കുടിവെള്ളവിതരണം നടത്തിയില്ല; പ്രതിപക്ഷം കുത്തിയിരിപ്പു നടത്തി
ആനക്കര: പഞ്ചായത്തിലെ കുടിവെള്ളക്ഷാമപരിഹാരത്തിന് ഒരുവിധ നടപടിയും സ്വീകരിക്കാത്ത കപ്പൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അംഗങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ചാര്‍ജുളള ഓഫിസറെയും പഞ്ചായത്ത് ഓഫിസും ഉപരോധിച്ചു. പിന്നീട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മൂസക്കുട്ടി എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. തിങ്കളാഴ്ച രാവിലെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെളള വിതരണം ആരംഭിക്കാനിരിക്കെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വെളളവിതരണത്തിന് കരാര്‍ എടുത്ത് ആളുടെ വാഹനം കേടുവന്നതാണ് രാവിലെ ആരംഭിക്കേണ്ട വെള്ള വിതരണം വൈകാന്‍ കാരണമായതെന്ന് വൈസ് പ്രസിഡന്റ് കെ മൂസക്കുട്ടി പറഞ്ഞു.
രാവിലെ 10 മണിയോടെയാണ് പ്രതിപക്ഷത്തിലെ മെമ്പര്‍മാര്‍ പഞ്ചായത്തിലെത്തി കുടിവെള്ള വിതരണം നടത്താന്‍ വൈകുന്നതിനെ കുറിച്ച് സെക്രട്ടറിയോട് ആരാഞ്ഞത് എന്നാല്‍ സെക്രട്ടറിയുടെ ചാര്‍ജുളള ഉദ്യോഗസ്ഥന് വ്യക്തമായ മറു പടി നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സെക്രട്ടറിയുടെ മേശക്ക് ചുറ്റുമിരുന്ന് മെമ്പര്‍മാര്‍ മുദ്രാവാക്യം വിളി ആരംഭിച്ചു. പിന്നീട് സംഭവം അറിഞ്ഞ് വൈസ് പ്രസിഡന്റ് എത്തിയതോടെ മെമ്പര്‍മാര്‍ ഓഫിസിന് മുന്‍പില്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. ഇത് 12 വരെ തുടര്‍ന്നു. കഴിഞ്ഞ രണ്ട് അടിയന്തിര ബോര്‍ഡ് മീറ്റിങ്ങിലും കുടിവെള്ള വിതരണം ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിരുന്നങ്കിലും അത് ലംഘിക്കപ്പെട്ടതാണ് സമരത്തിന് കാരണമായത്.
പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും നടപടികള്‍ക്കെതിരേ കടുത്തപ്രതിഷേധം നിലനില്‍ക്കുകയാണ്. പഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും തമ്മില്‍ ഭിന്നാഭിപ്രായംവന്നതോടെ സെക്രട്ടറിയുടെ നിലപാടിനെതിരേ വൈസ് പ്രസിഡന്റ് പ്രസിഡന്റിന് പരാതി നല്‍കുകയും തുടര്‍ന്ന് സെക്രട്ടറി അവധിയില്‍ പ്രവേശിക്കുകയും ചെയ്തിരിക്കുകയാണ്. ഇത്തരംസാഹചര്യത്തില്‍ കുടിവെള്ളവിതരണത്തിനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിന് ഭരണസമിതിക്ക് കഴിയാത്തതാണ് വിതരണത്തിന് തടസമാവുന്നത്. എന്നാല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനും ഭരണസമിതിയും ചേര്‍ന്ന് കുടിവെള്ളവിതരണം ചൊവ്വാഴ്ചതന്നെ നടത്തുമെന്ന് അറിയിച്ചതോടെയാണ് സമരം പിന്‍വലിച്ചത്. സമരത്തില്‍ യു.ഡി.എഫ് അംഗങ്ങളായ അലി കുമരനെല്ലൂര്‍, നൂറുല്‍ അമീന്‍, അബ്ദുല്‍സമദ്, അമീന്‍, ഷിഹാബ്, പി.ജി വിമല്‍, സ്മിത വിജയന്‍, ടി.പി ഷക്കീര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."