'അവതാരങ്ങളെ' ചുമക്കുമ്പോള്‍
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് പിണറായി പറഞ്ഞ സുപ്രധാനകാര്യം 'അധികാരത്തിന്റെ ഇടനാഴികളില്‍ പ്രത്യക്ഷപ്പെടുന്ന അവതാരങ്ങളെ കരുതിയിരിക്കണം' എന്നതായിരുന്നു.
'ഞാന്‍ മുഖ്യമന്ത്രിയായാല്‍ എന്റെ ബന്ധുക്കളെന്നു പറഞ്ഞു പലരും വരാം. അത്തരം അവതാരങ്ങളെ സൂക്ഷിക്കണം. എന്റെ പേരു പറഞ്ഞ് അഴിമതി നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്വം എനിക്കു കൂടിയാവും'- തന്റെ പിറന്നാള്‍ ദിനത്തില്‍ മധുരം വിതരണം ചെയ്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു.
മാധ്യമപ്രവര്‍ത്തകരോടെന്ന മട്ടിലോ ഉദ്യോഗസ്ഥന്മാരോടെന്ന മട്ടിലോ സഹമന്ത്രിമാരോടെന്ന മട്ടിലോ പൊതുജനത്തോടെന്ന മട്ടിലോ പറഞ്ഞ ആ വാക്കുകള്‍ തീര്‍ച്ചയായും ആത്മഗതം കൂടിയായിരുന്നിരിക്കണം. അവതാരങ്ങളെ ചുമന്നതിന്റെ പേരില്‍ തന്റെ മുന്‍ഗാമിക്കു സംഭവിച്ച ചതി തനിക്കോ സഹപ്രവര്‍ത്തകര്‍ക്കോ സംഭവിക്കരുതെന്ന സ്വയം ഓര്‍മപ്പെടുത്തല്‍.
അത്തരമൊരു 'പ്രതിജ്ഞ'യോടെ അധികാരത്തിലേറിയ പിണറായിക്കു കാലിടറില്ലെന്നും കരുതലോടെയുള്ള ആ വാക്കുകള്‍ ഭാവിപ്രവൃത്തിയിലും കാണുമെന്നും സ്വാഭാവികമായും പൊതുജനം ചിന്തിച്ചു, അങ്ങനെ ആഗ്രഹിച്ചു.
പക്ഷേ, അവതാരങ്ങള്‍ വെറുതെയിരിക്കില്ലല്ലോ. അവ പിണറായി സര്‍ക്കാരിനെയും തുടക്കം മുതല്‍ വേട്ടയാടി. അധികാരത്തിന്റെ ഇടനാഴികളിലൂടെ ഒളിച്ചും പതുങ്ങിയും വന്നു കാര്യസാധ്യമുണ്ടാക്കി.
ആദ്യത്തെ അടി മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി ജയരാജനായിരുന്നു. മന്ത്രി ബന്ധുക്കള്‍ വളഞ്ഞവഴിയിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതക്കസേരകള്‍ സ്വന്തമാക്കി. മാധ്യമങ്ങളുടെ കണ്‍വെട്ടത്തു പെട്ടതിനാല്‍ സംഗതി വിവാദമായി. നിയമന നീക്കം പാളി.
മന്ത്രി ന്യായീകരിച്ചെങ്കിലും മുഖ്യമന്ത്രി എടുത്ത നിലപാടു ശ്ലാഘനീയമായിരുന്നു. 'തെറ്റു ചെയ്തവരാരും മന്ത്രിസഭയില്‍ ഉണ്ടാകില്ല' എന്നായിരുന്നു പ്രതികരണം. അതോടെ മന്ത്രിയുടെ കസേര തെറിച്ചെങ്കിലും ജനമനസ്സില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും റേറ്റിങ് ഉയരാന്‍ ആ പ്രതികരണം കാരണമായി.
പില്‍ക്കാലത്ത്, കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഭൂമി കൈയേറ്റ ആരോപണങ്ങളില്‍പ്പെട്ട മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനെതിരേ അനുദിനം തെളിവുകള്‍ പ്രത്യക്ഷപ്പെട്ടിട്ടും 'രാജിവയ്ക്കൂ' എന്നു നിര്‍ദേശിച്ചില്ല. തെളിവുകളുടെ ബാഹുല്യത്തിലും നീതിപീഠത്തിന്റെ ഇടപെടലിലുമാണ് ആ മന്ത്രി രാജിവച്ചത്.
പിണറായി വിജയനെന്ന മുഖ്യമന്ത്രിക്കെതിരേ കിട്ടാവുന്ന ഏത് ആയുധവും ഉപയോഗിക്കാന്‍ മടിക്കാത്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇക്കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ഓര്‍ക്കുക: 'സ്പ്രിംഗ്ലര്‍ വിവാദമുണ്ടായപ്പോള്‍ത്തന്നെ ഞങ്ങള്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും മുന്നറിയിപ്പു കൊടുത്തതാണ്, സര്‍ക്കാരിനു നാണക്കേടുണ്ടാക്കിയ ആ ശിവശങ്കറെ മാറ്റണമെന്ന്. അന്നതു ചെവിക്കൊണ്ടില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഈ തിരിച്ചടിയുണ്ടായത്'.
