ജി.എന്‍.പി.സി വിദേശത്ത് മദ്യസല്‍ക്കാര പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി വിവരം
തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചുവന്ന ജി.എന്‍.പി.സി(ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഗ്രൂപ്പ് കേരളത്തിലും വിദേശത്തും മദ്യസല്‍ക്കാര പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി കണ്ടെത്തി. പ്രമുഖ മദ്യകമ്പനികളാണ് പാര്‍ട്ടികള്‍ സ്‌പോണ്‍സര്‍ ചെയ്തതെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.
ഗ്ലാസിലെ നുരയും പ്‌ളേറ്റിലെ കറിയുമെന്ന ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ അജിത്കുമാര്‍ പാപ്പനംകോട്ടെ തന്റെ വീടിനടുത്തുള്ള ബാര്‍ ഹോട്ടലിലാണ് പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിയില്‍ 98 അംഗങ്ങള്‍ പങ്കെടുത്തുവെന്ന വിവരവും എക്‌സൈസ് വകുപ്പ് കണ്ടെത്തി. വിദേശരാജ്യങ്ങളില്‍ മൂന്ന് തവണയാണ് ഗ്രൂപ്പ് പാര്‍ട്ടി സംഘടിപ്പിച്ചത്. തലസ്ഥാനത്ത് നടത്തിയ പാര്‍ട്ടിയില്‍ 1500 രൂപയാണ് പ്രവേശന ടിക്കറ്റ് ഈടാക്കിയത്.
പാര്‍ട്ടിയില്‍ വരുന്നവര്‍ക്ക് മദ്യം സൗജന്യമെന്ന് ടിക്കറ്റില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യം നല്‍കിയ ടിക്കറ്റ് വിറ്റതിന് അജിത് കുമാറിനെതിരേ ജാമ്യമില്ലാ വകുപ്പു കൂടി ചുമത്തിയിട്ടുണ്ട്. മദ്യ കമ്പനികള്‍ സല്‍ക്കാരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തുവെന്ന വിവരത്തെ തുടര്‍ന്ന് മുഖ്യസംഘാടനകനായ അജിത് കുമാറിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ എക്‌സൈസ് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദേശ യാത്രാവിവരങ്ങളും എക്‌സൈസ് പരിശോധിക്കും.
ഡി.ജെ പാര്‍ട്ടികള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്ത മദ്യ കമ്പനികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് എക്‌സൈസിന്റെ തീരുമാനം. ഇവരെ കൂടാതെ ഗ്രൂപ്പ് അഡ്മിന്‍മാരായി പ്രവര്‍ത്തിക്കുന്ന 36 പേരെയും കേസില്‍ കക്ഷി ചേര്‍ക്കും.
ഇവരെ കണ്ടെത്താനായി എക്‌സൈസ് സംഘം സൈബര്‍ പൊലിസിന്റെ സഹായവും തേടിയിട്ടുണ്ട്. അതിനിടെ ഗ്രൂപ്പിലെ അംഗങ്ങളുടെ മൊഴിയെടുത്തുവരികയാണ്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ കുട്ടികളുടെ ചിത്രം ഉപയോഗിച്ചതിന് നേമം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലും സമാന്തരമായ അന്വേഷണം നടക്കുന്നുണ്ട്. അജിത്കുമാറും ഭാര്യയും ഒളിവിലാണ്.
കേസിന് പിന്നാലെ ഗ്രൂപ്പില്‍ ചേരിതിരിഞ്ഞ് തര്‍ക്കവും തുടങ്ങി. അഡ്മിനെ വിമര്‍ശിച്ചതിന് തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് കാണിച്ച് അംഗമായ ശ്യാരാജ് ശ്രീകാര്യം പൊലിസില്‍ പരാതി നല്‍കി. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരേയാണ് പരാതി. ഗ്രൂപ്പിനെതിരേ നാര്‍ക്കോട്ടിക്ക് സെല്ലും അന്വേഷണം തുടങ്ങി. 20 ലക്ഷത്തിലധികം അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പാണ് ജി.എന്‍.പി.സി
പുതിയ ബ്രാന്‍ഡുകള്‍, മദ്യപിക്കേണ്ടത് എങ്ങനെ, മദ്യത്തിനൊപ്പം കഴിക്കാന്‍ പറ്റിയ ഭക്ഷണം തുടങ്ങിയ കാര്യങ്ങളാണ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്.
ലഹരിക്കെതിരേയുള്ള ബോധവല്‍കരണം നടക്കുന്നതിനിടെ ചില മദ്യക്കമ്പനികളെ സഹായിക്കാനായാണ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് എക്‌സൈസ് സംഘത്തിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."