നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ ആള്‍ മരിച്ചു; മര്‍ദനമേറ്റിരുന്നതായി ബന്ധുക്കള്‍
മാനന്തവാടി: നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ യുവാവ് മരിച്ചു. തോണിച്ചാല്‍ പഴശ്ശി ബാലമന്ദിരത്തിന് സമീപത്തെ പ്രകാശന്‍ (48) ആണ് മരിച്ചത്. പരേതരായ ആലക്കണ്ടി രാഘവന്റെയും നാരായണിയുടെയും മകനാണ്. പടിഞ്ഞാറത്തറ പൊലിസ് സ്‌റ്റേഷനിലെ പാര്‍ട്ട് ടൈം സ്വീപ്പറും മാനന്തവാടി നിരവില്‍പ്പുഴ റൂട്ടിലോടുന്ന ഹിന്ദുസ്ഥാന്‍ ബസിലെ ക്ലീനറുമാണ് പ്രകാശന്‍. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ എന്ന് മാനന്തവാടി പൊലിസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് പ്രകാശന്‍ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി വീട്ടിലേക്ക് പോകുന്നതിനിടയില്‍ ചിലര്‍ പ്രകാശനെ മര്‍ദിച്ചതായി ആരോപണമുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ടത് സഹോദരന്മാരായ ഷാജി ബാബുവും സുമേഷും മാനന്തവാടി പൊലിസില്‍ പരാതി നല്‍കി. പ്രകാശനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പൊലിസ് ചിലരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പ്രകാശന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."