വേനല്‍ കനത്തു: കുടിവെള്ളം തേടിയിറങ്ങി കുറിച്ചി നിവാസികള്‍
ചങ്ങനാശേരി: വേനല്‍ കടുത്തതോടുകൂടി കുറിച്ചി ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നു. ഒട്ടുമിക്ക കുടിവെള്ള പദ്ധതികളും വെള്ളം ഇല്ലാതെ നിശ്ചലമായി. പണം കൊടുത്താലും വെള്ളം ലഭിക്കാത്ത സ്ഥിതിവിശേഷമാണ് പഞ്ചായത്തിലുള്ളത്.
പഞ്ചായത്തിന്റെ തനതുഫണ്ട്് ഉപയോഗിച്ച് യുദ്ധകാലടിസ്ഥാനത്തില്‍ കുടിവെള്ളമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും ഗ്രാമപഞ്ചായത്ത് അധികാരികള്‍ക്ക് യാതൊരുകൂസലുമില്ലെന്ന് ജനങ്ങള്‍ പറയുന്നു. ഇതുവരെ ഒരു വാര്‍ഡില്‍ പോലും ജലം വിതരണം ചെയ്യാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിയോസ്‌ക് വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇന്നേവരെ ഈ ടാങ്കുകളില്‍ വെള്ളം നിറച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച ടാങ്കുകള്‍ ഇപ്പോള്‍ ഏതാണ്ട് ഉപയോഗശൂന്യമായ നിലയിലാണ് പലസ്ഥലത്തും കാണപ്പെടുന്നത്. ഒരു ടാങ്ക് സ്ഥാപിക്കാന്‍ അരലക്ഷം രൂപവരെയായിരുന്നു ചെലവാക്കിയത്. എട്ടാം വാര്‍ഡില്‍ കുമരംകുളത്ത് സ്വകാര്യവ്യക്തിയുടെ അനുവാദം ഇല്ലാതെ അയാളുടെ സ്ഥലം കൈയേറി സ്ഥാപിച്ച കിയോസ്‌ക് വാട്ടര്‍ ടാങ്ക് മാറ്റി സ്ഥാപിക്കാതെ നശിക്കപ്പെട്ട നിലയില്‍ സ്ഥിതി ചെയ്യാന്‍ തുടങ്ങിയിട്ട് നാളുകളായി. കുമരംകുളം ഭാഗം കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ജനവാസകേന്ദ്രം കൂടിയാണ്. വെള്ളം ലഭ്യമാകുമെന്നു വിശ്വസിച്ച് ടാങ്കുകള്‍ സ്ഥാപിക്കാന്‍ സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് സ്ഥലവും നഷ്ടമായി വെള്ളവുമില്ലാത്ത അവസ്ഥയിലാണിപ്പോള്‍. ഒരിക്കലും വറ്റാത്ത പല കിണറുകളും ഇപ്പോള്‍ വറ്റിവരണ്ടു കഴിഞ്ഞു. എട്ടാം വാര്‍ഡില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന കരിക്കണ്ടം ശുദ്ധജലവിതരണ പദ്ധതിയുടെ കുളം വറ്റിയതോടുകൂടി പൊന്‍പുഴ, പൊന്‍പുഴപൊക്കം, പാറ തുടങ്ങിയ പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെട്ടുവരുന്നത്. ഇവിടെ കളമ്പാട്ടുചിറയില്‍ പ്രവര്‍ത്തിക്കുന്ന ജലനിധിയിലെ വെള്ളവും ഉപയോഗശൂന്യമാണ്. പതിമൂന്നാം വാര്‍ഡില്‍ പുളിമൂട്, വാഴയില്‍, ചാലയില്‍ ഭാഗങ്ങളിലെ ഒട്ടുമിക്ക കിണറുകളും വറ്റി വരണ്ടു. ശുദ്ധജലം ലഭ്യമാകാതെ വന്നതോടുകൂടി ഇവിടങ്ങളില്‍ മഞ്ഞപ്പിത്തം