അജന്‍ഡകള്‍ മാറിമറിയുന്ന കേരള രാഷ്ട്രീയം
ഇന്ത്യയിലുടനീളം ഘടകങ്ങളും പ്രവര്‍ത്തകരുമുണ്ടായിരുന്ന അത്ര പഴക്കമില്ലാത്ത ഒരു സുവര്‍ണ ഭൂതകാലം ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. 2004ലെ യു.പി.എ ഭരണത്തില്‍ നിര്‍ണായക പദവിയും ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ ഇടവും അവര്‍ക്ക് സ്വന്തമായിരുന്നു. എന്നാല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് ഇടതുപക്ഷ രാഷ്ട്രീയം ഇന്ന് മുന്നോട്ടുപോവുന്നത്. ജയപരാജയങ്ങള്‍ രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ്. പക്ഷെ, പരാജയങ്ങളെ തുടര്‍ന്ന് സമ്പൂര്‍ണമായി നാമാവശേഷമാകുന്ന പ്രതിഭാസമാണ് ബംഗാളിലും ത്രിപുരയിലും സി.പി.എമ്മിന് നേരിടേണ്ടിവന്നത്. പകരം ഗുണഭോക്താക്കളാകുന്നവര്‍ മേഖലയിലെ മതേതര രാഷ്ട്രീയത്തിനും ജനാധിപത്യ സന്തുലിതത്വത്തിനും വലിയ കോട്ടങ്ങളാണ് തീര്‍ത്തുകൊണ്ടിരിക്കുന്നത്. ഇടതുപാര്‍ട്ടികളും ഭരണവും ഇന്ന് കേരളത്തിലേക്ക് ചുരുക്കപ്പെട്ടിരിക്കുന്നു. സമ്പൂര്‍ണ ആധിപത്യത്തെ പ്രതിരോധിച്ചും എന്നാല്‍ മറ്റുള്ളവര്‍ക്കൊപ്പം ഒരിടം ഇടതിനുമനുവദിച്ചും കേരളം വ്യത്യസ്തമായാണ് നിലകൊണ്ടുപോന്നിട്ടുള്ളത്.
ബംഗാളിലും ത്രിപുരയിലും നിലവില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ പോലും സി.പി.എം പരിഗണിക്കപ്പെടുന്നില്ല. സ്വഭാവികമായും കേരളവും ഭരണവും സി.പി.എമ്മിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറുന്നു. ജനാധിപത്യ വ്യവസ്ഥിതിക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ടിവരുമ്പോഴും ലക്ഷ്യത്തിനു വേണ്ടി ഏത് മാര്‍ഗ്ഗവും സ്വീകരിക്കാനും അതിനെ ന്യായീകരിക്കാനും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ മടി കാണിച്ചിട്ടില്ല. രാഷ്ട്രീയ രാസപരിണാമങ്ങള്‍ക്കും പരീക്ഷണത്തിനുമുള്ള സാഹസിക ശ്രമങ്ങള്‍ക്ക് കേരളത്തെ വേദിയാക്കാനുള്ള ശ്രമങ്ങളുയരുമ്പോള്‍ രാജ്യത്തെ ഏറ്റവും പ്രബുദ്ധമായ സമൂഹമെന്ന നിലയില്‍ നാം ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കൊവിഡ് രാഷ്ട്രീയം
പതിവുപോലെ ഒരു ഇടതുഭരണം എന്നതിനപ്പുറത്ത് കടുത്ത ആരാധകര്‍ക്കു പോലും വലിയ അവകാശവാദങ്ങള്‍ പിണറായി ഭരണത്തെ കുറിച്ച് പറയാനില്ലായിരുന്നു. ഓഖിയും പ്രളയവുമെല്ലാം സര്‍ക്കാരിന് പല ദുഷ്‌പേരുകളുമുണ്ടാക്കി. ശബരിമല വിവാദവും ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയും സര്‍ക്കാരിന് കനത്ത ആഘാതങ്ങളായിരുന്നു. ലോകം മുഴുവന്‍ കൊറോണ വൈറസിനു മുന്നില്‍ വിറങ്ങലിച്ചുനിന്നപ്പോള്‍ ആരോഗ്യരംഗത്തെ പതിറ്റാണ്ടുകളായുള്ള ട്രാക്ക് റെക്കോര്‍ഡ് കേരളത്തിന് തുണയായി. രോഗികളുടെ എണ്ണവും രോഗവ്യാപനവും കുറയുകയും രോഗവിമുക്തി കൂടുകയും ചെയ്തു. കൊവിഡിനു മുമ്പില്‍ പല വമ്പന്മാരും മുട്ടുകുത്തിയപ്പോള്‍ കേരള ജനത തലയുയര്‍ത്തി നിന്നു. അവസരം തിരിച്ചറിഞ്ഞ സി.പി.എം സ്വാഭാവികമായും കാര്യങ്ങള്‍ അനുകൂലമാക്കാന്‍ ഇറങ്ങിത്തിരിച്ചു. പകര്‍ച്ചവ്യാധിയുടെ ഭീതി ഭരണത്തെ കൂടുതല്‍ ആശ്രയിക്കാനുള്ള മാനസികാവസ്ഥ ജനങ്ങളില്‍ സൃഷ്ടിച്ചു. കൊവിഡിലെ കേരളത്തിന്റെ മെച്ചപ്പെട്ട കണക്കുകള്‍ വലിയ കീര്‍ത്തിയും അംഗീകാരവും നല്‍കി. തുടര്‍ ഭരണമെന്ന അസാധ്യ ചിന്തയില്‍നിന്ന് അതിനെ പരസ്യമായി താലോലിക്കാനുള്ള വലിയ ധൈര്യം അത് സി.പി.എമ്മിന് നല്‍കി.
