പൂന്തുറയില്‍ സ്ഥിതി ഗുരുതരം: പ്രതിഷേധങ്ങള്‍ ആശങ്ക ജനിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: പൂന്തുറയില്‍ സ്ഥിതി സങ്കീര്‍ണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആറാം തീയതി മുതല്‍ നടന്ന പരിശോധനയില്‍ 243 പേര്‍ പോസിറ്റീവായി. പ്രായം ചെന്ന 500 ല്‍ അധികം പേര്‍ പ്രദേശത്തുണ്ട്. അതില്‍ തന്നെ എഴുപത് വയസിന് മുകളില്‍ പ്രായമുള്ള ഇരുന്നൂറിലധികം പേരുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ നിന്നും ഇത്രയേറെ കേസ് വന്നത് സൂപ്പര്‍ സ്പ്രഡ്ഡിന്റെ ഭാഗമാണ്.
പൂന്തുറയില്‍ പ്രതിഷേധവുമായി ആളുകള്‍ തെരുവിലറങ്ങിയ സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ആരുടെ പ്രേരണയാല്‍ ആയാലും എന്ത് പ്രശ്‌നത്തിന്റെ പേരിലായാലും അത് അപകടകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
തൊട്ടടുത്ത സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും വരുന്നവരില്‍ നിന്നും ഇവിടെയുള്ള ആളുകളില്‍ വൈറസ് പടരുന്ന ഘട്ടത്തിലാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്ത ഘട്ടത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിസഭയും ഇടപെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചില പ്രയാസങ്ങളൊക്കെയുണ്ടാകും. യാത്രയുടേയും മറ്റും കാര്യത്തില്‍ പക്ഷേ ആളുകള്‍ മരിച്ചുപോകുന്നതിലും മേലെയല്ല അതൊന്നും.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുക, യാത്ര ഒഴിവാക്കുക, ഇവരെ സുരക്ഷിതരായി നിര്‍ത്താന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്.എല്ലാ വകുപ്പുകളും അവിടെ കേന്ദ്രീകരിക്കുന്നുണ്ട്. 10 ഹെല്‍പ് ഡെസ്‌ക്കുകള്‍ ഉണ്ട്. അവിടെ വന്ന് ടെസ്റ്റ് ചെയ്യാം. സംശയം ചോദിക്കാം. ഇതിന് മുകളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്.
ഇതിനിടയിലാണ് ചില സംഘര്‍ഷാവസ്ഥ ഉണ്ടായത്. അത് നമുക്ക് തന്നെയും അപകടം ഉണ്ടാക്കും. ആന്റിജെന്‍ ടെസ്റ്റ് നടത്തുന്നതിനെതിരെയൊക്കെ വലിയ പ്രതിഷേധം ഉണ്ടായി. ആന്റിജെന്‍ ടെസ്റ്റ് ശരിയല്ലെന്നും പി.സി.ആര്‍ ടെസ്റ്റാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.
ആന്റിജെന്‍ ടെസ്റ്റ് പി.സി.ആര്‍ ടെസ്റ്റ് തന്നെയാണ്. ആറ് മണിക്കൂര്‍ കൊണ്ടുള്ള ടെസ്റ്റ് അര മണിക്കൂര്‍ കൊണ്ട് കിട്ടും. വിശ്വസിക്കാവുന്ന ടെസ്റ്റാണ്. അതിലാണ് 1192 പേരെ ടെസ്റ്റ് ചെയ്തതില്‍ 243 പേര്‍ പോസിറ്റീവായത്. ഇനിയും കുറച്ച് ദിവസമെടുത്ത് സംശമുള്ള മുഴുവന്‍ ആളുകളേയും ടെസ്റ്റ് ചെയ്യേണ്ടതുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം അവിടെ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."