വ്യാപകമാകുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഏകദേശം ഇരുപത്തഞ്ചോളം വീടുകളില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചുവെങ്കിലും ആരോഗ്യവകുപ്പിന്റെ സത്വര ഇടപെടല്‍ മൂലം മഞ്ഞപ്പിത്തം നിയന്ത്രിക്കാന്‍ കഴിഞ്ഞു. വാര്‍ഡിലെ കാര്‍ഗില്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന കുഴല്‍കിണര്‍ കേടായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ കുഴല്‍കിണറ്റില്‍ നിന്നുമായിരുന്നു പ്രദേശത്തുള്ളവര്‍ വെള്ളം ശേഖരിച്ചിരുന്നത്. കുഴല്‍കിണര്‍ എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികള്‍ ചെയ്തുതരണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
ഒന്‍പതാം വാര്‍ഡില്‍ പൊന്‍പുഴ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് കോളനി, കല്ലമ്പള്ളി, കാര്‍ഗില്‍, കുറിഞ്ഞിമുക്ക് പ്രദേശങ്ങള്‍ പൂര്‍ണ്ണമായും കരിഞ്ഞുണങ്ങി. കുറിഞ്ഞിമുക്കിലെ രണ്ടു പഞ്ചായത്ത് കിണറുകള്‍ കാടുവളര്‍ന്ന് നാശോമുഖമായ നിലയിലായി. ഈ കിണറുകള്‍ ശുദ്ധീകരിക്കുന്നതിനായി ഗ്രാമപഞ്ചായത്തില്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും വേനല്‍ കടുത്തിട്ടും അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്. ഒരിക്കലും വറ്റാത്ത ഈ കിണറുകള്‍ ആഴംകൂട്ടിയെടുത്ത് ഒരു കുടിവെള്ളപദ്ധതിക്ക് രൂപം നല്‍കിയാല്‍ കാര്‍ഗില്‍, കല്ലമ്പള്ളി പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്ന് പരിസരവാസികള്‍ പറയുന്നു.
പതിനൊന്ന്, 12, 16 വാര്‍ഡുകളില്‍പ്പെട്ട മലകുന്നം, ജീരകക്കുന്ന്, മാത്തന്‍കുന്ന്, നാലുസെന്റ് കോളനി, ചിറവംമുട്ടം, ചാമക്കുളം എന്നിവടങ്ങളിലെ ജനങ്ങളെല്ലാം കുടിവെള്ളം വിലയ്ക്ക് വാങ്ങുകയാണിപ്പോള്‍. ചാമക്കുളം ജലനിധി പദ്ധതിയുടെ കിണര്‍ ശുദ്ധീകരിച്ചാല്‍ ചാമക്കുളം പ്രദേശത്തേക്ക് വെള്ളം എത്തിക്കാന്‍ കഴിയുമെങ്കിലും അധികാരികള്‍ അനങ്ങുന്നില്ലെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. ഒരു വര്‍ഷത്തിലധികമായി ഉപയോഗിക്കാതെ കിടന്ന ചാമക്കുളം പദ്ധതിയുടെ മോട്ടോര്‍ കേടായതായി ഉപഭോക്താക്കള്‍ പറയുന്നു. പുതിയ മോട്ടോര്‍ ലഭ്യമായാല്‍ പദ്ധതി പുനരാരംഭിക്കാന്‍ കഴിയുമെന്ന് സമിതി പ്രവര്‍ത്തകരും പറയുന്നു. ഈ പദ്ധതിക്കായി ഇതുവരെ പതിനായിരം മുതല്‍ പതിനയ്യായിരം രൂപവരെ മുടക്കിയ നിര്‍ദ്ധനരായ കുടുംബങ്ങള്‍ ഇനിയും പണം കണ്ടെത്തേണ്ട ഗതികേടിലാണ്.ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിലെ ജലം ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നില്ല. കുഴല്‍കിണറുകളെല്ലാം വെറും കുഴികളായി തന്നെ കിടക്കുകയാണ് ഇപ്പോഴും. ഒന്‍പതാം വാര്‍ഡില്‍ ഭാസ്‌ക്കരന്‍ കോളനിക്ക് സമീപം നടുറോഡില്‍ ഒരു കുഴല്‍കിണര്‍ കുഴിച്ചു. എന്നാല്‍, വര്‍ഷം ഒകഴിഞ്ഞിട്ടും അനന്തരനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കഴിഞ്ഞില്ല. ഓവര്‍ഹെഡ് ടാങ്ക് സ്ഥാപിക്കാന്‍ സ്ഥലമില്ലെന്ന ന്യായമാണ് അധികാരികള്‍ നിരത്തുന്നത്. സര്‍ക്കാരില്‍ നിന്നും രണ്ടും മൂന്നും സെന്റ് സ്ഥലം വീതം അനുവദിച്ചുതന്ന തങ്ങളെങ്ങനെ ടാങ്ക് സ്ഥാപിക്കാന്‍ സ്ഥലം വിട്ടുകൊടുക്കുമെന്ന് സമീപവാസികള്‍ ചോദിക്കുന്നു. അതേ സമയം ചെമ്പുചിറ തോടിന്റെ ഇരുകരകളിലുമായി തൂണുകള്‍ സ്ഥാപിച്ച് ടാങ്ക് നിര്‍മിക്കാനാവുമെന്ന് നാട്ടുകാര്‍ പറയുന്നു. 10ാം വാര്‍ഡില്‍ ചാലച്ചിറകല്ലുകടവ് റോഡരുകിലും കഴിഞ്ഞ വര്‍ഷം കുഴല്‍കിണര്‍ കുഴിച്ചിരുന്നു. എന്നാല്‍, ആ കിണര്‍ ഇപ്പോള്‍ നാട്ടുകാര്‍ കാണാതിരിക്കാനായി പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് ഓലകൊണ്ട്് മൂടിയിട്ടിരിക്കുകയാണ്. നാലുസെന്റ് കോളനിയിലും ഇതേ രീതിയില്‍ കുഴല്‍കിണര്‍ കുഴിച്ച് പൈപ്പുലൈന്‍ വലിച്ചെങ്കിലും വൈദ്യുതി കണക്ഷന്‍ ലഭ്യമാകുന്നില്ലെന്ന കാരണം പറഞ്ഞ് പദ്ധതി നിര്‍ത്തിവച്ചിരി ക്കുകയാണ്. ചിറവംമുട്ടം മഹാദേവക്ഷേത്രംവക കുളം പായലും പുല്ലും വളര്‍ന്ന് മൂടപ്പെട്ടുകിടക്കുകയാണ്. ഈ കുളം ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുവാന്‍ എം.എല്‍.എ. ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചെന്ന് പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു അനക്കവുമില്ലെന്ന് സമീപവാസികള്‍ പറയുന്നു. ഇതിന്റെ പേരില്‍ പ്രദേശവാസികളെ വിളിച്ചുവരുത്തി ഉപഭോക്തൃകമ്മറ്റി കൂടിയതല്ലാതെ മറ്റു നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. ഈ കുളം ശുചീകരിച്ചെടുത്താല്‍ പ്രദേശത്തെ ജനങ്ങളുടെ വീട്ടാവശ്യങ്ങള്‍ക്കായുള്ള വെള്ളം ലഭിക്കും. ഇതിനായി ചാലച്ചിറ തോടിന്റെ ഭാഗമായ മന്നത്തുകടവില്‍ നിന്നും ചിറവംമുട്ടം അമ്പലക്കുളം വരെയുള്ള നീര്‍ചാല്‍ പുല്ലുവെട്ടിമാറ്റി ശുചീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."