മഴ: ജാഗ്രതാ നിര്‍ദേശങ്ങളുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാനും ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.
മഴയത്ത് പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ ശ്രദ്ധിക്കണം. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യരുത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ മാസം 13 വരെ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35കി.മി മുതല്‍ 55 കി.മി വേഗതയില്‍ കാറ്റടിക്കുവാന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.
മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും അറബിക്കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ജൂലൈ പതിമൂന്ന് വരെ അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ഏവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."