വൈകി വന്നു; ഉദ്യോഗസ്ഥര്‍ക്കെതിരെ 'വടിയെടുത്ത് ' മന്ത്രി കെ.ടി ജലീല്‍
തിരുവനന്തപുരം: ശില്‍പ്പശാലയില്‍ വൈകി വന്നതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി മന്ത്രി കെ.ടി ജലീല്‍. തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പിയ ചേമ്പറില്‍ നടന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ഏകദിന ശില്പശാലയിലാണ് മന്ത്രി അധ്യാപകനെപോലെ പെരുമാറിയത്.
വൈകി വന്ന ഉദ്യോഗസ്ഥരെ വേദിക്കുമുന്നില്‍ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. അവര്‍ സ്ഥിരമായി വൈകി വരാറുണ്ടോയെന്നത് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശം നല്കി. താനൊരു അധ്യാപകനായതിനാല്‍ സമയനിഷ്ഠ തനിക്ക് വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
തുടര്‍ന്ന് ശില്പശാല മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഹരിതകേരള മിഷന്, പി.എം.എ.വൈ. പദ്ധതികള്‍ എന്നിവ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതികളുടെ സഹായത്തോടെ നടപ്പിലാക്കാന്‍ നഗരസഭകള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി പറഞ്ഞു. നഗരപ്രദേശങ്ങളില്‍ രണ്ടിലധികം കറവപ്പശുക്കളെ വളര്ത്തുന്നവരെകൂടി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
കോഴിക്കോട് കോര്പ്പറേഷന് മേയര്‍ താട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരകാര്യ ഡയറക്ടര്‍ ആര്.ഗിരിജ സ്വാഗതം പറഞ്ഞു. തൊഴിലുറപ്പ് സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.രാജേന്ദ്രന് വിഷയം അവതരിപ്പിച്ചു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംശയങ്ങള്‍ക്ക് ഗ്രാമവികസന വകുപ്പ് ഡെപ്യൂട്ടി ഡെവലപ്പ്മെന്റ് കമ്മീഷണര്‍ എസ്.ബാലചന്ദ്രന് മറുപടി നല്കി. തിരുവനന്തപുരം മേയര്‍ അഡ്വ.വി.കെ.പ്രശാന്ത്, മുനിസിപ്പല്‍ ചേമ്പര്‍ ചെയര്മാന് വി.വി.രമേശ്, ബി.കെ.ബാലരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."