ഒന്നിച്ചുനിന്നാല്‍ ഏഴിലും ജയിക്കാം
സീറ്റ് ചര്‍ച്ച വീണ്ടും
പ്രതിസന്ധിയില്‍
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി ഡല്‍ഹിയില്‍ സഖ്യമുണ്ടാക്കണമെന്ന ആവശ്യത്തെ എതിര്‍ത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അയഞ്ഞതോടെ മുറുകി ആം ആദ്മി പാര്‍ട്ടി നേതാക്കള്‍. ഇത്രയും നാള്‍ സഖ്യത്തിനായി കോണ്‍ഗ്രസിനെ സമീപിച്ചിരുന്ന ആം ആദ്മി പാര്‍ട്ടിയാണ് ഇപ്പോള്‍ പുതിയ ഡിമാന്‍ഡുകള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ഡല്‍ഹില്‍ സഖ്യം വേണമെങ്കില്‍ ഹരിയാനയിലും സഖ്യം വേണമെന്നും ഹരിയാനയിലെ ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന ഗുഡാഗാവ്, ഫരീദാബാദ്, കര്‍ണാല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് തരണമെന്നുമുള്ള ആവശ്യമാണ് എ.എ.പി മുന്നോട്ടുവച്ചിരിക്കുന്നത്. അതോടൊപ്പം പഞ്ചാബില്‍ സഖ്യത്തിനുള്ള താല്‍പര്യവും എ.എ.പി പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ കോണ്‍ഗ്രസ് ഇതിനു വഴങ്ങാന്‍ തയാറായിട്ടില്ല. സഖ്യം ഡല്‍ഹിയില്‍ മാത്രം ആകാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ആം ആദ്മിയുമായി സഖ്യമുണ്ടാക്കുന്നതില്‍ ഷീലാ ദീക്ഷിത് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് എതിര്‍പ്പാണുണ്ടായിരുന്നത്. ഈ ഘട്ടത്തില്‍ സഖ്യം വേണമെന്ന ആവശ്യവുമായി ആം ആദ്മി കോണ്‍ഗ്രസില്‍ സമ്മര്‍ദം ചെലുത്തി. രാഹുലും ഡല്‍ഹിയുടെ ചുമതലയുള്ള പി.സി ചാക്കോയും ശ്രമിച്ചിട്ടും ഡല്‍ഹി നേതാക്കള്‍ വഴങ്ങാന്‍ തയാറായിരുന്നില്ല. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും തുടര്‍ച്ചയായ സമ്മര്‍ദത്തിന്റെ ഫലമായി നേതാക്കള്‍ വഴങ്ങിയതോടെയാണ് ആം ആദ്മി മുറുകിയിരിക്കുന്നത്.
ഒന്നിച്ചുനിന്നാല്‍ ഏഴിലും ജയിക്കാമെന്നതാണ് സ്ഥിതി. അല്ലെങ്കില്‍ ഇരുപാര്‍ട്ടികള്‍ക്കും ഒരു സീറ്റ് പോലും ഉറപ്പില്ല.
കോണ്‍ഗ്രസിന് രണ്ടു സീറ്റുകള്‍ നല്‍കാമെന്നാണ് ആം ആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തത്. എന്നാല്‍ മൂന്നു സീറ്റുകളില്‍ വീതം കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും മത്സരിക്കുകയും ഒരു സീറ്റില്‍ പൊതുസമ്മതനായ സ്വതന്ത്രനെ നിര്‍ത്തുകയും ചെയ്യണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. ഇതിനിടയിലാണ് പുതിയ സംസ്ഥാനങ്ങളുടെ തര്‍ക്കം കൂടി വന്നിരിക്കുന്നത്. ഡല്‍ഹിയല്ലാതെ മറ്റൊരു സംസ്ഥാനത്തെക്കുറിച്ചും ചര്‍ച്ചയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഇപ്പോഴുള്ളത്. എങ്കിലും ചര്‍ച്ച തുടരുന്നുണ്ട്.
ആം ആദ്മി പാര്‍ട്ടി
ഡല്‍ഹിയില്‍ സഖ്യമുണ്ടെങ്കില്‍ ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണം. ഡല്‍ഹില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന നാലു സീറ്റ് തരാന്‍ പറ്റില്ല. സഖ്യമില്ലെങ്കില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടില്ല. തങ്ങള്‍ക്ക് രണ്ടു സീറ്റിലെങ്കിലും വിജയസാധ്യതയുണ്ട്.
കോണ്‍ഗ്രസ്
ഡല്‍ഹി സഖ്യം മാത്രമേ അജന്‍ഡയിലൂള്ളൂ. കുടുതല്‍ സംസ്ഥാനങ്ങളിലേക്കുള്ള സഖ്യം വേണമെന്നത് അംഗീകരിക്കാന്‍ കഴിയില്ല. ആം ആദ്മിയേക്കാള്‍ വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ പോലും ഒറ്റയ്ക്ക് തിരിച്ചുവരാനുള്ള ശേഷി കോണ്‍ഗ്രസിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."