കാനത്തിനു ലക്ഷ്യം പലതുമുണ്ടെന്നതു വ്യക്തമെങ്കിലും ഈ പ്രതികരണം സത്യമല്ലെന്നു തള്ളാനാകില്ല. 'സ്പ്രിംഗ്ലര്‍ കരാര്‍ തീരുമാനിച്ചതും ഒപ്പിട്ടതും ഞാനാണ് ' എന്ന അന്നത്തെ ഐ.ടി സെക്രട്ടറി ശിവശങ്കറുടെ വാക്കുകള്‍ സത്യമാണെങ്കില്‍ പിണറായി സര്‍ക്കാരിനെ കുഴിയില്‍ച്ചാടിച്ചത് അദ്ദേഹം മാത്രമാണ്.
വെറുമൊരു വകുപ്പു സെക്രട്ടറിയായിരുന്നില്ല ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി കാണേണ്ട എല്ലാ ഫയലും കാണേണ്ടയാള്‍. അത്തരം ഫയലുകള്‍ വിശദമായി പഠിച്ചു മുഖ്യമന്ത്രിക്കു വേണ്ട മാര്‍ഗനിര്‍ദേശം നല്‍കേണ്ടയാള്‍. വീഴാതെ താങ്ങേണ്ടവന്‍ കുഴിയില്‍ ചാടിച്ചു എന്നു ചുരുക്കം.
സര്‍ക്കാര്‍ എന്നു പറയുന്നതു മുഖ്യമന്ത്രിയും സഹമന്ത്രിമാരും മാത്രമല്ല, ഉദ്യേഗസ്ഥരുള്‍പ്പെടെയുള്ള മുഴുവന്‍ ഭരണസംവിധാനം കൂടിയാണ്. ഉദ്യോഗസ്ഥരില്‍ ഏറ്റവും ഉത്തരവാദിത്വം വകുപ്പുകളുടെ തലപ്പത്തിരിക്കുന്നവര്‍ക്കാണ്. അവരും വ്യക്തിശുദ്ധിയുള്ളവരായിരിക്കണം. ഓഫിസ് കസേരയില്‍ മാത്രം പോരാ ശുദ്ധി. അവരുടെ സ്വകാര്യ ജീവിതവും സംശുദ്ധമായിരിക്കണം. അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഓരോ കളങ്കവും ചുവപ്പു മാര്‍ക്കായി വീഴുന്നതു സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡിലായിരിക്കും.
ശിവശങ്കറെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ വ്യക്തിശുദ്ധിയില്ലായ്മയുമായി ബന്ധപ്പെട്ടതാണ്. സ്വര്‍ണക്കടത്തു നായിക സ്വപ്ന നേരത്തേ താമസിച്ച ഫ്‌ളാറ്റിലെ അസോസിയേഷന്‍ ഭാരവാഹി ചാനലില്‍ പറഞ്ഞതു ഞെട്ടിക്കുന്ന കാര്യങ്ങളാണ്. സ്വപ്ന ഇടയ്ക്കിടെ നടത്തുന്ന വിരുന്നുകളില്‍ ശിവശങ്കര്‍ ഉള്‍പ്പെടെ ഉന്നതര്‍ പങ്കെടുക്കാറുണ്ടെന്നാണ്, ശിവശങ്കര്‍ പലപ്പോഴും തനിച്ചും ആ ഫ്‌ളാറ്റില്‍ എത്താറുണ്ടെന്നും.
അതൊക്കെ ശരിയാണെങ്കില്‍ കറവീഴുന്നതു ശിവശങ്കറിന്റെ കുപ്പായത്തില്‍ മാത്രമല്ല, മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും മുഖത്തു കൂടിയാണ്. നല്ല ഭരണാധികാരി, 'അവതാരങ്ങ'ളെ സൂക്ഷിക്കണമെന്നു പറഞ്ഞാല്‍ മാത്രം പോരാ, ഭരണസിരാകേന്ദ്രത്തിന്റെ ഇടനാഴികളില്‍ കള്ളക്കണ്ണകളുമായി 'അവതാരങ്ങള്‍' ഒളിച്ചും പതുങ്ങിയും നടക്കുന്നുണ്ടോ എന്നു സസൂക്ഷ്മം പരിശോധിക്കണം. അതിനു സാധിച്ചില്ലെങ്കില്‍ അത്തരക്കാര്‍ കാണിക്കുന്ന കൊള്ളരുതായ്മകളുടെ ഉത്തരവാദിത്വം ഭരണാധികാരിയുടെ ചുമലില്‍ പതിക്കും.
സ്വപ്നയെ നിയമിച്ചതു തന്റെ അറിവോടെയല്ലെന്നു മുഖ്യമന്ത്രി പറയുന്നു. സാധാരണ തസ്തികയിലുള്ള താല്‍ക്കാലിക നിയമനം മുഖ്യമന്ത്രി അറിയണമെന്നില്ലെന്നതു സത്യം. എന്നാല്‍, വളരെ ഉത്തരവാദിത്വമുള്ള ചുമതലകള്‍ വഹിക്കേണ്ട തസ്തികയിലാണു സ്വപ്നയെ ശിവശങ്കര്‍ അവരോധിച്ചത്. അവര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസുണ്ടായിട്ടുപോലും ആ നിയമനം നടന്നുവെന്നതു വിചിത്രം തന്നെ.
ഉന്നതങ്ങളിലെ അവതാരങ്ങളെ കയറൂരിവിട്ടാല്‍ ഇതല്ല, ഇതിനപ്പുറവും സംഭവിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."