സ്പ്രിംഗ്ലര്‍, ഇ - മൊബിലിറ്റി മുതല്‍ സ്വര്‍ണക്കടത്തില്‍ വരെയെത്തിനില്‍ക്കുന്ന വിവാദങ്ങള്‍ കാര്യങ്ങള്‍ വീണ്ടും മാറ്റിമറിക്കുകയാണ്. തങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയ രാഷ്ട്രീയ സാഹചര്യങ്ങളെ അതേപടി നിലനിര്‍ത്താന്‍ 'സ്വപ്ന' വിവാദത്തിന് തൊട്ടുമുമ്പ് സി.പി.എം സംഘടിതമായി തുനിഞ്ഞ ചില രാഷ്ട്രീയ കടമെടുപ്പുകള്‍ ചര്‍ച്ചയാവേണ്ടതുണ്ട്.
ഇസ്‌ലാമോഫോബിയ
ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ വിജയകരമായി പരീക്ഷിച്ചു വിജയിച്ച ഒന്നാണ് ഇസ്‌ലാമോ ഫോബിയ രാഷ്ട്രീയം. പ്രധാനമായും മൂന്ന് നേട്ടങ്ങളാണ് ഇതുകൊണ്ടുള്ളത്. പെട്ടെന്ന് ആളിപ്പടര്‍ത്താന്‍ സാധിക്കുന്നു, കാതലായ വീഴ്ചകളില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ കഴിയുന്നു, ദീര്‍ഘകാല വിഭജനം ഉറപ്പുവരുത്തുന്നു തുടങ്ങിയവയാണവ. ഉല്‍പ്പതിഷ്ണു വിഭാഗങ്ങളെയും വാണിജ്യ സമൂഹത്തെയും ടെക്കികളെയുമൊക്കെ അനായാസം വീഴ്ത്താന്‍ ഈ വലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഭൂരിപക്ഷ പ്രീണനം പലപ്പോഴും പയറ്റിയതാണെങ്കിലും ഇസ്‌ലാമോഫോബിയയുടെ കേരള പതിപ്പു തീര്‍ക്കാന്‍ സി.പി.എം മുന്നോട്ടുവരുന്നത് ഇതാദ്യമായാണ്. വിജയ ഫോര്‍മുലകള്‍ വാഴ്ത്തപ്പെടുന്ന പുതിയകാല രാഷ്ട്രീയത്തില്‍ ഏതും ആശാസ്യമാണെന്ന് അവര്‍ കരുതുന്നുണ്ടാകാം. മുസ്‌ലിം സ്വത്വത്തെ സമ്പൂര്‍ണമായി കടന്നാക്രമിക്കാനും തള്ളിപ്പറയാനും സി.പി.എം നേതൃത്വം മുന്നോട്ടുവരുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ബോധപൂര്‍വം വിട്ടുകളയാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ജോസ്. കെ. മാണിയോട് യു.ഡി.എഫ് കാണിച്ച അനീതിയിലും അന്യായത്തിലും ധാര്‍മ്മിക രോഷം കൊള്ളുന്ന കോടിയേരി, അഞ്ചാം മന്ത്രി വിവാദം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ലീഗിന്റെ അമിതമായ ഇടപെടലുകളെന്ന പഴയ ആരോപണം പൊടിതട്ടിയെടുത്തു. ലീഗ്, വെല്‍ഫെയര്‍, എസ്.ഡി.പി.ഐ എന്ന് കോണ്‍ഗ്രസ് സഖ്യത്തെ ചേര്‍ത്ത് കെട്ടുകയാണ്. വിദേശമലയാളികളെ തരംതിരിച്ചാണ് സര്‍ക്കാര്‍ സമീപിച്ചുപോന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഗള്‍ഫ് പ്രവാസികള്‍ക്കും രണ്ട് തരം നിബന്ധനകളാണ് മടക്കയാത്രക്ക് ഏര്‍പ്പെടുത്തിയത്. പ്രവാസികളെ രോഗാണുവാഹകരായി കാണാന്‍ തദ്ദേശീയര്‍ക്ക് പരോക്ഷ പ്രേരണ നല്‍കാനുതകുന്നതായിരുന്നു പിണറായി വിജയന്റെ സമീപനങ്ങള്‍. മുഖ്യധാരയുടെ സൂക്ഷ്മ പൊതുബോധത്തെ വികലമാക്കുന്ന ഫാസിസ്റ്റ് രീതികളോടുള്ള ഇതിന്റെ സാമ്യം യാദൃശ്ചികമല്ല.
