മരണാനന്തരം ദാനം ചെയ്ത കണ്ണ് വേണ്ടെന്ന് സര്‍ക്കാര്‍
കൊടുങ്ങല്ലൂര്‍: മരണാനന്തരം ദാനം ചെയ്ത കണ്ണ് വേണ്ടെന്ന് സര്‍ക്കാര്‍ നേത്ര ബാങ്ക്. ഒടുവില്‍ കണ്ണ് സ്വകാര്യ നേത്ര ബാങ്കിന് നല്‍കി.
കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് നേത്ര അവയവദാന പ്രചരണം നടത്തി വരുന്ന പുല്ലൂറ്റ് തിരുത്തുള്ളില്‍ കുമാരന്റെ ഭാര്യ സൗമിനിയുടെ ദൗതികശരീരത്തോടാണ് മെഡിക്കല്‍ കോളജിലെ നേത്ര ബാങ്ക് അധികൃതര്‍ അനാദരവ് കാണിച്ചത്. കുമാരന്റെ ഭാര്യ സൗമിനി കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ 19ാം തീയതിയാണ് മരണമടഞ്ഞത്.
രാവിലെ പതിനൊന്ന് മണിയോടെ മരണം സ്ഥിരീകരിക്കുകയും പന്ത്രണ്ടരയോടെ നേത്ര ബാങ്കില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും ആവശ്യമായ നടപടി ഉണ്ടായില്ലെന്നും, തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഒടുവില്‍ ക്യാന്‍സര്‍ രോഗം ബാധിച്ച് മരണമടഞ്ഞവരുടെ കണ്ണ് സ്വീകരിക്കാനാകില്ലെന്ന് നേത്ര ബാങ്ക് അധികൃതര്‍ ശഠിക്കുകയും ഒടുവില്‍ നിര്‍വാഹമില്ലാതെ സൗമിനിയുടെ കണ്ണുകള്‍ ആലുവയിലെ സ്വകാര്യ നേത്ര ബാങ്കിന് ദാനം ചെയ്യുകയുമായിരുന്നുവെന്ന് കുമാരന്‍ ആരോപിക്കുന്നു.
1995 മുതല്‍ നേത്രദാന പ്രചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കുമാരനും ഭാര്യയും മരണാനന്തരം കണ്ണും ശരീരവും ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കിയിരുന്നു.
കുമാരന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ അഞ്ഞൂറിലധികം പേര്‍ നേത്രദാനത്തിനും, 71 പേര്‍ മരണാനന്തരം ശരീരം മെഡിക്കല്‍ കോളജിന് നല്‍കാനും സമ്മതപത്രം നല്‍കിയിട്ടുണ്ട്.
കാന്‍സര്‍ ബാധിച്ച് മരിച്ചവരുടെ കണ്ണ് സ്വീകരിക്കില്ലെന്ന നേത്ര ബാങ്ക് അധികൃതരുടെ നിലപാട് നിയമവിരുദ്ധമാണെന്ന് കുമാരന്‍ പറയുന്നു.
നേത്ര ബാങ്ക് അധികൃതരുടെ നിലപാടിനെതിരേ പരാതിയുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് കുമാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."