വന്ദേ ഭാരതിന് മെല്ലേപോക്ക്, എത്തിയത് 76 സര്‍വിസ് മാത്രം: തിരിച്ചുവരാനിനിയും 3.75 ലക്ഷത്തോളം മലയാളികള്‍
ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് പ്രവാസികളെ തിരികെ നാട്ടിലേക്ക് എത്തിക്കുന്ന വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തിലെ 360 വിമാനങ്ങളില്‍ ഇതുവരെ കേരളത്തിലേക്ക് എത്തിയത് 76 എണ്ണം മാത്രം. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉള്‍പ്പടെ സ്വകാര്യ വിമാനങ്ങള്‍ 671 എണ്ണം കേരളത്തിലേക്ക് പ്രവാസികളുമായി എത്തി.
ജൂലൈ ഒന്നിന് ആരംഭിച്ച നാലാം ഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.ബിശ്വാസ് മേത്ത കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ തിരികെ നാട്ടിലേക്ക് എത്താന്‍ ആഗ്രഹിച്ച് രജിസ്റ്റര്‍ ചെയ്തത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 5,45,000 മലയാളികളായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കണക്കുപ്രകാരം ഇതില്‍ 3.75 ലക്ഷത്തോളം പേര്‍ ഇനിയും തിരിച്ചുവരാനുണ്ട്.
ഇനി എത്രപേര്‍ കൂടി നാട്ടിലേക്ക് എത്താന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കണക്കില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
സംസ്ഥാനത്തേക്ക് 1,843 വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. സഊദി, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് നിന്ന് കൂടുതല്‍ വിമാനങ്ങള്‍ വേണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ 52 വിമാനങ്ങള്‍ക്ക് കൂടി സഊദിയില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ നിന്ന് മടങ്ങിവരാന്‍ കൂടുതല്‍ യാത്രക്കാരില്ലാത്തതിനാലാണ് സര്‍വിസുകള്‍ കുറയുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മറുപടി.
വന്ദേഭാരത് മിഷനിലൂടെ ഇതുവരെ 1.43 ലക്ഷം പേരാണ് വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തിയത്.
ഇതില്‍ 50 ശതമാനം പേര്‍ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. ആദ്യഘട്ടത്തില്‍ 593 ചാര്‍ട്ടേഡ് വിമാനങ്ങള്‍ എത്തിയപ്പോള്‍ വന്ദേഭാരത് മിഷന്റെ ഭാഗമായി 270 വിമാനങ്ങളാണ് എത്തിയത്. സഊദിയില്‍ നിന്ന് 87,000 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 13,235 പേര്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ എത്തിയത്. തിരിച്ചെത്തിയവരില്‍ 52 ശതമാനം പേരും തൊഴില്‍ നഷ്ടപ്പെട്ട് എത്തിയവരാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."