'ഇടം' പദ്ധതി സംസ്ഥാനത്തിനു മാതൃക: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊട്ടിയം: എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു വികസന കാഴ്ചപ്പാടാണ് കുണ്ടറ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഇടം പദ്ധതിയെന്നും പദ്ധതി സംസ്ഥാനത്തിനും ജില്ലക്കും മാതൃകയാണെന്നും മന്ത്രി ജെ. മേഴ്‌സി കുട്ടിയമ്മ പറഞ്ഞു. ഇടം പദ്ധതിയുടെ ഭാഗമായി കേരളാ സര്‍വകലാശാലയുടെ ഇന്റര്‍ യൂണിവേഴ്‌സിറ്റി ഫോര്‍ നാച്വറല്‍ റിസോഴ്‌സ് മാനേജ്‌മെന്റിന്റെ സഹായത്തോടെ മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച പ്രകൃതി വിഭവ പരിപാലന പഠന കേന്ദ്രത്തിന്റെ ഉല്‍ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. നാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും മിനിമം ജീവിത സൗകര്യത്തോടു കൂടി ജീവിക്കാന്‍ കഴിയുന്ന അവസ്ഥ ഉറപ്പാക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ യഥാര്‍ത്ത വികസനം സാധ്യമാകുകയുള്ളൂവെന്നവര്‍ പറഞ്ഞു.
കോളനികള്‍ ഇല്ലായ്മയുടെ ഇടങ്ങളല്ലാതാവണം. സമൃദ്ധിയുടേയും സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും ഇടങ്ങളായി കോളനികളെ മാറ്റേണ്ടതുണ്ട്. ഭാവിയില്‍ ആര്‍ക്കും പദ്ധതിയുടെ അടിത്തറ തകര്‍ക്കാന്‍ കഴിയാത്ത രീതിയില്‍ ദേശ നന്മയും ജനങ്ങളുടെ പുരോഗതിയും ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിരവധിയുണ്ടെങ്കിലും ഗവേഷണ ഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് അധ്യക്ഷത വഹിച്ചു. ജനകീയ ജലസംരക്ഷണ ബോധവല്‍ക്കരണ പരിപാടി കേരള സര്‍വകലാശാലാ പ്രോ.വൈസ് ചാന്‍സലര്‍ ഡോ. വീരമണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഡോ.രാജേഷ് രഘുനാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ എക്‌സലന്‍സ് അവാര്‍ഡ് നേടിയ ഗ്രാമവികസന വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ് ഇടം ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് നാസറുദീന്‍, ആശാ ചന്ദ്രന്‍, വിനിതകുമാരി, സുജാതാ മോഹന്‍, എല്‍ അനില്‍, കെ ബാബുരാജന്‍, സ്റ്റാന്‍സി യേശുദാസന്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."