പൊന്നാനി താലൂക്കില്‍ മോഷ്ടാക്കള്‍ക്ക് ചാകര
ആന്റി ടെമ്പിള്‍ തെഫ്റ്റ് സ്‌ക്വാഡ് രൂപീകരണവും നടപ്പിലായില്ല
ചങ്ങരംകുളം: പൊന്നാനി സര്‍ക്കിള്‍ പരിധിയില്‍ മാസങ്ങള്‍ക്കിടെ നടന്നത് ചെറുതും വലതുമായ നിരവധി മോഷണങ്ങള്‍. വീടും ആരാധനാലയങ്ങളും കയറിയുള്ള കവര്‍ച്ചയും തട്ടിപ്പറി ഉള്‍പ്പെടെയുള്ള മോഷണങ്ങളും വര്‍ധിച്ചിട്ടും നടപടികള്‍ എവിടെയുമെത്തിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് മാറഞ്ചേരി പനമ്പാട് അടച്ചിട്ട വീട്ടില്‍ നിന്നും ഏഴുപവന്‍ സ്വര്‍ണാഭരണങ്ങളും എല്‍.സി.ഡി.ടി. വിയുമുള്‍പ്പെടെ മോഷണം പോയത്. ഈ സംഭവത്തിന് രണ്ട് ദിവസം മുമ്പ് ബിയ്യം വലിയ പാലത്തിന് സമീപത്തെ പലചരക്ക് കടയിലും മോഷണം നടന്നിരുന്നു. പതിനായിരം രൂപയും പന്ത്രണ്ടായിരം രൂപയുടെ മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും കടയില്‍ നിന്നും അപഹരിച്ചു. കടയുടെ പിന്‍ഭാഗത്തെ ഓട് ഇളക്കി മാറ്റിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തുകയും ചെയ്തു. ആഴ്ചകള്‍ക്ക് മുമ്പാണ് വെളിയങ്കോട് മൂന്ന് വീടുകളില്‍ ഒരേ രാത്രിയില്‍ മോഷണം നടന്നത്. ഒരു മാസം മുമ്പ് പൊന്നാനി അങ്ങാടിയിലെ പലചരക്ക് കടയുടമയില്‍ നിന്നും 68,000 രൂപ തട്ടിപ്പറിച്ച് ഓടിയ സംഭവമുണ്ടായിരുന്നു. ഇതേ ദിവസം തന്നെ ചന്തപ്പടിയിലെ മറ്റൊരു കടയില്‍ മോഷണശ്രമം നടക്കുകയും ചെയ്തു. രണ്ടു മാസം മുമ്പ് ചന്തപ്പടിയിലെ പൗര്‍ണമി തിയേറ്ററിന് സമീപത്തെ വീട്ടില്‍ നിന്നും സ്വര്‍ണവും ലാപ്‌ടോപ്പുമുള്‍പ്പെടെ കളവ് പോയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. എടപ്പാളില്‍ വീട് കുത്തി തുറന്ന് 44 പവന്‍ സ്വര്‍ണം കവര്‍ച്ച സംഭവം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഒരു തുമ്പും ഉണ്ടാക്കാന്‍ പൊലിസിന് കഴിഞിട്ടില്ല.അടുത്തകാലത്തായി ഇത്തരത്തില്‍ നൂറുകണക്കിന് മോഷണങ്ങളാണ് മേഖലയിലുണ്ടായത്.
മോഷണം നടന്ന വീട്ടുകാര്‍ പരാതി നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നതൊഴിച്ചാല്‍ മോഷ്ടാക്കളെ പിടികൂടുന്നതിനുള്ള യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്നാണ് ആരോപണം. മാസങ്ങള്‍ക്കു മുന്‍പ് താലൂക്കിലെ അമ്പലങ്ങളിലും പള്ളികളിലും മോഷണ പരമ്പര അരങ്ങേറിയിരുന്നു. ആന്റി ടെമ്പിള്‍ തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇതൊന്നും ഇതുവരെയും നടപ്പായിട്ടില്ല. നടപടികള്‍ കാര്യക്ഷമമാവാത്തതിനാലാണ് മോഷണങ്ങള്‍ പെരുകാന്‍ ഇടയാക്കുന്നത്. പൊലിസ് ജീവനക്കാരുടെ അപര്യാപ്തതയാണ് അന്വേഷണങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോകുന്നതിന് പൊലിസ് നേരിടുന്ന തടസം. താലൂക്കിലെ സി.ഐ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരെ ഇടക്കിടെ മാറ്റുന്നത് മൂലം പല കേസുകളും അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലിസിനും കഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."