരീക്കാട് അബ്ദുറഹിമാന്‍ മുസ്‌ലിയാരുടെയും കക്കാട്ടേരി മുഹമ്മദ് മുസ്‌ലിയാരുടെയും ഇളയ സഹോദരനാണിദ്ദേഹം. ഫാത്തിമ ഹജ്ജുമ്മ, സമസ്തയുടെ ഉപാധ്യക്ഷനായ മര്‍ഹൂം സി.എച്ച് ഹൈദ്രൂസ് മുസ്ലിയാരുടെ പത്‌നി കുഞ്ഞായിശ ഹജ്ജുമ്മ എന്നിവരാണ് സഹോദരിമാര്‍.
തലക്കടത്തൂര്‍ ദര്‍സില്‍ നിന്നാണ് അബ്ദുല്‍ ഖാദര്‍ ഹാജി മതപഠനം ആരംഭിക്കുന്നത്. പതിനൊന്ന് വര്‍ഷത്തെ ദര്‍സ് പഠനശേഷം 1961 ല്‍ ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് രാമനാട്ടുകര ചെമ്മലില്‍ മഹല്ലില്‍ മുദരിസ്സും ഖാളിയും ഖത്തീബുമായി നിയമിതനായി. കുറഞ്ഞ കാലം കരുവാരകുണ്ട് തരിശിലും കോടോമ്പുഴയിലും മുദരിസായിട്ടുണ്ട്. 1970 ലാണ് ചേലേമ്പ്ര കുരുവങ്ങോത്തു മഹല്ലില്‍ ഖാളിയും മുദരിസും മഹല്ല് പ്രസിഡണ്ടുമായി എത്തുന്നത്. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് അംഗം, മന്ഹജുറശാദ് ഇസ്‌ലാമിക് കോളജ് പ്രിന്‍സിപ്പാള്‍ തുടങ്ങിയ പദവികളും വഹിച്ച ഇദ്ദേഹം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
പൊന്മള മൊയ്ദീന്‍ മുസ്ലിയാര്‍, ഒ.കെ സൈനുദ്ധീന്‍ കുട്ടി മുസ്ലിയാര്‍, സമസ്ത മുന്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ അസ്ഹരി തങ്ങള്‍, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, നെല്ലിക്കുത്തു ബാപ്പുട്ടി മുസ്ലിയാര്‍ തുടങ്ങിയവരാണ് പ്രധാന ഉസ്താദുമാര്‍. പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍, വടുതല മൂസ മുസ്ലിയാര്‍, തൊഴിയൂര്‍ കുഞ്ഞഹമ്മദ് മുസ്ലിയാര്‍, കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സഹപാഠികളായിരുന്നു.
ഭാര്യ: ബീഫാത്തിമ ഹജ്ജുമ്മ. മക്കള്‍: ഉമ്മുകുല്‍സു, സൈനബ, സുബൈദ, ഹലീമ, അബ്ദുറഹ്മാന്‍, ആമിന, സുഹ്റ. മരുമക്കള്‍: പഴേരി കുഞ്ഞിമുഹമ്മദ് കൊണ്ടോട്ടി, അബ്ദുസ്സമദ് ചേറൂര്, മുഹമ്മദ് കുട്ടി ഫൈസി താനാളൂര്, ഡോ. അബ്ദുസലാം സല്‍മാനി ഒഴുകൂര്‍, അബ്ദുല്‍ ജബ്ബാര്‍ പനങ്ങാങ്ങര, ഷാഹിദ ചാലിപ്പറമ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."