കാന്തപുരം വിഭാഗത്തിന്റെ ആക്രമണം; നടപടി ആവശ്യപ്പെട്ട് എസ്.പിക്ക് നിവേദനം നല്‍കി
കല്‍പ്പറ്റ: തരുവണ കുന്നുമലങ്ങാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന തരുവണ കുന്നുമ്മലങ്ങാടിയിലെ ജുമാ മസ്ജിദില്‍ പൊലിസ് സഹായത്തോടെ കാന്തപുരം വിഭാഗം നടത്തിയ ഗുണ്ടാവിളയാട്ടത്തിനെതിരെ ജില്ലയില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ജില്ലാ പൊലിസ് സൂപ്രണ്ടിന് നിവേദനം നല്‍കി.
കുറ്റക്കാരായ പൊലിസുകാര്‍ക്കും പള്ളിയില്‍ പ്രശ്‌നമുണ്ടാക്കിയ കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ക്കെതിരെയും ന്യായമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കള്‍ നിവേദനം നല്‍കിയത്.
കഴിഞ്ഞ ദിവസം പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനെത്തിയവരെ യാതൊരു പ്രകോപനവുമില്ലാതെ പൊലിസും എ.പി വിഭാഗം ഗുണ്ടകളും ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ജുമുഅ നമസ്‌കാരത്തിന് ശേഷം പ്രാര്‍ഥനയില്‍ മുഴുകിയവര്‍ക്ക് നേരെയാണ് ഔദ്യോദിക വേഷത്തില്‍ പള്ളിക്കുള്ളില്‍ കയറിയ പൊലിസിന്റെ പരാക്രമമുണ്ടായത്. പള്ളിയില്‍ വച്ച് കാന്തപുരം വിഭാഗം പ്രവര്‍ത്തകന്‍ അന്യായമായി ബഹളമുണ്ടാക്കുകയായിരുന്നു. ഇയാളുടെ ശബ്ദം കേട്ടാണ് പൊലിസ് പള്ളിയിലേക്ക് ലാത്തിയുമായി കയറിയത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ സമസ്തയുടെ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചുള്ള അക്രമണമാണ് പൊലിസ് നടത്തിയത്.
പൊലിസിനൊപ്പം കാന്തപുരം വിഭാഗം പ്രവര്‍ത്തകരും കല്ലടക്കമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് സമസ്തയുടെ പ്രവര്‍ത്തകരെ അക്രമിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ട് പോകുന്നത് തടയാനും പൊലിസ് ശ്രമിച്ചു. അക്രമികളെ സഹായിക്കാനുള്ള ആസൂത്രിത നീക്കമാണ് പൊലിസ് നടത്തിയത്.
പൊലിസിന്റെയും, എ.പി വിഭാഗത്തിന്റെയും ആക്രമണത്തില്‍ നാസര്‍ കാഞ്ഞായി, മുഹമ്മദ് റാസി, സൈനുദ്ദീന്‍ കുറിങ്ങാലോടന്‍, കെ നിസാര്‍, എം അനസ്, കെ താജുദ്ദിന്‍, എ ഇസ്മായില്‍, അമ്മദ് കാളിയാര്‍, എം ആബിദ്, കെ സാബിത്ത്, സി.എച്ച് ഇജാസ്, കെ സിദ്ധിഖ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണ് പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. എന്നാല്‍ കമ്മിറ്റിയെ ഭരിക്കാന്‍ അനുവദിക്കാതെ കുഴപ്പങ്ങള്‍ ഉണ്ടാക്കാനാണ് ചില തല്‍പര കക്ഷികളുടെ ശ്രമം.
ഇവരെ സഹായിക്കുന്ന നിലപാടാണ് പൊലിസ് ചെയ്യുന്നത്. ആയതിനാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. അല്ലാത്തപക്ഷം ജില്ലയിലെ സമസ്തക്ക് കീഴിലെ മുന്നൂറിലധികം വരുന്ന മഹല്ല് ജമാഅത്തുകളെ സംഘടിപ്പിച്ച് എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ പിണങ്ങോട് അബൂബക്കര്‍, ഹാരിസ് ബാഖവി കമ്പളക്കാട്, കെ.സി ആലി, ഇബ്രാഹിം ഫൈസി പേരാല്‍, പി.സി ഇബ്രാഹിം ഹാജി, കാഞ്ഞായി ഇബ്രാഹിം ഹാജി, മായന്‍ ഹാരിസ് എന്നിവരടങ്ങിയ നിവേദക സംഘം പൊലിസ് സൂപ്രണ്ടിനെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."