മഞ്ചേരി മെഡിക്കല്‍ കോളജ് ടീം എം.സി.ഐ വെരി ഹാപ്പി!
മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) സംഘം നടത്തിയ പരിശോധന അനുകൂലമെന്ന് സൂചന. ശനിയാഴ്ച മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച ഡോ. മാണിക് ചാറ്റര്‍ജി, ഡോ. രമേഷ് വര്‍ധ, ഡോ. ചെതലവട ഉഷാറാണി എന്നിവരടങ്ങിയ സംഘം കോളജിന് അംഗീകാരം ലഭിക്കാന്‍ സഹായകമായ രീതിയില്‍തന്നെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും കാര്യമായ അതൃപ്തിയൊന്നും കോളജിനെ കുറിച്ച് എം.സി.ഐ സംഘത്തിനില്ലെന്നും പ്രിന്‍സിപ്പല്‍ ഡോ. എം.പി ശശി പറഞ്ഞു.
ആശുപത്രിയിലെ കെട്ടിട സൗകര്യങ്ങളും ഒ.പിയിലടക്കമുളള ചികിത്സാ ക്രമീകരണങ്ങളും പഠനസൗകര്യങ്ങളുമാണ് സംഘം വിശദമായി പരിശോധിച്ചത്. വിദ്യാര്‍ഥികളുടേയും അധ്യാപകരടക്കമുള്ള ജീവനക്കാരുടേയും താമസസൗകര്യങ്ങളും എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലുള്ളവര്‍ക്കേര്‍പ്പെടുത്തിയ ഹൗസ് സര്‍ജന്‍സി സൗകര്യങ്ങളും സംഘം വിലയിരുത്തി. ഇതില്‍ കെട്ടിടങ്ങളുടെ കുറവായിരുന്നു അംഗീകാരത്തിന് തടസമായത്. എന്നാല്‍ ഈ വര്‍ഷം എം.ബി.ബി.എസിന് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനാനുമതി നല്‍കിയത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അംഗീകാരത്തിന് തടസമാകുന്ന കെട്ടിടങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ തിരക്കിട്ട ശ്രമങ്ങളാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാറും അഡ്വ. എം. ഉമ്മര്‍ എം.എല്‍.എയും പ്രത്യേക ശ്രദ്ധയാണ് മെഡിക്കല്‍ കോളജിന്റെ അംഗീകാരം സംബന്ധിച്ച് ചെലുത്തുന്നത്. മെഡിക്കല്‍ കോളജ് കം ക്വാര്‍ട്ടേഴ്‌സ് സമുച്ചയങ്ങളുടെ നിര്‍മാണം ഒരു മാസത്തിനകം ആരംഭിക്കും. ഇതിന് സര്‍ക്കാറില്‍നിന്നുള്ള അനുമതി ഉടന്‍ ലഭിക്കുമെന്നാണ് കരുതുന്നത്. 66.3 കോടി രൂപ ചെലവില്‍ ആറ് കെട്ടിടങ്ങളാണ് നിര്‍മിക്കുക. എം.സി.ഐയുടെ നിര്‍ദേശപ്രകാരമുള്ള ഭൗതിക സൗകര്യങ്ങളോട് കൂടിയുള്ള കെട്ടിടങ്ങളാണ് ഒരുക്കുന്നത്. ശില്‍പ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല. നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒന്നര വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാറിന്റെ നിര്‍ദേശം.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റലുകള്‍, അധ്യാപക അനധ്യാപക ക്വാര്‍ട്ടേഴ്‌സുകള്‍, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 500 വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമുണ്ടാകും. അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഉണ്ടാകും. വിദ്യാര്‍ഥികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ രണ്ടു നിലകളിലായി നൂറോളം രോഗികള്‍ക്ക് കിടത്തി ചികിത്സക്കുളള സൗകര്യം ഒരുക്കാനാകും.
നൂതന ചികിത്സാ ഉപകരണങ്ങളും സംവിധാനങ്ങളും ഇതിനകം തന്നെ ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."