എസ്.ഡി.പി.ഐ കക്ഷിയെയും അതിന്റെ അവാന്തര വിഭാഗങ്ങളെയും മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ മുഴുവന്‍ മുസ്‌ലിം സംഘടനകള്‍ക്കും ഏകാഭിപ്രായമാണ്. പൗരത്വ വിഷയത്തിലടക്കം അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ എസ്.എഫ്.ഐ - കാംപസ് ഫ്രണ്ട് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട അഭിമന്യുവിനെ ചരമവാര്‍ഷിക ദിനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശേഷിപ്പിച്ചത് ഇസ്‌ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടയാളെന്നാണ്. എസ്.ഡി.പി.ഐയെ പേരെടുത്ത് വിമര്‍ശിക്കുന്നതിന് പകരം സമുദായത്തെ സാമാന്യവല്‍ക്കരിച്ച് ആക്ഷേപിച്ചതിനെതിരേ മുഴുവന്‍ മുസ്‌ലിം സംഘടനകളും ഒരേ സ്വരത്തില്‍ പ്രതിഷേധമുയര്‍ത്തി. എന്നാല്‍, തിരുത്തിന് പകരം ആ വാദത്തില്‍ ഉറച്ചുനില്‍ക്കാനാണ് സി.പി.എം തയാറായത്. മുസ്‌ലിം വിഭാഗങ്ങളില്‍നിന്ന് തങ്ങളെ എതിര്‍ക്കുന്നവരെന്നോ, അനുകൂലികളെന്നോ ഭേദമില്ലാതെ സ്വീകരിച്ച ഉറച്ച നിലപാടായിരുന്നു അത്. സമാന വിഷയത്തില്‍ ഒറ്റപ്പെട്ട പരാമര്‍ശങ്ങള്‍ ചില കോണുകളില്‍നിന്നും മുമ്പുമുണ്ടായിട്ടുണ്ടെങ്കിലും മുതിര്‍ന്ന നേതൃസംഘം ഒരേ ദിശയില്‍ ഒരുമിച്ച് തുഴയെറിയുന്നത് സി.പി.എമ്മില്‍ ഇതാദ്യമാണ്. ദേശീയതലത്തില്‍ സംഘ്പരിവാര്‍ മെനയുന്ന ഭൂരിപക്ഷ വര്‍ഗീയതയുടെ കേരളീയ അനുഭാവവും ചില ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ഭാഗിക പിന്തുണയും നിലവിലുള്ള വോട്ട് ബേസും ചേര്‍ത്ത് ഏച്ചുകെട്ടുന്ന സ്വപ്നങ്ങള്‍ക്ക് രസത്വരകമായി ഇസ്‌ലാമോഫോബിയ സമം ചേര്‍ക്കുന്ന സി.പി.എം പരീക്ഷണം കാത്തിരുന്ന് തന്നെ കാണേണ്ടതുണ്ട്.
സ്വര്‍ണക്കടത്തില്‍ തകര്‍ന്ന ഇമേജ്
നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് ദേശീയ, അന്തര്‍ദേശീയ വാര്‍ത്തായിടങ്ങള്‍ കവര്‍ന്നുകഴിഞ്ഞു. ഗുരുതരമായ കുറ്റകൃത്യത്തിലെ മുഖ്യപങ്കാളി മുഖ്യമന്ത്രി ചുമതല വഹിക്കുന്ന വകുപ്പിന് കീഴില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏറ്റവും പ്രബലനായിരുന്ന ശിവശങ്കരന് സ്വപ്നയുമായുള്ള ബന്ധവും വലിയ ചര്‍ച്ചയായി. തന്റെ നിയന്ത്രണത്തിലുള്ള വകുപ്പിന് കീഴിലെ കയ്യോടെ പിടിക്കപ്പെട്ട വ്യക്തികളെ താനുമായി നേരിട്ടുബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭ്യമായിട്ടില്ല എന്നത് വിഷയത്തിലുള്ള ധാര്‍മ്മിക ഉത്തരവാദിത്തത്തില്‍നിന്ന് മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തുന്നില്ല. കൊവിഡ് തന്ന കീര്‍ത്തി വൃഥാവിലായ പരിഭ്രമം ഭരണമുന്നണിയെ മ്ലാനമാക്കുന്നുണ്ട്. മാറിയ സാഹചര്യത്തില്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ എന്ത് വേഷപ്പകര്‍ച്ച നേടും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."