മലപ്പുറത്ത് പേരിനു പോരുമായി ബി.ജെ.പി
മലപ്പുറം: മലപ്പുറത്തും പൊന്നാനിയിലും ബി.ജെ.പി നടത്തുന്നത് പേരിനൊരു പോരാട്ടം. യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നോട്ടു പോയെങ്കിലും ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പ്രചാരണം മന്ദഗതിയിലാണ്. സംസ്ഥാന നേതാക്കളൊന്നും ഇതുവരെ പ്രചാരണത്തിനെത്തിയിട്ടില്ല. യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി സംസ്ഥാന നേതാക്കളെത്തിയിരുന്നു. ദേശീയ നേതാക്കളടക്കം വരും ദിവസങ്ങളില്‍ ജില്ലയിലെത്തുന്നുണ്ട്.
യാതൊരു പ്രതീക്ഷയുമില്ലാത്ത മണ്ഡലങ്ങള്‍ ഒഴിവാക്കി മറ്റു മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ നീക്കം. 2017ലെ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മണ്ഡലത്തില്‍ സജീവ പ്രചാരണം നടത്തിയിട്ടും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായിരുന്നില്ല. അതിനാല്‍ ഈ തെരഞ്ഞെടുപ്പിലും ഇവിടെ പ്രചാരണം നടത്തി സമയം കളയേണ്ടതില്ലെന്ന നിലപാടിലാണ് ബി.ജെ.പി. മലപ്പുറം, പൊന്നാനി ഒഴികെയുള്ള 18 മണ്ഡലങ്ങളിലും വിജയസാധ്യത കാണുന്നുണ്ടെന്ന് തൃശൂരില്‍ നടന്ന ബി.ജെ.പിയുടെ സംസ്ഥാന നേതൃയോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
2017ലെ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയത് 65,675 വോട്ടുകളാണ്. പുതു വോട്ടര്‍മാര്‍ വര്‍ധിച്ചിട്ടും 2014ലെ തെരഞ്ഞെടുപ്പിനെക്കാള്‍ അധികമായി ലഭിച്ചത് 957 വോട്ടുകള്‍ മാത്രമാണ്. ഉപതെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തോളം വോട്ട് നേടുമെന്ന് സംസ്ഥാന നേതാക്കളടക്കം അവകാശപ്പെട്ടിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഒരു വര്‍ഷത്തിനിടെ നഷ്ടമായത് ഏഴായിരത്തിലേറെ വോട്ടുകളാണ്. മലപ്പുറത്തു ജയിച്ചാല്‍ ഹലാലായ ബീഫ് ലഭ്യമാക്കുമെന്നടക്കമുള്ള വാഗ്ദാനങ്ങളാണ് അന്നത്തെ സ്ഥാനാര്‍ഥിയായിരുന്ന ശ്രീപ്രകാശ് നല്‍കിയിരുന്നത്. മുക്കാല്‍ ലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍, കേന്ദ്രഭരണത്തിന്റെ പിന്തുണ, ദേശീയ, സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കിയ പ്രചാരണം, കേന്ദ്രമന്ത്രിയായി സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് തുടങ്ങിയ അനുകൂല ഘടകങ്ങളേറെ ഉണ്ടായിട്ടും അന്ന് കാര്യമായ ഫലമുണ്ടായില്ല. പൊന്നാനി മണ്ഡലത്തിലും സ്ഥിതി വിഭിന്നമല്ല. 2014ല്‍ പൊന്നാനിയില്‍ ബി.ജെ.പിക്കു ലഭിച്ചത് 75,212 വോട്ടുകള്‍ മാത്രമാണ്. ഈ തെരഞ്ഞെടുപ്പിലും മുന്‍ വര്‍ഷങ്ങളിലെ തിരിച്ചടി പ്രതീക്ഷിച്ചതു കൊണ്ടു തന്നെയാണ് മലപ്പുറത്തും പൊന്നാനിയിലും ബി.ജെ.പി പ്രചാരണം പേരിനു മാത്രമാക്കി ചുരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."