HOME
DETAILS
MAL
രാജസ്ഥാന്‍ വീണ്ടും അട്ടിമറി ആരോപണം
backup
July 12 2020 | 02:07 AM
ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി ശ്രമിക്കുന്നെന്ന് വീണ്ടും ആരോപണം. തങ്ങളെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നെന്നും തങ്ങള്‍ വിശ്വാസ്യത കാക്കുമെന്നും വ്യക്തമാക്കി 24 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്തെത്തി. ഇതിനു പിന്നാലെ, ഓരോ എം.എല്‍.എമാര്‍ക്കും ബി.ജെ.പി 15 കോടി രൂപയാണ് വാഗ്ദാനം ചെയ്യുന്നതെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ടും രംഗത്തെത്തി. എന്നാല്‍, ആരോപണം നിഷേധിച്ച് ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് കോണ്‍ഗ്രസിന്റെ പേരുവെളിപ്പെടുത്താത്ത 24 എം.എല്‍.എമാര്‍ ബി.ജെ.പിക്കെതിരേ ആരോപണവുമായി സംയുക്ത പ്രസ്താവനയിറക്കിയത്. ബി.ജെ.പിയുടെ ഉന്നത നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഈ നീക്കം നടക്കുന്നതെന്നും എം.എല്‍.എമാര്‍ ആരോപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, സഖ്യകക്ഷി എം.എല്‍.എമാരെ പലവിധേനയും സ്വാധീനിക്കാനാണ് ശ്രമമെന്നും എന്നാല്‍ തങ്ങള്‍ അതില്‍ വീഴില്ലെന്നും ഇവര്‍ വ്യക്തമാക്കി. പ്രസ്താവനയില്‍ ചീഫ് വിപ്പ് മഹേഷ് ജോഷിയും ഡെപ്യൂട്ടി ചീഫ് വിപ്പ് മഹേന്ദ്ര ചൗധരിയുമാണ് ഒപ്പുവച്ചിരിക്കുന്നത്.
നേരത്തെ, രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പും ഇത്തരം ആരോപണമുണ്ടായിരുന്നു. അന്നു കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതോടെ, അത്തരം ശ്രമങ്ങള്‍ നടത്തുന്നില്ലെന്നു ബി.ജെ.പി വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് വീണ്ടും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്.
200 അംഗം നിയമസഭയില്‍ കോണ്‍ഗ്രസിന് 107 അംഗങ്ങളുണ്ട്. ഇതിനു പുറമേ രാഷ്ട്രീയ ലോക്ദള്‍, സി.പി.എം, ബി.ടി.പി എന്നീ പാര്‍ട്ടികളുടെയും ഒരു സ്വതന്ത്ര എം.എല്‍.എയുടെയും പിന്തുണയുമുണ്ട്.
രണ്ടു ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍
ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടു ബി.ജെ.പി നേതാക്കളെ രാജസ്ഥാനിലെ സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) അറസ്റ്റ് ചെയ്തു. അശോക് സിങ് മെത്‌വാല, ഭാരത് മലാനി എന്നിവരാണ് അറസ്റ്റിലായത്.
രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചീഫ് വിപ്പ് മഹേഷ് ജോഷിയുടെ പരാതിയിലാണ് അറസ്റ്റ്. കേസില്‍ മൊഴി രേഖപ്പെടുത്തുന്നതിന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനും നോട്ടിസയച്ചിട്ടുമുണ്ട്.
ഓരോ എം.എല്‍.എമാര്‍ക്കും 20 മുതല്‍ 25 കോടി രൂപവരെ നല്‍കാനായിരുന്നു തീരുമാനമെന്നാണ് വിവരം. സര്‍ക്കാരിനെ മറിച്ചിടാന്‍ എല്ലാ ആസൂത്രണങ്ങളും പൂര്‍ത്തിയായിരുന്നെന്നു പറയുന്ന എഫ്.ഐ.ആറില്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിനെതിരേയും പരാമര്‍ശങ്ങളുണ്ട്. ഇദ്ദേഹവുമായി ബന്ധപ്പെട്ടുള്ള ഫോണ്‍ സംഭാഷണങ്ങളിലെ ചില വിശദാംശങ്ങളാണ് പരാമര്‍ശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."