സഊദിയിൽ കൊവിഡ് ബാധയേറ്റ് രണ്ടു മലയാളികൾ മരിച്ചു
റിയാദ്: സഊദിയിൽ കൊവിഡ് ബാധയേറ്റ് രണ്ടു മലയാളികൾ മരിച്ചു. കിഴക്കൻ സഊദിയിലെ ദമാമിൽ മലപ്പുറം സ്വദേശിയും ഹായിലിൽ കണ്ണൂർ സ്വദേശിയുമാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി ഓമാനൂർ സ്വദേശി മങ്ങാട്ടുപറമ്പൻ അബ്ദുൽ ജലീൽ (38) ആണ് ദമാമിൽ മരണപ്പെട്ടത്. ദമാമിലെ ഒരു സ്വീറ്റ് വാട്ടർ കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ ഒരാഴ്ച മുമ്പ് സഊദി ജർമൻ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
കൊവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യ നില കഴിഞ്ഞ ദിവസം രാത്രി വഷളാവുകയും പുലർച്ചെ രാവിലെ മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ ഖമറുലൈലയും മക്കളായ മുഹമ്മദ് ഫഹീം, മൻഹ, അയ്മൻ എന്നിവരടങ്ങുന്ന കുടുംബം ദമാമിലാണ് താമസം. സഊദി ജർമൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നു വരികയാണ്.
കണ്ണൂർ തില്ലങ്കേരി പുള്ളി പൊയിൽ സ്വദേശിയും ആറളം കളരിക്കാട് അനീസ് മൻസിൽ താമസക്കാരനുമായ കേളോത്ത് കാസിം (52) ആണ് ഹായിലിൽ വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഭാര്യാമാതാവും കുടുംബവും ഹായിലിലുണ്ട്. 25 വർഷമായി ഹായിലിലാണ് താമസം. ഭാര്യ: സുഹറ മംഗലോടൻ, മക്കൾ: അനീറ, സുനീറ, അനീസ്. മരുമക്കൾ: ജലീൽ, റിയാസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."