ശബ്ദമലിനീകരണത്തിനെതിരേ നാളെ നോ ഹോണ്‍ ദിനം ആചരിക്കും
കൊച്ചി: റോഡുകളില്‍ വര്‍ധിച്ച് വരുന്ന ശബ്ദ മലിനീകരണത്തിനെതിരെ നാളെ നോ ഹോണ്‍ ദിനാചരണം നടത്തും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്‍.ഐ.എസ്.എസും എസ്.സി.എം.എസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കാന്‍ ഡോക്ടര്‍മാരും മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും എസ്.സി.എം .എസിലെ വിദ്യാര്‍ഥികളും അധ്യാപകരും പങ്കുചേരും. പൊലിസ്, മോട്ടോര്‍ വാഹനവകുപ്പ്, ടൂറിസം വകുപ്പ് എന്നിവരും പരിപാടിയില്‍ പങ്കാളികളാകും. അനിയന്ത്രിതമായ ഹോണ്‍ ഉപയോഗം മൂലം ശബ്ദ മലിനീകരണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
നിയന്ത്രിതമായ ഹോണുകളാണ് വാഹനകമ്പനികള്‍ നിര്‍മിക്കുന്നതെങ്കിലും പല വാഹനങ്ങളും അവ മാറ്റി ഘടിപ്പിച്ചാണ് റോഡില്‍ ഇറക്കുന്നത്. ഹോണുകളുടെ അമിതവും അനിയന്ത്രിതവുമായ ഉപയോഗത്തില്‍ ബസ്, ലോറി ഡ്രൈവര്‍മാര്‍ മുന്‍പന്തിയിലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതായും അവര്‍ പറഞ്ഞു.
ഡ്രൈവര്‍മാരുടെ ഏകാഗ്രത നഷ്ടപ്പെടുന്നതിനും അമിതമായി പ്രതികരിക്കുന്നതിനും കേള്‍വിക്കുറവിനും ഇത് കാരണമാകും. രക്തസമ്മര്‍ദ്ദം കൂടുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനും ആമാശയത്തിലെ അമ്ലം കൂടുന്നതിനും അതിത ശബ്ദം കാരണമാകുന്നുണ്ട്. യാത്രക്കാര്‍ക്കും റോഡരികില്‍ താമസിക്കുന്നവര്‍ക്കും ഇതേ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും ശബ്ദമലിനീകരണം കാരണമാകുന്നുണ്ട്. പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് ഇടപ്പള്ളിക്ക് സമീപം എസ.്എന്‍ ഫ്യൂയല്‍സ് പെട്രോള്‍ പമ്പ് പരിസരത്ത് നടക്കും. ഐ.ജി. പി.വിജയന്‍ മുഖ്യാതിഥിയായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കോര്‍ഡിനേറ്റര്‍ വി.ഡി പ്രദീപ് കുമാര്‍, ഐ.എം.എ പ്രസിഡന്റ് ഡോ.നാരായണന്‍, ആര്‍.ടി.ഒ. പി.എച്ച് സാദിഖലി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."