കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി; 5.6 ലക്ഷം രൂപയുടെ ചെക്കുകള്‍ വിതരണംചെയ്തു
ശാസ്താംകോട്ട: ജില്ലാ കലക്ടര്‍ കുന്നത്തൂര്‍ താലൂക്കില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ 674 പുതിയ പരാതികള്‍ ലഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനായി നേരത്തെ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ 34 പേര്‍ക്ക് ചികിത്സാധനസഹായമായി 5,62,900 രൂപയുടെ ചെക്കുകള്‍ ശാസ്താംകോട്ട മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയോടനുബന്ധിച്ച് വിതരണംചെയ്തു.
രാവിലെ പത്തിന് ആരംഭിച്ച ജനസമ്പര്‍ക്ക പരിപാടി വൈകുന്നേരം 4.30വരെ നീണ്ടു. പുതിയ പരാതികള്‍ നേരിട്ട് സ്വീകരിച്ച കലക്ടര്‍ പരാതിക്കാരോട് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞശേഷം തുടര്‍ നടപടികള്‍ക്കായി അതത് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പുതിയതായി ലഭിച്ച പരാതികളില്‍ 249 എണ്ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനുവേണ്ടിയാണ്. 425 പരാതികള്‍ മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവയാണ്.
റീസര്‍വേ സംബന്ധമായ നാലു കേസുകള്‍ പരിപാടിയില്‍ പരിഹരിച്ചു. രണ്ടു പേരുടെ ആധാര്‍ രജിസ്‌ട്രേഷന്‍ നിര്‍വഹിച്ചു. വിവിധ വകുപ്പുകളില്‍നിന്നുള്ള 170 ഓളം ജീവനക്കാര്‍ ജസനമ്പര്‍ക്ക പരിപാടിയുടെ നടത്തിപ്പില്‍ പങ്കുചേര്‍ന്നു. പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു.
സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം ഐ അബ്ദുല്‍സലാം, ഡെപ്യൂട്ടി കലക്ടര്‍ വര്‍ഗീസ് പണിക്കര്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ അനില്‍കുമാര്‍, കുന്നത്തൂര്‍ തഹസീല്‍ദാര്‍ എഫ് റോയ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."