നിരവധി മാറ്റങ്ങള്‍ വരുത്തി രാജാവിന്റെ പുതിയ ഉത്തരവുകള്‍
ജിദ്ദ: സഊദിയില്‍ ഭരണതലത്തില്‍ നടത്തിയ അഴിച്ചുപണിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സ്‌കൂളുകളിലും കോളജുകളിലും റംസാന്‍ മാസത്തിനു മുമ്പായി വാര്‍ഷിക പരീക്ഷ പൂര്‍ത്തിയാക്കാനും രാജാവ് നിര്‍ദേശം നല്‍കി. ഈ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറില്‍ മാറ്റം വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവിശ്യാ മന്ത്രാലയ ശാഖകള്‍ക്കും മേഖലാ വിദ്യാഭ്യാസ വകുപ്പുകള്‍ക്കും വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അല്‍ഈസ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഈ നിര്‍ദേശമുള്ളത്. ഇതിനായി ദിവസവും 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പിരീയഡ് അധികമായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
കൂടാതെ, ഈ അധ്യയന വര്‍ഷത്തില്‍ നടപ്പാക്കാനിരുന്ന പരിശീലന കോഴ്‌സുകളും മീറ്റിംഗുകളും ശില്‍പശാലകളും അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലേക്ക് മാറ്റിവെക്കാനും നിര്‍ദേശമുണ്ട്. പുനഃക്രമീകരിച്ച കലണ്ടര്‍ പ്രകാരം റംസാനിന് മുമ്പ് നടത്തേണ്ട കുട്ടികളുടെ മുഴുവന്‍ പാഠ്യപ്രവര്‍ത്തനങ്ങളും സ്‌കൂള്‍ അവധിക്ക് ശേഷമാണ് നടത്തേണ്ടത്. സമയക്കുറവ് മൂലം പഠന പുരോഗതി വിലയിരുത്തുന്നതിനുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നീട്ടിവെക്കേണ്ടിവരുമെന്നും സര്‍ക്കുലര്‍ പ്രതിപാദിക്കുന്നു. രാജവിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാഠ്യ, ഭരണ വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പ് ഓഫീസുകള്‍ക്കും മെയ് 25 മുതല്‍ അവധി തുടങ്ങും. ബലി പെരുന്നാള്‍ കഴിഞ്ഞ് സെപ്തംബര്‍ പതിനാണ് അധ്യയനം പുനരാരംഭിക്കുക.
ഇതിനു പുറമെ മന്ത്രിമാരെയും ഗവര്‍ണര്‍മാരെയും മാറ്റുന്നു. ഇതിനിടെ സര്‍ക്കാര്‍ ജീവനക്കാരുടേയും സൈനികരുടേയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് പുനസ്ഥാപിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടേയും വെട്ടിക്കുറച്ച ശമ്പളവും മറ്റു ആനുകൂല്യങ്ങളും പുനസ്ഥാപിക്കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി ഏഴു മാസം മുമ്പാണ് പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത്. പ്രവിശ്യാ ഗവര്‍ണര്‍മാരിലും മന്ത്രിസഭയിലും കാര്യമായ അഴിച്ചുപണി നടത്തി. പുതിയ ഊര്‍ജ മന്ത്രിയായി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനെ നിയമിച്ചു.സാംസ്‌കാരിക മന്ത്രി ആദില്‍ അല്‍ തുറയ്ഫിയെ മാറ്റി പകരം അവാദ് അല്‍ അവാദിനെ നിയമിച്ചു. വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ സുവൈലിനെ മാറ്റി പകരം മുഹമ്മദ് അല്‍ സവാഹയെ നിയമിച്ചു. സിവില്‍ സര്‍വീസ് മന്ത്രിയായിരുന്ന ഖാലിദ് അല്‍ അറാജിനെയും തല്‍സ്ഥാനത്ത് നിന്നും മാറ്റി. ഇസ്സാം ബിന്‍ സഈദ് ആണ് പുതിയ മന്ത്രി. ഹായില്‍ ഗവര്‍ണര്‍ ആയിരുന്ന പ്രിന്‍സ് സൌദ് ബിന്‍ അബ്ദുല്‍ മുഹ്‌സിനെ മാറ്റി പകരം പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സആദിനെ നിയമിച്ചു.
പ്രിന്‍സ് മുഷാരി ബിന്‍ സൗദിനെ അല്‍ ബാഹ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും മാറ്റി. പ്രിന്‍സ് ഹുസ്സാം ബിന്‍ സൗദ് ആണ് പുതിയ അല്‍ ബാഹ ഗവര്‍ണര്‍. സഊദിയുടെ വടക്കന്‍ അതിര്‍ത്തി അമീര്‍ ആയിരുന്ന പ്രിന്‍സ് മിശാല്‍ ബിന്‍ അബ്ദുള്ള ബിന്‍ മുസാഅദിനെ മാറ്റി പകരം പ്രിന്‍സ് ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താനെ നിയമിച്ചു. വിവിധ പ്രവിശ്യകളില്‍ ഡെപ്യൂട്ടി അമീറുമാരെയും ചില വകുപ്പുകളില്‍ സഹ മന്ത്രിമാരെയും പുതുതായി നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."