അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ പൂട്ടിച്ചു
മാനന്തവാടി: അനിയന്ത്രിതമായ രീതിയില്‍ മണ്ണെടുത്തതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കെട്ടിടങ്ങളിലെ സ്ഥാപനങ്ങള്‍ സബ് കലക്ടര്‍ പൂട്ടിച്ചു. മാനന്തവാടി-കോഴിക്കോട് റോഡിലെ മൂന്ന് കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എം.സി4516 നമ്പര്‍ ഉത്തരവ് പ്രകാരം നോട്ടീസ് നല്‍കിയത്. ഗ്രാമീണ്‍ ബാങ്ക്, കെ.എസ്എഫ്.ഇ, സെഞ്ച്വറി ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളാണ് അപകടാവസ്ഥയിലുള്ളത്.
പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയറും തഹസില്‍ദാറും നല്‍കിയ റിപ്പോട്ടുകളില്‍ ഈ കെട്ടിടങ്ങള്‍ അതീവ അപകടാവസ്ഥയിലാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സബ് കലക്ടറുടെ നടപടി.
പത്ത് ദിവസത്തിനകം അപകടാവസ്ഥയിലായ കെട്ടിടങ്ങള്‍ക്ക് സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമകള്‍ക്കും സമീപത്തെ സ്ഥലമുടമകള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു.
ഇവര്‍ സംരക്ഷണഭിത്തി നിര്‍മിച്ച് നല്‍കാമെന്ന് അഫിഡവിറ്റ് നല്‍കിയിരുന്നുവെങ്കിലും സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു വൈകുന്നേരം 4.30 ഒടെ എത്തി സ്ഥാപനങ്ങളില്‍ ഉള്ളവരെ മുഴുവന്‍ ഒഴിപ്പിക്കുകയായിരുന്നു. മണ്ണ് നീക്കം ചെയ്തതിന് സമീപത്തെ വീട്ടില്‍ താമസിക്കുന്നവരോടും ഇന്ന് തന്നെ മാറി താമസിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. സ്ഥലം ഉടമകള്‍ എത്രയും പെട്ടെന്ന് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്നും എല്ലാ ദിവസവും ആര്‍.ഡി.ഒ.ഓഫിസിലെത്തി ഒപ്പിട്ട് അതാത് ദിവസത്തെ പ്രവൃത്തികളുടെ പുരോഗതി അറിയിക്കാനും ഇന്ന് തന്നെ പ്രവൃത്തികള്‍ ആരംഭിക്കാനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കെ.എസ്.എഫ്.ഇ, കേരള ഗ്രാമീണ്‍ ബാങ്ക് എന്നി സ്ഥാപനങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റാമെന്ന് രേഖാമൂലം എഴുതി നല്‍കിയതായും അപകടകരമായ രീതിയില്‍ മണ്ണെടുക്കാന്‍ അനുമതി നല്‍കിയത് ജിയോളജി വകുപ്പാണെന്നും സബ് കലക്ടര്‍ പറഞ്ഞു.
മാനന്തവാടി താഹസില്‍ദാര്‍ മേഴ്‌സി, വില്ലേജ് ഓഫിസര്‍ സി സുജിത്ത്, അഡീഷനല്‍ എസ്.ഐ.മാരായ പി.എം തോമസ്, പി അബ്ദുല്ല എന്നിവരും സബ് കലക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് റോഡില്‍ നിന്നും താഴയങ്ങാടി റോഡിലേക്ക് ബൈപ്പാസ് നിര്‍മിക്കുന്നതിനായിരുന്നു വന്‍ തോതില്‍ മണ്ണ് നീക്കം ചെയ്തത്.
കല്‍പ്പറ്റയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണതിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് ഇപ്പോള്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."