എച്ച്.എസ്.എസ് അധ്യാപക റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്
തൃശൂര്‍: സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നാല് വര്‍ഷമായിട്ടും തസ്തിക നിര്‍ണയവും സ്ഥിര നിയമനങ്ങളും നടത്താത്തതിനെതിരേ ഹയര്‍സെക്കണ്ടറി അധ്യാപക റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ 29ന് വിദ്യാഭ്യാസമന്ത്രിയുടെ പുതുക്കാട്ടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മെയ് ഒന്നു മുതല്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരവും നടത്തും.
പുതുതായി അനുവദിച്ച സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരു വിഷയത്തിനുപോലും സ്ഥിരം അധ്യാപകരില്ല. സ്ഥിരം അധ്യാപകരില്ലാത്തതിനാല്‍ പുതുതായി അനുവദിച്ച സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 13 എണ്ണം അടച്ചുപൂട്ടി. എയ്ഡഡ് മേഖലയില്‍ മാനേജര്‍മാര്‍ സ്ഥിരം അധ്യാപകരെ നിയമിച്ചുകൊണ്ടിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ഈ ദുര്‍ഗതി.
തസ്തിക സൃഷ്ടിക്കുന്നതിനായി 2016 ല്‍ ഇറക്കിയ ഉത്തരവ് അടിയന്തിരമായി നടപ്പാക്കുക, നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലര വര്‍ഷമാക്കി ദീര്‍ഘിപ്പിക്കുക, ജൂനിയര്‍, സീനിയര്‍ പ്രമോഷന്‍ നല്‍കി ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുക, റിട്ടയര്‍മെന്റ് ഒഴിവുകള്‍ പ്രതീക്ഷിത ഒഴിവുകളായി പി എസ് എസിക്ക് റിപ്പോര്‍ട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അബൂബക്കര്‍ സിദ്ധിഖ്, സവിത, ശ്രീനി, മരിയ സിമി, സബിത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."