ആസൂത്രണ സമിതി ഇടപെട്ടു; ജില്ലാ ഹോമിയോ ആശുപത്രി പുതിയ മന്ദിരത്തിലേക്ക്
കോട്ടയം: ശോച്യാവസ്ഥയില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ജില്ലാ ഹോമിയോ ആശുപത്രിക്ക് ശാപമോക്ഷം. നവീന കെട്ടിടം നിര്‍മിച്ചിട്ട് കാലങ്ങളായെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. നാഗമ്പടം പാലത്തിന്റെ തുടക്കത്തില്‍ എം.സി റോഡിനോട് ചേര്‍ന്ന് ഓള്‍ഡ് എം.സി. റോഡില്‍ ആശുപത്രിക്കായി പുതിയ കെട്ടിടം നിര്‍മിച്ചെങ്കിലും വൈദ്യുതിയും വെള്ളവും ലഭ്യമാക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരമായത്. ഇതുവരെ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്ന പ്രശ്ങ്ങളെല്ലാം ദ്രുതഗതിയിലാണ് പരിഹരിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ വികസന സമിതിയും ഇടപെട്ടതോടെയാണ് ഏറെ നാളത്തെ പ്രശ്‌നത്തിന് പരിഹാരമായത്. പുതുതായി രൂപീകരിച്ച ജില്ലാ ആസൂത്രണ സമിതി നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തിപ്പിക്കാതെ കിടക്കുന്ന കെട്ടിടങ്ങള്‍ എത്രയും വേഗം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിന് നടപടി വേണമെന്ന് ജില്ലാ പഞ്ചായത്തിനോട് നിര്‍ദേശിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന മേരി സെബാസ്റ്റ്യന്‍ വെള്ളവും വൈദ്യുതിയും ലഭ്യമാക്കി.കൂടാതെ, ഹോമിയോ ആശുപത്രി ഈ മാസം തന്നെ പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
നഗരസഭാധികൃതരുമായി ബന്ധപ്പെട്ട് കെട്ടിടനമ്പര്‍ ഉടന്‍തന്നെ ലഭ്യമാക്കുകയും ചെയ്തു.നാളുകളായി കെട്ടിടത്തിന് നമ്പര്‍ നല്‍കാന്‍ നഗരസഭ വിസമ്മതിച്ചിരുന്നു ആസൂത്രണ സമിതി അംഗങ്ങളായ ജയ്‌സണ്‍ മാന്തോട്ടം, ജി. പ്രസാദ് എന്നിവരെ വൈദ്യുതി കണക്ഷന്‍,പൊതുമരാമത്ത് വകുപ്പില്‍നിന്നും ലഭിക്കേണ്ട രേഖകള്‍ എന്നിവക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. വെള്ളം സുലഭമായി ലഭിക്കുന്നതിന് ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.
ആവശ്യമായ തുക ജില്ലാ പഞ്ചായത്തില്‍നിന്നും ലഭ്യമാക്കുമെന്ന് അതാതു വകുപ്പുകളെ അറിയിക്കുകയും ചെയ്തു. ആശുപത്രി പ്രവര്‍ത്തനം ഉടന്‍തന്നെ പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന് ഉള്ള നടപടി പൂര്‍ത്തിയാക്കുവാന്‍ ഹോമിയോ വകുപ്പിനും നിര്‍ദേശം നല്‍കി.
കാലങ്ങളായി പരാധീനതയുടെ നടുവിലായിരുന്നു ജില്ലാഹോമിയോ ആശുപത്രി. ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് നീങ്ങുന്നതോടെ രോഗികള്‍ക്കും ഇത് ഏറെ പ്രയോജനകരമാകും.
നാഗമ്പടം സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മലിനമായ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയില്‍ മുന്നൂറു മുതല്‍ അഞ്ഞൂറു വരെ രോഗികളാണ് ദിവസവും ചികിത്സ തേടി എത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."