ബി.ജെ.പിക്കെതിരെ പ്രേമചന്ദ്രന്‍ മിണ്ടാത്തതെന്ത്: തോമസ് ഐസക്
കൊല്ലം: ബി.ജെ.പിക്കെതിരെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയോ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ ഒരക്ഷരം മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് ചോദിച്ചു. കൊല്ലത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിനെ വിജയിപ്പിക്കാന്‍ ഇടതുപക്ഷ യുവജന സംഘടനകള്‍ സംഘടിപ്പിച്ച യൂത്ത് അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്കെതിരെ മിണ്ടാന്‍ പോലും തയാറാകാത്തവരാണ് യു.ഡി.എഫ് എന്ന പേരില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്നത്. ഇവരെക്കൊണ്ട് രാഹുല്‍ ഗാന്ധി നന്നായി വിയര്‍ക്കേണ്ടി വരും. കേരളത്തിലെ എല്‍.ഡി.എഫിനെതിരെ ഒന്നും പറയില്ലെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. അത് എല്‍.ഡി.എഫിനെക്കുറിച്ച് കുറ്റമൊന്നും പറയാന്‍ ഇല്ലാത്തതിനാലാണെന്ന് ഐസക് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും കണ്ണ് നന്നായി തുറക്കുമെന്നും അവര്‍ ഇടതുപക്ഷത്തിന്റെ മേല്‍ക്കൈ കാണുമെന്നും എം.മുകേഷ് എം.എല്‍.എ. പറഞ്ഞു.
മതേതരത്വത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന, പ്രളയത്തില്‍ സഹായിക്കാത്ത ബി.ജെ.പി സര്‍ക്കാരിനും വികസനത്തിന്റെ തരി പോലും വിതറാത്ത യു.ഡി.എഫിന്റെ വഞ്ചനയ്ക്കും വോട്ടു കൊടുക്കരുതെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എള്‍.എ. പറഞ്ഞു.എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് വിനോദ് കുമാര്‍ അധ്യക്ഷനായി.
സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍, സംസ്ഥാന സമിതി അംഗം കെ.രാജഗോപാല്‍, എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് ആര്‍. സജിലാല്‍, കേരളാ കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് ഷാജു, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ശ്യാംമോഹന്‍, സെക്രട്ടറി അരുണ്‍ ബാബു, എന്‍.വൈ.എല്‍ ജില്ലാ സെക്രട്ടറി ഉനൈസ്, കേരളാ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മനു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."