തുടര്‍ച്ചയായ തിരിച്ചടികളില്‍ കുഴങ്ങി സര്‍ക്കാരും ഇടതുപക്ഷവും
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പു പോര് മുറുകുമ്പോള്‍ പുതിയ വിഷയങ്ങള്‍ ഉയര്‍ന്നുവരുന്നതിലും അത് സംസ്ഥാന സര്‍ക്കാരിനും എല്‍.ഡി.എഫിനും തിരിച്ചടിയാകുന്നതിലും കുഴങ്ങി സി.പി.എമ്മും ഇടതുപക്ഷവും. അവസാനമായി, കേരള ഇന്‍ഫ്രാസ്ടക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് (കിഫ്ബി) വഴി മസാല ബോണ്ട് വില്‍പനയും വിവാദത്തിലായത് സര്‍ക്കാരിനും മുന്നണിക്കും വലിയ തിരിച്ചടിയാവുകയാണ്.
യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതുതന്നെ പെരിയയിലെ ഇരട്ടക്കൊലയിലും സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേയുമാണ്. ഇതുതന്നെ ഇടതിന് തലവേദനയായിരുന്നു. ഇതേതുടര്‍ന്ന് യു.ഡി.എഫിനു വീണുകിട്ടത് നിരവധി അവസരങ്ങളാണ്. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെക്കുറിച്ച് ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം ഇത്തരത്തിലൊരു അവസരമായിരുന്നു.
സ്ഥാനാര്‍ഥിയെ അവഹേളിക്കുന്ന തരത്തില്‍ വിജയരാഘവന്‍ പ്രസംഗിച്ചു എന്നു കാണിച്ച് പൊലിസില്‍ പരാതി നല്‍കുക മാത്രമല്ല അത് നല്ലൊരു പ്രചാരണ ആയുധമായി ഉപയോഗിക്കാനും യു.ഡി.എഫിനായി. ഇതിലൂടെ ആലത്തൂരില്‍ രമ്യാ ഹരിദാസിന് ഏറെ മുന്നേറ്റമുണ്ടാക്കാനായി എന്നതും ശ്രദ്ധേയമാണ്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത് യു.ഡി.എഫിന് ഏറെ ഗുണകരമായി. ഇതു തിരിച്ചടിയായത് ഇടതുമുന്നണിക്കാണ്. രാഹുലിന്റെ സാന്നിധ്യം എല്‍.ഡി.എഫിനു നല്‍കിയത് കനത്ത പ്രഹരമാണ്. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനെതിരേ പണ്ടു നടത്തിയ പരനാറി പ്രയോഗത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയും എല്‍.ഡി.എഫിന് പൊതുസമൂഹത്തിനു മുന്നില്‍ കോട്ടമുണ്ടാക്കി.
ഈ തിരിച്ചടികള്‍ക്കിടെയാണ് മഹാപ്രളത്തെക്കുറിച്ചുള്ള അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് വന്നത്. ഡാമുകള്‍ തുറന്നുവിട്ടതിലെ അപാകതയാണ് മഹാപ്രളയത്തിന് ഹേതുവായതെന്ന അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിനു മാത്രമല്ല ഇടതുമുന്നണിക്കും കനത്ത തിരിച്ചടിയാണ് നല്‍കിയത്.
ഇതിന്റെ തര്‍ക്കവിതര്‍ക്കങ്ങള്‍ അവസാനിക്കുന്നതിനു മുന്‍പുതന്നെ കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദവും പുറത്തുവന്നു. മസാല ബോണ്ട് വില്‍പനയിലൂടെ 2,150 കോടി രൂപ ഒന്നിച്ചു സമാഹരിച്ച സര്‍ക്കാര്‍ നടപടിയാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയത്. മസാല ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയ കനേഡിയന്‍ കമ്പനിയായ സി.ഡി.പി.ക്യു വിവാദ കമ്പനിയായ ലാവ്‌ലിനില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ള കമ്പനിയാണെന്ന വിവരമാണ് പുതിയ വിവാദങ്ങള്‍ക്കാധാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ വിവാദ ഇടപാട് നടത്തിയ കമ്പനിയാണ് ലാവ്‌ലിന്‍ കമ്പനി. വീണ്ടും ലാവ്‌ലിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയുമായി മറ്റൊരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ അതില്‍ ദുരൂഹതയുണ്ടെന്ന ആരോപണമാണ് ഉയരുന്നത്.
മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ഭരണത്തിനെതിരായ പ്രചാരണത്തിനു പുറമേ ദിനേ ഓരോ വിഷയങ്ങള്‍ പ്രചാരണ ആയുധമായി വീണുകിട്ടുന്ന സന്തോഷത്തിലാണ് യു.ഡി.എഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."