റോഡ് തകര്‍ന്നു; നാട്ടുകാര്‍ ദുരിതത്തില്‍
ചങ്ങനാശേരി: ഇത്തിത്താനം ചിറവംമുട്ടം പുത്തൂര്‍ ജംഗ്ഷന് റോഡ് തകര്‍ന്നു. ഇത്തിത്താനം നിവാസികള്‍ക്ക് എംസി റോഡിലേക്കുള്ള പ്രധാന സഞ്ചാര മാര്‍ഗ്ഗമായ ചിറവംമുട്ടം പുത്തൂര്‍ ജംഗ്ഷന് റോഡാണ് തകര്‍ന്നത്.
റോഡിലാകെ കുഴികള്‍ രൂപപ്പെട്ട് കാല്‍നടയാത്ര പോലും ദുഷ്ക്കരമായിരിക്കുകയാണ്. റെയില്‍വേ ഇരട്ടപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചിറവംമുട്ടം റെയില്‍വേ ക്രോസ്സ് നിരന്തരം അടച്ചിടുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് ഉള്ള ഏക ബദല്‍ പാതയാണിത്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. ജലനിധി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ നിരവധി റോഡുകള്‍ തിരികെ ടാര്‍ ചെയ്തു നല്‍കിക്കോളാം എന്ന പഞ്ചായത്തിന്റെ ഉറപ്പോടുകൂടി കുഴിച്ച് പൈപ്പ് ലൈന്‍ പണികള്‍ നടത്തിയെങ്കിലും ഒന്നും തന്നെ തിരികെ കോണ്‍ക്രീറ്റ് ചെയ്യുന്നതിനോ ടാറിംഗ് ചെയ്യുന്നതിനോ പഞ്ചായത്ത് അധികാരികള്‍ക്ക് സാധിച്ചിട്ടില്ല.
ഈ റോഡുകളിലാകെ മഴക്കാലമായതോടെ ശക്തമായ നീരൊഴുക്കും തന്മൂലം പൈപ്പ് ലൈന്‍ വര്‍ക്കുകള്‍ക്കായി കുഴിച്ച കുഴികളിലെ മണ്ണ് ഒലിച്ചുപോയി വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ചിറവംമുട്ടം കാലായില്‍ ജംഗ്ഷന് റോഡ്, ചക്വായില്പടി കാലായില്‍ ജംഗ്ഷന് റോഡ് എന്നിവ ഇത്തരത്തില്‍ തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാതായിട്ട് മാസങ്ങളായി. ഈ റോഡുകളിലെ കുഴികളില്‍ വാഹനങ്ങള്‍ താഴുന്നതും പതിവ് കാഴ്ചയാണ്.
പഞ്ചായത്ത് അധികാരികള്‍ ഇടപെട്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അമ്പലക്കോടി സംഘശക്തി പുരുഷ സ്വാശ്രയ സംഘം പറഞ്ഞു. പ്രസിഡന്റ് ബിജു എസ് മേനോന് അധ്യക്ഷനായി. അജിമോന് പി ബി, മോഹനന് നായര്‍ പുത്തൂര്‍, ഷിനോജ് പി ബി, സതീശ് കുമാര്‍, പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."