നിരങ്ങി നീങ്ങി നഗര ഗതാഗതം; ഇന്നും കൂടിയാലോചന
മണ്ണാര്‍ക്കാട്: പൊട്ടിപൊളിഞ്ഞും,വെള്ളം കെട്ടിയും,വികസന പേരില്‍ പാതി തകര്‍ത്തും,അഴുക്കുചാല്‍ നികന്നും ഗതിമുട്ടിയ മണ്ണാര്‍ക്കാട് നഗരത്തിന്റെ ദുരിതം ചര്‍ച്ചകളിലൊതുങ്ങുന്നു.ഗതാഗത പ്രശ്‌നത്തിന് നിരവധി കാരണങ്ങളുണ്ടെങ്കിലും ,കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പ്രതിസന്ധി രൂക്ഷമാകുന്നത് ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കൂടെ നിന്ന് സഹകരിച്ചു നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതാണ്. ആരും ഉത്തരവാദിത്തം ഏറ്റെടുക്കാനില്ലാതെ മുന്നോട്ടിഴയുന്ന പ്രവര്‍ത്തനങ്ങളിലെ പോരായ്മക്കെതിരെ ശക്തമായ പ്രധിഷേധങ്ങളില്ലാത്തതു ഇഴച്ചിലിന്റെ ആക്കം കൂട്ടുന്നു.ദേശീയപാത 966 ല്‍ നടക്കുന്ന നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള പ്രവര്‍ത്തികളാണ് വകുപ്പുകളുടെയും,ജനപ്രതിനിധികളുടെയും താല്പര്യവും,ഏകോപനവുമില്ലാതെ മെല്ലെപോക്കിലാകുന്നത്.ദേശീയപാത വിഭാഗം കണ്ണടച്ചിരിക്കുന്ന വികസനത്തില്‍ ഇവര്‍ മറ്റു വകുപ്പുകളുടെ കുറവുകള്‍ കണ്ടെത്തിയും,കരാറുകാരുടെ ദോഷം പറഞ്ഞും നാളുകള്‍ തള്ളുകയാണ്.47 കിലോമീറ്റര്‍ ദൂരം വരുന്ന വികസന മേഖലയില്‍ പകുതി ദൂരം മാത്രമാണ് സര്‍വേ നടപടികള്‍ പോലും പൂര്‍ത്തിയായിരിക്കുന്നത്.വികസനം കടന്നു പോകുന്ന പ്രധാന നഗരമായ മണ്ണാര്‍ക്കാട് നഗരത്തില്‍ ഒരു മാസ്റ്റര്‍ പ്ലാനോ,പദ്ധതിയോ രൂപപ്പെടുത്തുകയോ,പ്രതിസന്ധികള്‍ മുന്നില്‍ കണ്ടു വകുപ്പുകളുടെ ഏകോപനമുണ്ടാക്കുകയോ ചെയ്യാതെയാണ് പ്രവര്‍ത്തികള്‍ തുടങ്ങിയത്.ആരംഭിച്ച പ്രവര്‍ത്തികള്‍ തന്നെ ഇടയ്ക്കിടെ ഉയരുന്ന അഭിപ്രായങ്ങള്‍ക്കനുസരിച്ചു മാറുന്ന സ്ഥിതിയുമുണ്ടായി.
നിലവില്‍ മണ്ണാര്‍ക്കാടിന്റെ നഗരവികസനം എങ്ങനെ,എപ്പോ,ഏതു രീതിയില്‍ എന്ന് ആര്‍ക്കും പിടിയില്ലാത്ത സ്ഥിതിയാണ്.പ്രതിഷേധം ഉയരുമെന്ന് തോന്നുമ്പോള്‍ വിളിച്ചു ചേര്‍ക്കുന്ന കൂടിയാലോചന വെറും ആലോചനയിലൊതുങ്ങുകയാണ്.ആലോചനകളില്‍ വിവിധ വകുപ്പുകള്‍ തങ്ങളുടെ ഭാഗം ന്യായികരിക്കും,എടുക്കുന്ന തീരുമാനങ്ങള്‍ പിന്നെയും ഇഴയും.മഴ കനത്തതോടെ നഗരത്തിന്റെ തകര്‍ച്ച ഭീകരമാണ്.ഇന്ന് (ബുധന്‍)താലൂക് വികസന സമിതിയുടെ നിര്‍ദ്ദേശ പ്രകാരം റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രതേക യോഗം രാവിലെ 11 മണിക്ക് കൂടുന്നുണ്ട്. യോഗത്തിലെടുക്കുന്ന തീരുമാനങ്ങളെങ്കിലും സമയബന്ധിതമായി പോര്‍ത്തിയാക്കുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."