50 % വിവിപാറ്റുകള്‍ എണ്ണിയേപറ്റൂ
ന്യൂഡല്‍ഹി: 50 ശതമാനം വിവിപാറ്റുകള്‍ എണ്ണിയേപറ്റൂ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. 50 ശതമാനം വിവിപാറ്റുകള്‍ എണ്ണിയാല്‍ ഫലം ആറു ദിവസം വൈകുമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് ചോദ്യം ചെയ്താണ് പ്രതിപക്ഷം സുപ്രിംകോടതിയിലെത്തിയത്. ഒരാളെ മാത്രം എണ്ണാന്‍ നിയോഗിച്ചാലുള്ള കണക്കാണ് കമ്മിഷന്‍ പറയുന്നത്. ബൂത്തുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ രണ്ടു ദിവസം കൊണ്ട് 50 ശതമാനം വിവിപാറ്റുകളും എണ്ണാമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
50 ശതമാനം വിവിപാറ്റുകള്‍ എണ്ണുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പുവരുത്തും. വിവിപാറ്റ് കേസില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ സത്യവാങ്മൂലത്തിനെതിരേ നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള 21 രാഷ്ട്രിയപാര്‍ട്ടികള്‍ ഒപ്പിട്ടിട്ടുണ്ട്.
പൊതുസമൂഹത്തിന് മുന്നില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടികളുടെ പേരില്‍ തെരഞ്ഞെടുപ്പ് ഫലം അല്‍പം വൈകുന്നത് പ്രശ്‌നമല്ലെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി.
ചന്ദ്രബാബുനായിഡു(ടി.ഡി.പി), ശരത്പവാര്‍(എന്‍.സി.പി), കെ.സി വേണുഗോപാല്‍(കോണ്‍ഗ്രസ്), ഡെറക് ഒബ്രയാന്‍(ടി.എം.സി), ശരത് യാദവ്(എല്‍.ടി.ജെ.ഡി), അഖിലേഷ് യാദവ്(എസ്.പി), സതീഷ് ചന്ദ്രമിശ്ര(ബി.എസ്.പി), ഖുറം അനിസ് ഉമര്‍(മുസ്്‌ലിം ലീഗ്), എം.കെ സ്റ്റാലിന്‍(ഡി.എം.കെ), ടി.കെ രംഗരാജന്‍(സി.പി.എം), എസ്. സുധാകര്‍ റെഡ്ഡി(സി.പി.ഐ), മനോജ്കുമാര്‍ ഝാ(ആര്‍.ജെ.ഡി), അരവിന്ദ് കെജ്‌രിവാള്‍(എ.എ.പി), കെ. ഡാനിഷ് അലി(ആര്‍.ജെ.ഡി), ഫാറൂഖ് അബ്ദുല്ല(എന്‍.സി), അജിത് സിങ്(ആര്‍.എല്‍.ഡി), ബദറുദ്ദീന്‍ അജ്്മല്‍(എ.ഐ.യു.ഡി.എഫ്), ജിതിന്‍ റാം മാഞ്ചി(എച്ച്.എ.എം), അശോക് കുമാര്‍(ജെ.വി.എം), പ്രൊഫ. കോഡനഡ്‌റം (ടി.ജെ.എസ്), കെ.ജി കെന്‍യെ(എന്‍.പി.എഫ്) എന്നിങ്ങനെ 21 പാര്‍ട്ടികളുടെ പ്രതിനിധികളാണ് ഹരജിക്കാര്‍.
തെരഞ്ഞെടുപ്പ്
കമ്മിഷന്‍ നിലപാട്
50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണുന്നത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കും. എണ്ണുന്നതില്‍ കൃത്യമായ ശതമാനം ക്രമപ്പെടുത്തുന്നതില്‍ ശാസ്ത്രീയ യുക്തിയോ സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനമോ ഇല്ല. നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മിഷന്റെ സമവാക്യപ്രകാരം ആകെയുള്ള 10.35 ലക്ഷം വിവിപാറ്റുകളില്‍ 479 എണ്ണം മാത്രം പരിശോധിച്ചാല്‍ തന്നെ 99.99 ശതമാനം പിശകില്ലെന്ന് ഉറപ്പിക്കാം. നിര്‍ദേശിച്ചതിനേക്കാള്‍ എട്ടിരട്ടിസാമ്പിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതിപക്ഷ വാദം
പൊതുസമൂഹത്തിനുമുന്നില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധത ഉറപ്പുവരുത്താനാണ് ശ്രമം.
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ സംവിധാനം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് ഉറപ്പാക്കണം. ഒരു മണ്ഡലത്തില്‍ ഒരു ബൂത്തില്‍ ഒരു ഉദ്യോഗസ്ഥനാണ് വിവിപാറ്റുകള്‍ എണ്ണുന്നത്. ആളുകളുടെ എണ്ണം കൂട്ടിയാല്‍ വേഗം തീര്‍ക്കാം. ഒരു ബൂത്തില്‍ ഒരാള്‍ എന്നത് രണ്ടാക്കിയാല്‍ 50 ശതമാനം വിവിപാറ്റുകള്‍ 2.6 ദിവസം കൊണ്ട് എണ്ണിത്തീര്‍ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."