വേനല്‍ച്ചൂടിലും ജലസമൃദ്ധിയില്‍ പുതിയകാവ് പള്ളിക്കുളം
കയ്പമംഗലം: മീനച്ചൂടില്‍ നാടും നഗരവും കത്തിയെരിയുമ്പോഴും ജലസമൃദ്ധിയില്‍ നാട്ടുകാര്‍ക്ക് തുണയാവുകയാണ് പുതിയകാവ് പള്ളിക്കുളം. ആയിരത്തോളം വര്‍ഷം പഴക്കമുള്ള പള്ളിക്കുളത്തിന് ഒരിക്കല്‍പോലും വറ്റിയ ചരിത്രമില്ല. കേരളത്തിലെ തന്നെ അതിപുരാതന പള്ളികളിലൊന്നായ പുതിയകാവ് ജുമാ മസ്ജിദിലെ കുളമാണ് കത്തുന്ന വേനലിലും ഉറവ വറ്റാതെ ജലം സംരക്ഷിക്കുന്നത്. പണ്ട് കാലത്ത് ഒരേക്കറോളം വിസതൃതിയുണ്ടായിരുന്ന കുളം ഇപ്പോള്‍ 80 സെന്റാണ്. പള്ളിയിലെ നമസ്‌കാരത്തിനു മുന്‍പായുള്ള അംഗശുദ്ദി വരുത്തുന്നതിന്നും മറ്റാവശ്യങ്ങള്‍ക്കും ഈ കുളത്തിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.
കുടാതെ പരിസരത്തെ നിരവധിയാളുകള്‍ കുളിക്കാനും മറ്റാവശ്യങ്ങള്‍ക്കുമായി കുളത്തെ ആശ്രയിക്കുന്നുണ്ട്. ഒരു കാലത്ത് പുതിയകാവ് പ്രദേശത്തെ മിക്കയാളുകളും കാര്‍ഷിക ആവശ്യത്തിനായി വെള്ളം കൊണ്ടുപോയിരുന്നത് ഈ പള്ളിക്കുളത്തില്‍ നിന്നുമാണെന്ന് പഴമക്കാര്‍ പറയുന്നു.
പില്‍ക്കാലത്ത് എല്ലാ വീടുകളിലും കുഴല്‍ക്കിണറുകളും മോട്ടോര്‍ പമ്പുകളുമായതോടെയാണ് ആവശ്യക്കാര്‍ ഇല്ലാതായത്. പുതിയകാവ് പ്രദേശത്തെ കിണറുകളിലും മറ്റ് ജലസ്രോതസുകളിലും വെള്ളം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട് പുതിയകാവ് പള്ളിക്കുളം.
കൂടാതെ മികച്ച രീതിയില്‍ പരിപാലിക്കുന്ന മത്സ്യകൃഷിയും ഈ കുളത്തില്‍ നടക്കുന്നുണ്ട്. മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളില്‍ വിളവെടുക്കുമ്പോള്‍ രണ്ടുലക്ഷം രൂപയ്ക്ക് വരെ മീന്‍ വില്‍പ്പനയും ഇവിടെ നടക്കാറുണ്ട്. വേനല്‍ പാരമ്യതയിലെത്തുന്ന സമയത്ത് മറ്റെല്ലായിടങ്ങളിലും കുളങ്ങള്‍ ഉപയോഗശൂന്യമാകുമ്പോഴും ഇവിടത്തെ ജലസമൃദ്ധിക്ക് മാറ്റമുണ്ടാകാറില്ല. എല്ലാ വര്‍ഷവും പ്രദശവാസികള്‍ ചേര്‍ന്ന് വൃത്തിയാക്കുന്ന കുളത്തിന് കിഴക്കും പടിഞ്ഞാറും കരകളില്‍ ഭിത്തി കെട്ടി സംരക്ഷിക്കേണ്ടതുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ആരാധനാലയങ്ങളോട് ചേര്‍ന്ന് മിക്കയിടത്തും കുളങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്ര വിശാലമായ രീതിയിലുള്ളവ വളരെ കുറവാണ്. ഗുരുവായൂര്‍ കൊടുങ്ങല്ലൂര്‍ റുട്ടില്‍ ദേശീയപാതയോട് ചേര്‍ന്നാണ് പുതിയകാവ് പള്ളിക്കുളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."