വൃദ്ധദമ്പതികള്‍ക്ക് തണല്‍ വിരിച്ച് ഗാന്ധിഭവന്
പത്തനാപുരം: സച്ചിദാനന്ദനും സരസമ്മയും ഇനി ഒറ്റയ്ക്കല്ല, ഏകാന്തതയുടെ തടവറയില്‍ നിന്നും അവര്‍ക്ക് തണലായി ഇനി ഗാന്ധിഭനുണ്ട്. രോഗവും വാര്‍ധക്യവും തളര്‍ത്തിയ ആറന്മുള പഞ്ചായത്തിലെ കോട്ടപ്പീടിക കിഴക്കതില്‍ വി.എന്‍ സച്ചിദാനന്ദന്(85), സരസമ്മ(75) ദമ്പതികള്‍ക്കാണ് ഗാന്ധിഭവന് അഭയം നല്‍കിയത്. സച്ചിദാനന്ദന്റെ കണ്ണുകള്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ട അവസ്ഥയിലാണ്. സരസമ്മയ്ക്കാവട്ടെ ഓര്മ്മശകതിയുമില്ല. മക്കളില്ലാത്ത ദുഃഖത്തില്‍ കഴിഞ്ഞിരുന്ന ഈ ദമ്പതികളെ ഏകാന്തതയോടൊപ്പം രോഗങ്ങളും പിടിമുറുക്കിത്തുടങ്ങിയതോടെ സരസമ്മയുടെ മാനസികനിലയും തെറ്റി. പരിചയക്കാരെ ശബ്ദം കൊണ്ട് മാത്രം തിരിച്ചറിഞ്ഞിരുന്ന സച്ചിദാനന്ദന് മാനസിക രോഗിയായ ഭാര്യയോടൊപ്പം വീട്ടില്‍ ഒറ്റയ്ക്കു കഴിയുകയായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി അയല്‍ക്കാരും മനുഷ്യസ്നേഹികളും നല്കുന്ന ഭക്ഷണം കൊണ്ട് മാത്രമാണ് ഇവര്‍ ജീവന് നിലനിര്‍ത്തിയിരുന്നത്. സച്ചിദാനന്ദനും സരസമ്മയ്ക്കും സഹോദരങ്ങള്‍ ഉണ്ടെങ്കിലും ഇവരെ സംരക്ഷിക്കാന്‍ ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് ഈ ദമ്പതികളെ ഗാന്ധിഭവന് ഏറ്റെടുത്തത്. വീണാ ജോര്‍ജ്ജ് എം.എല്‍.എ, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമന്, മെമ്പര്‍ എസ്.വി ശ്രീകുമാര്‍ എന്നിവരുടെ ശുപാര്ശയിന്മേല് സാമൂഹ്യപ്രവര്‍ത്തകരായ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ആര് രാജപ്പന്, പി.കെ ശശിധരന്, വിശ്വപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ ഗാന്ധിഭവനില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."