മലമ്പുഴ അണക്കെട്ടിനുസമീപം റിസോര്‍ട്ട് നിര്‍മാണം: വാര്‍ത്ത തെറ്റിദ്ധാരണമൂലമെന്ന് ഉടമ
സ്വന്തം ലേഖകന്‍
പാലക്കാട് : മലമ്പുഴ ഡാമിനു സമീപം നിര്‍മ്മാണത്തിലിരിക്കുന്ന ആയുര്‍വേദ റിസോര്‍ട്ട് നിയമങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ടും നിയമാനുസരണമുള്ള ഉത്തരവുകളുടെ പിന്തുണയോടുമാണെന്ന് ഓറിവോയര്‍ റിസോര്‍ട്ട് ഉടമ ഖാലിദ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. പ്രദേശവാസികളായ ചിലര്‍ മാധ്യമ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് റിസോര്‍ട്ട് നിര്‍മ്മാണം അനധികൃതമെന്ന രീതിയില്‍ വാര്‍ത്ത വരാന്‍ ഇടയാക്കിയത്. മലമ്പുഴയിലെ സുപ്രധാന ടൂറിസം വികസനത്തിന് കരുത്ത് പകരുന്ന പദ്ധതിയാണ് നിര്‍മാണത്തിലിരിക്കുന്ന ആയുര്‍വേദ റിസോര്‍ട്ട്. പരിസ്ഥിതി സൗഹൃദ ഫാം ടൂറിസം പ്രോജക്ട് കൂടിയാണ് ഓറിവോയര്‍ റിസോര്‍ട്ട്.
പദ്ധതിയുടെ നിര്‍മാണത്തിനായി മലമ്പുഴ പഞ്ചായത്തില്‍ 2016 മാര്‍ച്ച് 23ന് അപേക്ഷ കൊടുത്തിരുന്നു. ഈ അപേക്ഷ പഞ്ചായത്ത് ജലസേചന വകുപ്പിന്റെ നിലപാട് അറിയാനായി ഫയല്‍ അവര്‍ക്ക് കൈമാറി. 1962ലെ പ്രതിരോധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 1963ന് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഒരു വിജ്ഞാപനത്തില്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങള്‍ക്കുചുറ്റും 1000 അടി ചുറ്റളവില്‍ പൊതുസഞ്ചാരത്തിന് ജലസേചനവകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അനുമതി ആവശ്യമുണ്ടെന്ന് നിഷ്‌ക്കര്‍ഷിച്ചിരുന്നു. എന്നാല്‍ 1971ല്‍ മലമ്പുഴ വൃഷ്ടി പ്രദേശങ്ങള്‍ക്ക് ചുറ്റും 20 അടിപോലും വിടാതെ ജനങ്ങള്‍ക്ക് പട്ടയങ്ങള്‍ നല്‍കുകയും ചര്‍ച്ചുകളും അമ്പലങ്ങളും വീടുകളും ആദിവാസി കോളനികള്‍ ഉള്‍പ്പടെ നിരവധി കെട്ടിടങ്ങള്‍ ഈ 1000 അടി ചുറ്റളവിനുള്ളില്‍ നിലവില്‍ വരികയും ചെയ്തു.
കൂടാതെ റിസര്‍വ്വോയറിനു രണ്ടുമീറ്റര്‍ പോലും വിടാതെ 32 കിലോമീറ്റര്‍ ചുറ്റളവില്‍ പൊതുമരാമത്ത് വകുപ്പിന്റെ റിംഗ്‌റോഡ് നിലവില്‍ വരികയുമുണ്ടായി.
പൊതുവില്‍ ഈ ഈ പ്രദേശം ആയിരക്കണക്കിന് ആളുകള്‍ പാര്‍ക്കുന്ന ജനവാസമേഖലയാണ്. മുകളില്‍ വനപ്രദേശവും തെന്മല പോലുള്ള അണക്കെട്ടുപ്രദേശങ്ങളില്‍ സമാന രീതിയിലുള്ള പ്രശ്‌നങ്ങളുള്ളതിനാല്‍ പ്രദേശവാസികള്‍ സര്‍ക്കാരിന് പരാതി നല്‍കുകയും ദൂരപരിധി 5 മീറ്ററായി ചുരുക്കുകയും ചെയ്ത സംഭവം ഉണ്ട്. എന്നാല്‍ എന്തുകൊണ്ടോ മലമ്പുഴയില്‍ ഇത്തരമൊരു തിരുത്ത് 55 വര്‍ഷമായിട്ടും നടന്നില്ല. റിസോര്‍ട്ടിന്റെ ഫയല്‍ ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനന്തമായി നീട്ടിക്കൊണ്ടുപോയതോടെ കേരള ഡാംസേഫ്റ്റി അതോറിറ്റിയിലേക്ക് പരാതി സമര്‍പ്പിച്ചു.
2017 മെയ് 25ന് ഡാംസേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ നയിച്ച സംഘം പ്രദേശം സന്ദര്‍ശിക്കുകയും നിര്‍ദ്ദിഷ്ട റിസോര്‍ട്ട് പദ്ധതി പ്രദേശം ഡാമില്‍ നിന്നും 7 കിലോമീറ്റര്‍ മാറി ഉയര്‍ന്ന പ്രദേശത്താണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് ജലസേചന വകുപ്പിന്റെ നിരക്ഷേപ പത്രം നല്‍കാന്‍ കോഴിക്കോട് പ്രോജക്ട് ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് മലമ്പുഴ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്കി. ഇക്കാര്യങ്ങള്‍ക്കായി വേണ്ടി വന്നത് രണ്ടുവര്‍ഷമാണ്. പ്രദേശത്തെ നിരവധി പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ സാധ്യത ഒരുക്കുന്ന ഈ പദ്ധതി മലമ്പുഴയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ഒന്നാണ്. മാധ്യമങ്ങളുടേയും ഭരണകൂടത്തിന്റേയും പൊതുജനങ്ങളുടേയും പിന്തുണ പദ്ധതിക്ക് ഉണ്ടാവണമെന്ന് ഓറിവോയര്‍ എം.ഡി കെ.പി ഖാലിദ് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."