തെങ്ങുകള്‍ക്ക് വെള്ളീച്ച രോഗം വ്യാപകം
വടക്കഞ്ചേരി: തെങ്ങുകള്‍ക്ക് വെള്ളീച്ച ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപകം. കൂമ്പ് ചീയല്‍, ചെന്നീരൊലിപ്പ്, കൂമ്പടപ്പ്, ചെമ്പന്‍ചെല്ലി, കാറ്റുവീഴ്ച, മണ്ഡരി തുടങ്ങിയ രോഗങ്ങള്‍ക്കു പുറമേയാണ് വെള്ളീച്ചരോഗം അതിവേഗത്തില്‍ തെങ്ങുകളില്‍ പടരുന്നത്.
തെങ്ങോലകള്‍ക്കടിയില്‍ വെള്ളനിറത്തിലുള്ള പാടുകള്‍പോലെയാണ് ഇത് കാണപ്പെടുന്നത്. ഓലയുടെ മുകള്‍ഭാഗം കറുത്ത് കരിഓയില്‍ പൂശിയപോലെയാകും. സമീപത്തെ മരങ്ങളിലും ചെടികളിലും ഈ നിറങ്ങളുണ്ടാകുന്നുണ്ട്. മാസങ്ങള്‍ക്കുള്ളില്‍ തെങ്ങിന്റെ വളര്‍ച്ച കുറയുകയും തെങ്ങോലകള്‍ ചെറുതായി തെങ്ങിന്റെ വളര്‍ച്ച മുരടിക്കുന്ന സ്ഥിതിയുമാണ്.
മഴക്കാലത്ത് വെള്ളീച്ചബാധ താനേ ഇല്ലാതാകുമെന്നാണ് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. കഴിഞ്ഞ വര്‍ഷവും രോഗം കൂടിയതല്ലാതെ കുറഞ്ഞില്ലെന്നാണ് തെങ്ങുകര്‍ഷകര്‍ പറയുന്നത്.
ഉയര്‍ന്ന മലമ്പ്രദേശമായ പാലക്കുഴിയില്‍ തെങ്ങുകള്‍ക്ക് എല്ലാവിധ രോഗങ്ങളും പ്രകടമാണ്. പാലക്കുഴിയില്‍ മാത്രം നാലുവര്‍ഷത്തിനിടെ രണ്ടായിരത്തില്‍പരം തെങ്ങുകള്‍ നശിച്ചിട്ടുണ്ടെന്നാണ് കണക്ക്. തെങ്ങുകളില്‍ കാണപ്പെടുന്ന രോഗങ്ങള്‍ക്ക് ശരിയായ പ്രതിരോധമരുന്ന് കണ്ടെത്താന്‍ കാര്‍ഷിക സര്‍വകലാശാലയ്ക്കും കഴിയുന്നില്ല. പ്രായവ്യത്യാസമില്ലാതെ തെങ്ങുകള്‍ നശിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കായംകുളത്തെ കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തില്‍നിന്നുള്ള കൃഷിശാസ്ത്രജ്ഞര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പാലക്കുഴിയിലെത്തി പരിശോധിച്ചെങ്കിലും ശാസ്ത്രസംഘത്തിനും രോഗം തിരിച്ചറിഞ്ഞ് പ്രതിവിധി നിശ്ചയിക്കാന്‍ കഴിഞ്ഞില്ല.
മണ്ണില്‍ ആവശ്യമായ മൂലകങ്ങളുടെ കുറവാണ് രോഗവ്യാപനത്തിനു കാരണമെന്നാണ് പറയുന്നത്. ഇതിനു പരിശോധനയ്ക്കായി തോട്ടങ്ങളില്‍ മണ്ണിന്റെ സാമ്പിള്‍ എടുത്തിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
വെള്ളീച്ചരോഗം തെങ്ങിനെ നശിപ്പിക്കുന്നതിനൊപ്പം പപ്പായ, പേര, കറിവേപ്പില തുടങ്ങി എല്ലാ ചെടികള്‍ക്കും ഈ കീടബാധയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."