ഒരു തായ് അപാരത
ബാങ്കോക്ക്: ലോകം മുള്‍മുനയില്‍നിന്ന ദിവസങ്ങള്‍ക്കൊടുവില്‍ ലോകത്തിന്റെ പ്രാര്‍ത്തനതന്നെ സംഭവിച്ചിരിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഒരു തായ്‌ലന്‍ഡ് മാതൃക സൃഷ്ടിച്ച് 12 കുട്ടികളും പരിശീലകനുമടങ്ങുന്ന ഫുട്‌ബോള്‍ സംഘം പതിനെട്ടുനാളിനുശേഷം വെളിച്ചം കണ്ടു.
ഹൊറര്‍ ചിത്രങ്ങളെ പോലും വെല്ലുവിളിക്കുന്ന സംഭവഗതികള്‍ക്കു തുടക്കമായത് ജൂണ്‍ 23നാണ്. വൈല്‍ഡ് ബോഴ്‌സ് എന്ന് പേരുള്ള ഫുട്‌ബോള്‍ ക്ലബിലെ ടീന്‍ സംഘത്തിന്റെ പരിശീലന ദിവസമായിരുന്നു അന്ന്. പ്രധാന പരിശീലകനായ നൊപ്പാരറ്റ് കത്തവോങ്ങിന് ആ ദിവസം മറ്റൊരു പരിപാടിയുണ്ടായതിനാല്‍ 25കാരനായ അസിസ്റ്റന്റ് കോച്ച് എക്കപോലിനെ ദൗത്യം ഏല്‍പിക്കുകയായിരുന്നു. കുട്ടികള്‍ക്കിടയില്‍ ടീം സ്പിരിറ്റ് ശക്തിപ്പെടുത്താന്‍ ആവശ്യമായ അഭ്യാസങ്ങളും പരിശീലനങ്ങളുമായിരുന്നു അന്നത്തെ ഷെഡ്യുള്‍. കുട്ടികളുടെ പിറകെ എപ്പോഴുമുണ്ടാകണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു.
45 മിനുട്ട് നേരത്തെ റൈഡായിരുന്നു അന്നത്തെ പ്രധാന അഭ്യാസം. സ്‌കൂളില്‍നിന്ന് താം ലുവാങ് ഗുഹാമുഖം വരെയായിരുന്നു യാത്ര. സംഘം യാത്ര തിരിച്ചു വൈകുന്നേരം വരെയും നോപ്പാരത്ത് അസിസ്റ്റന്റ് കോച്ചിനെ ബന്ധപ്പെട്ടു കൊണ്ടിരുന്നു. എന്നാല്‍, രാത്രി എട്ടു മണിക്കു ശേഷം എക്കപോലിനെ ഫോണില്‍ വിളിച്ചുകിട്ടാതിരുന്നപ്പോള്‍ തന്നെ എന്തോ പന്തികേടു മണത്തുവെന്ന് നോപ്പാരത്ത് കത്താവോങ് പറയുന്നു.
11നും 16നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും 25കാരനായ പരിശീലകനും അടങ്ങുന്ന ഫുട്‌ബോള്‍ സംഘം താം ലുവാങ് ഗുഹയ്ക്കകത്ത് പ്രവേശിച്ചതിനു പിന്നാലെ പെയ്ത കനത്ത മഴയില്‍ ഗുഹാമുഖം അടയുകയായിരുന്നു. രാത്രി വീട്ടില്‍ തിരിച്ചെത്താതായതോടെ കുടുംബങ്ങളുടെ പരാതിയില്‍ സ്ഥലത്തു നടത്തിയ തിരച്ചിലില്‍ സംഘം സഞ്ചരിച്ച സൈക്കിളുകളും ഇവരുടെ ബാഗുകളും ഷൂസും ഫുട്‌ബോള്‍ ബൂട്ടുകളും കണ്ടെത്തി. പിറ്റേന്നു പകല്‍ മുതല്‍ പ്രാദേശിക ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. ഇതിനിടെ കുട്ടികളുടേതെന്നു സംശയിക്കുന്ന കാല്‍പാടുകളും കൈരേഖകളും ഗുഹയ്ക്കു സമീപത്തുനിന്നു കണ്ടെത്തി.
