ദുബൈയില്‍ നിന്ന് കോടികളുമായി മുങ്ങിയ സംഘത്തിലൊരാള്‍ പിടിയില്‍
താമരശ്ശേരി: ദുബൈയില്‍ നിന്നു കോടികളുമായി മുങ്ങിയ പ്രതികളിലൊരാള്‍ താമരശ്ശേരിയില്‍ പിടിയിലായി. റീച്ചാര്‍ജ്ജ് കൂപ്പണ്‍ മൊത്തവ്യാപാരികളില്‍ നിന്ന് ആറു കോടി രൂപയുടെ കൂപ്പണ്‍ വാങ്ങി മുങ്ങിയ സംഘത്തില്‍പെട്ട താമരശ്ശേരി കാരാടി ഫര്‍ഹാന മന്‍സില്‍ ഫിയാസ് അഹമ്മദി(28)നെയാണ് താമരശ്ശേരി സി.ഐ എം.ഡി സുനില്‍ അറസ്റ്റ് ചെയ്തത്.
പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ പൊലിസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 10നും 17നുമിടയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതി ഈങ്ങാപ്പുഴ വള്ളിക്കെട്ടുമ്മല്‍ ഷാനവാസ്(33) നാട്ടിലെത്തിയ ശേഷം ഒളിവില്‍ പോയിരിക്കുകയാണ്.
കേസില്‍ അനുജന് ഷമീം(30), സുഹൃത്തുക്കളായ ഷൈന്‍, മന്‍സൂര്‍ എന്നിവര്‍ കൂട്ടുപ്രതികളാണെന്നും ഷാനവാസിന്റെ അളിയനാണു പിടിയിലായ ഫിയാസെന്നും പൊലിസ് പറഞ്ഞു.
ദുബൈയിലെ ഇത്തിസാലാത് കമ്പനിയില്‍ നിന്ന് കൂപ്പണ്‍ വാങ്ങുന്ന മൊത്ത വ്യാപാരികളായ കണ്ണൂര്‍ ശ്രീകണ്ഠാപുരം കൊച്ചുപുരയില്‍ ഷൈന്‍ മാത്യു, കണ്ണൂര്‍ സ്വദേശികളായ അസ്ലം കട്ടിയാല്‍, അനസ് അഴീക്കോടനകത്ത്, നഫീര്‍ എന്നിവരാണു തട്ടിപ്പിനിരയായത്. നാട്ടിലെത്തിയ ഷൈന്‍ മാത്യു നല്കിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."