ബി.ജെ.പിയുടെ പ്രതീക്ഷ തിരുവനന്തപുരത്തു മാത്രമായി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വന്‍ നേട്ടമുണ്ടാക്കാമെന്നു കണക്കുകൂട്ടിയിരുന്ന ബി.ജെ.പിക്ക് നിരാശ. പ്രധാനമായി ഇത്തവണ പ്രചാരണായുധമാക്കാമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്ന ശബരിമല വിഷയത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണംവന്നതും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതും ബി.ജെ.പിയെ കടുത്ത നിരാശയിലേക്കാണ് എത്തിച്ചിരിക്കുന്നത്.
എ ക്ലാസ് മണ്ഡലങ്ങളായി തിരിച്ചിരുന്ന മണ്ഡലങ്ങളെല്ലാം ഉപേക്ഷിച്ച് ഇപ്പോള്‍ തിരുവനന്തപുരത്ത് മാത്രമായി ബി.ജെ.പിയുടെ പ്രതീക്ഷ ചുരുങ്ങിയിരിക്കുകയാണ്.
മതവും വിശ്വാസവും തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നിര്‍ദേശം മറികടക്കാനുള്ള ശ്രമം ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെന്ന പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയില്‍ സംസ്ഥാന നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിലപാടുകള്‍ എതിര്‍ത്തുനോക്കിയെങ്കിലും ഫലമുണ്ടായില്ല.
ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമുണ്ടായ ഭരണനേട്ടങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളും കോണ്‍ഗ്രസിന്റെ മുന്‍കാല ഭരണവും മാത്രമായി അവരുടെ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍. ഇതാകട്ടെ ജനങ്ങളിലേക്കെത്തിക്കുന്നതിന് അവര്‍ പാടുപെടുകയുമാണ്. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍, കോഴിക്കോട്ടെ സ്ഥാനാര്‍ഥി പ്രകാശ് ബാബു, ആറ്റിങ്ങലിലെ ശോഭാ സുരേന്ദ്രന്‍ തുടങ്ങി മത്സരിക്കുന്ന പ്രധാന നേതാക്കളുടെ പേരില്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ടെടുത്ത കേസുകള്‍ ബി.ജെ.പിക്ക് മറ്റൊരു പ്രഹരമാണ്.
മണ്ഡലത്തില്‍ പ്രചാരണത്തിനുപോലും ഇറങ്ങാന്‍ കഴിയാതെ പ്രകാശ് ബാബു ജയിലിലാണ്. സുരേന്ദ്രനാകട്ടെ പ്രചാരണത്തിനിറങ്ങാന്‍ കഴിയാതെ ജാമ്യമെടുക്കുന്ന തിരക്കിലുമാണ്. ഇതുകാരണം ജനങ്ങളോട് വോട്ട് ചോദിക്കാനുള്ള അവസരം പോലും ലഭിക്കുന്നില്ല.
ബി.ജെ.പിയും ആര്‍.എസ്.എസും എ ക്ലാസ് മണ്ഡലമായി കണക്കാക്കിയിരുന്ന പത്തനംതിട്ടയിലെ തങ്ങളുടെ കരുത്തനായ സ്ഥാനാര്‍ഥി പ്രചാരണത്തിനുപോലും ഇറങ്ങാനാകാതെ ബുദ്ധിമുട്ടുന്നതുകണ്ട് നിരാശയിലാണ് പാര്‍ട്ടി. മറ്റൊരു മണ്ഡലമായ തൃശരില്‍ സ്ഥാനാര്‍ഥിയെ മാറ്റി സുരേഷ് ഗോപിയെ അവസാനമെത്തിച്ചെങ്കിലും അവിടെയും കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ലെന്നാണ് കണക്കുകൂട്ടുന്നത്.
എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കിയ സ്ഥലങ്ങളില്‍ പ്രധാനമന്ത്രിയെ കൊണ്ടുവന്ന് ഇളക്കിമറിക്കുന്നതിനെക്കുറിച്ചാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ഇപ്പോള്‍ ആലോചിക്കുന്നത്. മോദി തിരുവനന്തപുരത്തും കോഴിക്കോട്ടും വരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ഇതിനകംതന്നെ അറിയിച്ചു കഴിഞ്ഞു. തൃശൂരും പത്തനംതിട്ടയും കൂടി അതില്‍ ഉള്‍പെടുത്താനുള്ള ശ്രമം സംസ്ഥാന നേതൃത്വം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."