ജൂണ്‍ 25ന് തായ്‌ലന്‍ഡ് നാവിക സേനയുടെ 'സീല്‍' നീന്തല്‍വിദഗ്ധര്‍ കുട്ടികള്‍ക്കായി ഗുഹയ്ക്കകത്ത് തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെ, ഗുഹയ്ക്കു സമീപത്തു കുടുംബങ്ങള്‍ക്കു പ്രാര്‍ഥിക്കാനും വഴിപാടുകള്‍ നേരാനുമായി താല്‍ക്കാലിക ദേവാലയം തുറന്നു. കുട്ടികള്‍ കഴിയുന്നതായി കരുതിയ ഗുഹയ്ക്കകത്തെ സുരക്ഷിതകേന്ദ്രമായ പട്ടായ ബീച്ചിലെത്താനുള്ള 'സീല്‍'മുങ്ങല്‍വിദഗ്ധരുടെ ശ്രമം കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നു സംഘം ശ്രമം ഉപേക്ഷിച്ചു പുറത്തെത്തി.
ജൂണ്‍ 27ന് യു.എസ് പസഫിക് സേനയില്‍നിന്നുള്ള 30ഓളം അമേരിക്കന്‍ സൈനികര്‍ സംഭവസ്ഥലത്തെത്തി. ബ്രിട്ടനില്‍നിന്നെത്തിയ മൂന്ന് നീന്തല്‍ വിദഗ്ധര്‍ക്കൊപ്പം ചേര്‍ന്ന് ഇവര്‍ തിരച്ചില്‍ പുന:രാരംഭിച്ചു. കനത്ത പേമാരിയില്‍ ഗുഹയിലേക്കു ജലം ശക്തമായി പ്രവഹിച്ചതിനെ തുടര്‍ന്നു തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തുടര്‍ന്ന് വാട്ടര്‍ പമ്പുകള്‍ ഉപയോഗിച്ച് ഗുഹയ്ക്കകത്തെ വെള്ളം പുറത്തേക്ക് അടിച്ചൊഴിവാക്കാന്‍ ശ്രമമാരംഭിച്ചു.
ജൂലൈ ഒന്നിന് മുങ്ങല്‍വിദഗ്ധര്‍ കുറച്ചുകൂടി മുന്നോട്ടെത്തി. അകത്ത് 'ചേംബര്‍ മൂന്ന് ' എന്ന പേരില്‍ താവളമൊരുക്കി നൂറു കണക്കിനു ഓക്‌സിജന്‍ ടാങ്കുകളും മറ്റു വസ്തുക്കളും ഇവിടെയെത്തിച്ചു. ഒടുവില്‍ ജൂലൈ രണ്ടിനു തിങ്കളാഴ്ച അതു സംഭവിച്ചു. 12 കുട്ടികളും പരിശീലകനും പട്ടായ ബീച്ചിന് 400 മീറ്റര്‍ അകലെ സുരക്ഷിതരാണെന്ന് ബ്രിട്ടീഷ് മുങ്ങല്‍വിദഗ്ധര്‍ കണ്ടെത്തി. കുട്ടികള്‍ രക്ഷാപ്രവര്‍ത്തകരോടു സംസാരിക്കുകയും ചെയ്തു. തങ്ങള്‍ക്കു വിശക്കുന്നുവെന്നായിരുന്നു കുട്ടികള്‍ക്കു പറയാനുണ്ടായിരുന്നത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ അടിയന്തര ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുകളും കുട്ടികള്‍ക്ക് എത്തിച്ചുനല്‍കി. മഴ തുടരുന്നതിനാല്‍ കുട്ടികളെ പുറത്തെത്തിക്കാന്‍ നാലു മാസത്തോളമെടുക്കുമെന്നായിരുന്നു അപ്പോള്‍ രക്ഷാപ്രവര്‍ത്തകരുടെ നിഗമനം.
തുടര്‍ന്ന് ഡൈവിങ് മാസ്‌കുകളും ശ്വസനയന്ത്രങ്ങളും ഉപയോഗിക്കാനും നീന്താനും കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ പഠിപ്പിച്ചു.
അതിനിടെ ആറിനു വെള്ളിയാഴ്ച രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു മരണം സംഭവിച്ചത് ആളങ്ക വര്‍ധിപ്പിച്ചു. എന്നാല്‍ ജൂലൈ എട്ടിന് ലോകം കാത്തിരുന്ന നിമിഷമെത്തി. ഗുഹയില്‍നിന്ന് നാലു കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. തിങ്കളാഴ്ച രാവിലെ 11നു രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. വൈകിട്ടോടെ നാലു കുട്ടികളെകൂടി പുറത്തെത്തിച്ചു. നെഞ്ചിടിപ്പോടെയുള്ള ലോകത്തിന്റെ കാത്തിരിപ്പിന് അന്ത്യംകുറിച്ച് ഗുഹയില്‍ ബാക്കിയായ പരിശീലകന്‍ അടക്കമുള്ള അഞ്ചുപേരെകൂടി ചൊവ്വാഴ്ച രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."